കൊച്ചി: ഒക്ടോബർ 31-ന് രാത്രി സിനിമാ മേഖലയിലെ ചില പ്രമുഖർ നമ്പർ 18 ഹോട്ടലിൽ തങ്ങിയതായി വിവരങ്ങളുണ്ട്. ഒരു പ്രമുഖ സംവിധായകനും അന്ന് അവിടെയുണ്ടായിരുന്നു. ഇയാൾക്കു മോഡലുകളോടൊപ്പം ഉണ്ടായിരുന്ന ഒരാളുമായി അടുപ്പമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖ സിനിമാ നിർമ്മതാവും പാർട്ടിക്ക് എത്തിയിരുന്നുവെന്നും സൂചനയുണ്ട്.

പ്രമുഖ സംവിധായകൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ചർച്ചയും ഡി.ജെ. പാർട്ടി നടന്ന ദിവസം ഈ ഹോട്ടലിൽ നടന്നിട്ടുണ്ട്. സുഹൃത്ത് വഴി സംവിധായകനെ പരിചയപ്പെടാനാകാം യുവതികൾ ഹോട്ടലിലെത്തിയത്. പാർട്ടിക്കിടെ സിനിമാപ്രവർത്തവർ മുൻ മിസ് കേരള വിജയികളോടു തർക്കത്തിലേർപ്പെട്ടതായാണു കരുതുന്നത്. തുടർന്ന് അൻസി കബീറും അഞ്ജന ഷാജനും അടക്കമുള്ള സംഘം ഹോട്ടലിൽനിന്നു മടങ്ങുകയായിരുന്നു.

ഈ പ്രശ്നം ഒത്തുതീർപ്പാക്കാനാണു ഹോട്ടലുടമയുടെ നിർദേശപ്രകാരം ഔഡി കാറിൽ പിന്തുടർന്നതെന്നാണു സംശയമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ വിശദമായി ചോദ്യംചെയ്താൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണു പൊലീസ് കരുതുന്നത്. രാത്രിതന്നെ വീട്ടിലേക്കു മടങ്ങണമെന്നു പെൺകുട്ടികൾ നിർബന്ധം പിടിച്ചതോടെയാണു സംഘം അർദ്ധരാത്രി തന്നെ തൃശൂരിലേക്കു മടങ്ങിയത്. അബ്ദുൾ റഹ്മാന്റെ നിലപാടാകും ഈ കേസിൽ ഇനി നിർണ്ണായകം. സിസിടിവി ദൃശ്യങ്ങൾ നശിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്.

മിസ് കേരളയും റണ്ണറപ്പും സുഹൃത്തും വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഫോട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ട് അറസ്റ്റിലായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റൽ വിഡിയോ റെക്കോർഡർ (ഡിവിആർ) നശിപ്പിച്ചതിനാണ് അറസ്റ്റ്. ഇയാൾക്കൊപ്പം മെൽവിൻ, വിഷ്ണു, ലിൻസൻ, ഷിജു ലാൽ, അനിൽ എന്നീ അഞ്ച് ഹോട്ടൽ ജീവനക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു.

റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. രണ്ട് ജീവനക്കാരെ ഡിവിആർ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തു.

റോയി പൊലീസിന് കൈമാറിയ ഡിവിആറിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയിയെ ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.