കൊച്ചി: ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽ രാസലഹരിയുടെ മാഫിയ പ്രവർത്തിച്ചിരുന്നതായി സൂചനകൾ. കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെ കരിമ്പട്ടികയിലുള്ള 5 ഹോട്ടലുകളിൽ ഒന്നാണു നമ്പർ 18. ഒക്ടോബർ 28ന് വൻതോതിൽ രാസലഹരി എത്തിയതായി വിവരം കസ്റ്റംസിന് ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

രഹസ്യവിവരത്തെ തുടർന്നു സംയുക്ത റെയ്ഡിനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എൻഫോഴ്‌സ്‌മെന്റും പദ്ധതിയിട്ട ദിവസത്തിന്റെ തലേന്നായിരുന്നു മിസ് കേരള മത്സര വിജയികളായ മോഡലുകൾ പങ്കെടുത്ത പാർട്ടി. ഈ ദിവസങ്ങളിൽ, ഇപ്പോൾ ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചന്റെ തുടർച്ചയായ സാന്നിധ്യം ഹോട്ടലിൽ ഉണ്ടായിരുന്നതായും വിവരമുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. മാസങ്ങൾക്കു മുൻപ് നിശാപാർട്ടിക്കിടയിൽ ഇതേ ഹോട്ടലിൽ കസ്റ്റംസും എക്‌സൈസും പരിശോധന നടത്തിയെങ്കിലും വിവരം ചോർന്നതിനെ തുടർന്നു ലഹരി ഇടപാടുകാർ രക്ഷപ്പെട്ടു.

ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് ഹോട്ടൽ. പല പൊലീസുകാർക്കും ഹോട്ടലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ സൈജു തങ്കച്ചനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സംഭവ ദിവസം രാത്രി മോഡലുകളെ കാറിൽ പിൻതുടർന്ന സൈജുവാണ് അപകടത്തിൽ ഇവർ കൊല്ലപ്പെട്ട വിവരം മിനിറ്റുകൾക്കുള്ളിൽ ഹോട്ടലുടമയെയും ജീവനക്കാരെയും അറിയിച്ചത്. ഇതേ തുടർന്നാണു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് നിർദ്ദേശം നൽകിയത്. അതുകൊണ്ട് തന്നെ പൊലീസിന് മോഡലുകളുടെ മരണത്തിലെ അന്വേഷണത്തിൽ തെളിവൊന്നും കിട്ടുന്നില്ല. ഇത് വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്.

ഇതാണ് സംശയങ്ങൾക്ക് കാരണം. ഭയപ്പെടുത്തുന്ന രീതിയിൽ സൈജുവിന്റെ കാർ പിൻതുടർന്നതാണു വേഗം വർധിപ്പിച്ചു കാർ അപകടത്തിൽപെടാൻ ഇടയാക്കിയതെന്നു പരുക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ അബ്ദുൽ റഹ്മാൻ മൊഴി നൽകിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരിയെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണു സൈജു തങ്കച്ചനെന്നും ആരോപണമുണ്ട്. ഇതിനു തെളിവായി സൈജുവിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതിനിടെ കേസിൽ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട മോഡലുകളുടെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് ഉടൻ പരാതി നൽകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലാണ്. ഹോട്ടൽ 18-ലെ സി.സി.ടി.വി ക്യാമറ ഹാർഡ് ഡിസ്‌ക് നഷ്ടപ്പെട്ടതിനെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് കാറപകടത്തിൽ മരിച്ച അൻസിയുടെ പിതാവ് കബീർ ആവശ്യപ്പെട്ടു. തന്റെ മകൾക്ക് സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്കും സംഭവിക്കരുതെന്നു അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെങ്കിലും അന്വേഷണത്തിന്റെ ഗതി അനുസരിച്ച് തുടർനടപടി തീരുമാനിക്കും. ഔഡി കാർ എന്തിനാണ് പെൺകുട്ടികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നതെന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നമ്പർ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് അപകടത്തിൽ മരിച്ച അൻസിയുടെയും അഞ്ജന ഷാജന്റെയും കുടുംബങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോബി, കാർ പാർക്കിങ് ഏരിയ, മുകളിലത്തെ ബാർ, താഴത്തെ ബാർ, ഡിസ്‌കോ ഫ്ളോർ എന്നിവിടങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങൾ ഹോട്ടലധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്. എന്നാൽ, രാത്രി ഒമ്പതിനു ശേഷമുള്ള ബാറിനകത്തെ ദൃശ്യങ്ങളില്ല. ഇതാണു ഹോട്ടലുടമയെ പ്രതിയാക്കിയത്. ഡിസ്‌കോ ഫ്ളോറിനടുത്ത മുറിയിലിരുന്ന് അൻസി കബീർ പാടിയെന്നു മൊഴിയുണ്ട്. അതിനാൽ, ഈ മുറിയിലെ ദൃശ്യവും പൊലീസ് ചോദിച്ചിരുന്നു. അതിഥികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ, മുറികളിൽ സി.സി. ടി.വികൾ ഇല്ലെന്നു ഹോട്ടൽ അധികൃതർ പറഞ്ഞത്.