കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ ഒളിച്ചു. ഇതോടെ സംഭവത്തിൽ ദുരൂഹത കൂടുകയാണ്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഇത് സംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരനാണ് പൊലീസിന് മൊഴി നൽകിയത്. ഈ അപകടം കൊലപാതകമായിരുന്നോ എന്ന സംശയം പോലും ഉയർത്തുന്ന തരത്തിലേക്കാണ് അന്വേഷണത്തിന്റെ പോക്ക്.

നവംബർ ഒന്നാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി.ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റി. ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡി.വി.ആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് മൊഴി. ഇതിനൊപ്പം മറ്റു ചില നിർണ്ണായക തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മറ്റൊരു കാർ ഇവരെ പിന്തുടർന്നു. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതും ദുരൂഹമാണ്.

അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡി.ജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡിവിആർ മാറ്റം വിവാദമാകുന്നത്. ഡി.ജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്.

അതേ സമയം ഹോട്ടലിന്റെ ബാറിന്റേയും മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാണ്. ഡി.ജെ പാർട്ടിക്ക് ശേഷം ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. രണ്ട് തവണ നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡി.ജെ പാർട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്നാണ് ജീവനക്കാരനെ ചോദ്യം ചെയ്തത്.

അതേസമയം അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അബ്ദുൾ റഹ്മാനെതിരേ മനഃപൂർവമല്ലാത്ത നരഹത്യകേസിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്യുന്നതോടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ. മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ മരിച്ച കേസിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിലിനെ കുറിച്ച് വിശദ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുകയാണ്. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്.

നമ്പർ 18 എന്ന ഹോട്ടലിൽ വർഷങ്ങളായി ഇത്തരം ഡി.ജെ പാർട്ടി സംഘടിപ്പിക്കുന്നത് പതിവാണ്. മുൻപ് ഇവിടെ ആരും കാര്യമായി വന്നിരുന്നില്ല. ഡി.ജെ പാർട്ടി ആരംഭിച്ചതോടെ യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു. ആഴ്ചാ അവസാന ദിവസങ്ങളിലാണ് പാർട്ടികൾ ഇവിടെ സംഘടിപ്പിക്കാറ്. സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിലെ ഗുണ്ടകളാണ് ഇവിടെ സുരക്ഷ ഒരുക്കുന്നത്. ഏതെങ്കിലും തരത്തിൽ പ്രശ്‌നമുണ്ടാക്കുന്നവരെ ഇവർ കൈകാര്യം ചെയ്യാറുമുണ്ട്. ഇക്കാര്യങ്ങൾ ഇരയാകുന്നവർ പുറത്ത് പറയാറുമില്ല. വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ പാർട്ടികളിൽ എത്തുന്നവർ ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സംഘങ്ങൾ തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

പൊലീസ് റെയ്ഡിനെത്തുകയാണെങ്കിൽ ഇവയൊക്കെ മാറ്റാനുള്ള സംവിധാനങ്ങളും റെഡിയാണ്. റെയ്ഡ് വിവരം ചാരന്മാർ ചോർത്തി നൽകുന്നതാണ് പലപ്പോഴും പൊലീസിനും എക്‌സൈസിനും തിരിച്ചടിയാകുന്നത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് ഈ ഹോട്ടലിന്റെ ബാർ ലൈസൻസ് എക്‌സൈസ് റദ്ദാക്കിയിരുന്നു. 28 ന് സമയം കഴിഞ്ഞും മദ്യം വിളമ്പി എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് എക്‌സൈസിന്റെ വിശദീകരണം. മോഡലുകൾ മരണപ്പെട്ട സംഭവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. ഈ അപകടത്തിന്റെ കാരണം ലഹരിയാണ് എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇതിന് തെളിവായി കാറിനുള്ളിൽ നിന്നും ലഭിച്ച മദ്യക്കുപ്പിയുടെ ചിത്രവും മറുനാടൻ പുറത്ത് വിട്ടിരുന്നു. കൂടാതെ ഡി.ജെ പാർട്ടി കഴിഞ്ഞാണ് സംഘം എത്തിയതെന്നും കൃത്യമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഡ്രൈവർ അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നു എന്ന മെഡിക്കൽ റിപ്പോർട്ട് പൊലീസിന് ലഭിക്കുന്നതും ആശുപത്രി മോചിതനായപ്പോൾ അറസ്റ്റ് ചെയ്യുന്നതും. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ഹോട്ടലിൽ പരിശോധന നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്.