കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ മരിച്ച ദിവസം ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽ 5 കോടി രൂപയുടെ രാസ ലഹരിമരുന്നു ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടും ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാത്തത് വിവാദത്തിൽ. വാഹനാപകടത്തിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയും ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയ് ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത് അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണ്.

മോഡലുകളുടെ ആത്മഹത്യാ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോയിയെ ഇൻസ്‌പെക്ടർ എ.അനന്തലാലാണു ചോദ്യം ചെയ്തത്. രാസലഹരിക്ക് പുതിയ കേസ് ഹോട്ടലിന്റെ പേരിൽ രജിസ്റ്റർ ചെയ്താൽ ആ കേസിൽ പ്രതിയാക്കി റോയിയെ അറസ്റ്റു ചെയ്യാം. ഇതിന് പൊലീസ് മുതിരുന്നില്ല. പകരം പഴയ കേസിന്റെ ഭാഗമായി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. നേരത്തെ രാസലഹരിയുടെ മാഫിയാ തലവനായ സൈജു തങ്കച്ചനേയും പൊലീസ് അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്തു. അന്ന് സൈജു ഒന്നും പറഞ്ഞില്ല. എന്നാൽ അറസ്റ്റിന് ശേഷം എല്ലാം മണിമണി പോലെ പറയുകയും ചെയ്തു.

റോയ് വയലാട്ടിന്റെ കാര്യത്തിലും ഇത് വേണമെന്നാണ് ആവശ്യം. സൈജുവിന്റെ മൊബൈലിൽ നിന്നും റോയ് വയലാട്ടിന്റെ മയക്കു മരുന്ന് ബന്ധത്തിന് തെളിവ് കിട്ടുകയും ചെയ്തു. എന്നിട്ടും വേണ്ട നടപടി പൊലീസ് എടുക്കുന്നില്ല. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാർട്ടികൾ സംഘടിപ്പിക്കാനാണു ലഹരിമരുന്നു ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി ലഹരി ഇടപാടുകൾ നടത്തുന്ന ബെംഗളൂരു സംഘമാണു ഒക്ടോബർ അവസാനം ലഹരിമരുന്നു കൊച്ചിയിലെത്തിച്ചത്.

ഹോട്ടലിലെ സ്ഥിരം സന്ദർശകനായ സൈജു തന്നെയാകാം മറ്റുള്ളവർക്കു സംശയമുണ്ടാകാത്ത വിധം ഹോട്ടലിലേക്കു ലഹരിമരുന്ന് എത്തിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സൈജുവിന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതോടെ മോഡലുകൾ മരിച്ച കേസ് ലഹരിമരുന്നു വിരുദ്ധ കുറ്റാന്വേഷണമായി മാറിയിരിക്കുകയാണ്. പക്ഷേ ഹോട്ടലുടമയ്‌ക്കെതിരെ ഇനിയും മയക്കുമരുന്ന് കുറ്റങ്ങൾ ഔദ്യോഗികമായി ചുമത്തിയിട്ടില്ല.

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് അന്വേഷണസംഘം പുതിയ തലത്തിലേക്ക് എത്തുകയാണ്. അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരി ഉപയോഗിച്ചതിനടക്കം തെളിവുകൾ കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധനയും നടത്തുന്നത്. ഇതിനായി സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറൻസിക് ലാബിലേക്ക് അയച്ചു.കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകും. ഈ പരിശോധന റോയ് വയലാട്ടിലും നടത്തണമെന്ന ആവശ്യം ശക്തമാണ്.

സൈജുവിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് റോയിയെ വീണ്ടും ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം നമ്പർ 18 ഹോട്ടലിൽ വീണ്ടും റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 27, ഡിസംബർ 27, ഈവർഷം ഒക്ടോബർ 9 തീയതികളിൽ നമ്പർ 18 ഹോട്ടലിൽനിന്ന് പകർത്തിയ വീഡിയോകളാണ് സൈജു തങ്കച്ചന്റെ ഫോണിൽനിന്ന് ലഭിച്ചത്. ഇവിടെ മയക്കുമരുന്നിന്റെ ഉപയോഗം നടന്നതായി സൈജുവിന്റെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട്‌കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടത്തിയത്. തൃക്കാക്കര ഒയോ റൂം, മരടിലെ ഹോംസ്റ്റേ, പനങ്ങാട് റിസോർട്ട്, ചിലവന്നൂർ, കാക്കനാട്, എടത്തല എന്നിവിടങ്ങളിലെ ഫ്ളാറ്റുകൾ എന്നിവിടങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

വൈറ്റില ബൈപ്പാസിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിലെ പ്രതിയും കൊച്ചിയിൽ മയക്കുമരുന്ന് പാർട്ടികളുടെ സംഘാടകനുമായ സൈജു തങ്കച്ചൻ മയക്കുമരുന്ന് മാഫിയയിലെ കണ്ണി മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ നിയന്ത്രിക്കുന്ന മാഫിയയിലെ മറ്റുള്ളവരെക്കുറിച്ചും സംഘത്തലവനെക്കുറിച്ചും പൊലീസ് കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം. ലഹരിപ്പാർട്ടികളിൽ പങ്കെടുത്തവരുടെ പേരും ഫോൺ നമ്പറും ദൃശ്യങ്ങളും സൈജു കൈമാറിയിരുന്നു. ഇതെല്ലാം നടത്തിയത് തനിയെ ആണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇയാൾ ആരെയോ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് ആദ്യം മുതലേ സംശയമുണ്ട്.

സിന്തറ്റിക് മയക്കുമരുന്ന് ഇടപാട് ഒരാൾക്ക് ഒറ്റയ്ക്ക് നടത്താനാകില്ല. വിവിധ മയക്കുമരുന്ന് വസ്തുക്കൾ സൈജു പാർട്ടികളിൽ എത്തിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാലും ഇവർ സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ പറയാറില്ല. അതുകൊണ്ടുതന്നെ, സൈജുവിന്റെ ഫോൺവിളി രേഖകൾ അടക്കം പരിശോധിച്ച് മാഫിയാ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തേണ്ടിവരും. സൈജു ചില സമയങ്ങളിലെല്ലാം മയക്കുമരുന്ന് വാഹകനായും പ്രവർത്തിച്ചിട്ടുണ്ട്. ഗോവ, ബെംഗളൂരു യാത്രകൾ പാർട്ടികളിൽ പങ്കെടുക്കാൻ വേണ്ടി മാത്രമായിരുന്നില്ല, അവിടെനിന്ന് ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ടിരുന്നതായും സംശയിക്കുന്നുണ്ട്. ഇതെല്ലാം അറിയാവുന്ന പൊലീസ് ആ തരത്തിലേക്ക് അന്വേഷണം കൊണ്ടു പോകുന്നില്ലെന്നതാണ് വസ്തുത.