- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി നമ്പർ 18 ഹോട്ടലിൽ എത്തിച്ചത് സൈജുവിന്റെ കാറിൽ; മദ്യം നൽകിയപ്പോൾ കഴിച്ചില്ല; പുറത്തിറങ്ങാൻ നോക്കിയപ്പോൾ തടഞ്ഞു; മുകളിലെ മുറിയിൽ റോയി വയലാറ്റ് ചിലരോട് മോശമായി പെരുമാറുന്നത് കണ്ടു; ഹോട്ടലിലേക്ക് പെൺകുട്ടികളെ കൊണ്ടുവരുന്നത് റോയിയുടെ കൂട്ടാളി അഞ്ജലി; കുടുക്കുന്നത് ബിസിനസ് മീറ്റെന്ന വ്യാജേന; സംഭവം മോഡലുകൾ മരിച്ചതിന് ഏഴുനാൾ മുമ്പ്; പുതിയ വെളിപ്പെടുത്തലുകൾ
കൊച്ചി: മുൻ മിസ്‌കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോർട്ടു കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്സോ കേസ് എടുത്തിരിക്കുകയാണ്. ഹോട്ടലിൽ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നും പരാതിയിൽ ഉണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഫോർട്ട് കൊച്ചി പൊലീസിൽ ലഭിച്ച പരാതിയിലാണ് കേസ്. ഈ സംഭവത്തിൽ, ഇരയെ കൊച്ചിയിലെത്തിച്ചത് സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലെന്നു പരാതിക്കാരി വെളിപ്പെടുത്തി. കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന ഇവർ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുൾപ്പടെ അഞ്ചിലേറെ പെൺകുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നും ഇവർ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറിൽ രാത്രി നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു. ഇതിൽ പലരും ഇപ്പോൾ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകിയതായും ഇവർ പറയുന്നു.
അൻസി കബീറും അഞ്ജന ഷാജനും സൈജു കാറിൽ പിന്തുടർന്നതിനെ തുടർന്ന് അപകടത്തിൽ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവരെ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി പറഞ്ഞു. തലനാരിഴയ്ക്കാണ് നമ്പർ 18 ഹോട്ടലിൽ നിന്നു രക്ഷപ്പെട്ടത്. നിരവധി പെൺകുട്ടികളെ ജോലിക്കെന്ന പേരിൽ കൂടെ നിർത്തി ലഹരി നൽകി ദുരുപയോഗം ചെയ്തിട്ടുണ്ട്.
രണ്ടര മാസത്തെ പരിചയമാണ് ഇവരുമായുള്ളത്. ഇവരുടെ സ്ഥാപനത്തിൽ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം. അവിടെ ജോലിക്കെത്തുന്നതിന് ഒന്നര മാസം മുമ്പ് ഒരു പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയ വിവരം അറിയുന്നതു പിന്നീടാണ്. സ്വയംസംരംഭക എന്നു വിശേഷിപ്പിച്ച് മാധ്യമങ്ങളിൽ വൻ പരസ്യം നൽകിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.
22 വയസൊക്കെ മാത്രം പ്രായമുള്ള യുവതികളെയാണ് ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. നമ്പർ 18 ഹോട്ടലിൽ എത്തി കഴിക്കാൻ മദ്യം നൽകിയപ്പോൾ കൂട്ടാക്കിയില്ല. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ തടഞ്ഞു മുകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്നവരോടു റോയി ലൈംഗികമായി പെരുമാറുന്നതാണ് കണ്ടത്. റോയി വന്ന് അവിടെ താമസിപ്പിക്കാൻ ശ്രമം നടത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ഒരാളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു. അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ വേറെ ഹോട്ടലിൽ താമസിപ്പിച്ച് കുരുക്കിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോർട്ടു കൊച്ചി സ്റ്റേഷനിൽ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു. അഞ്ജലിക്കൊപ്പം ജോലി ചെയ്യുമ്പോൾ ഇവർ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്. അമ്മ മരിച്ചത് ബിപി കുറഞ്ഞാണ്, തനിക്കും ബിപി കുറവാണ് എന്നാണ് പറഞ്ഞിരുന്നത്.
പരാതിയുമായി ചെന്നപ്പോൾ എക്‌സൈസുകാർ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്. ഇവർ നാർകോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു തന്നെ ചോദിച്ചിരുന്നു. അത് സമ്മതിക്കുകയും ചെയ്തു. ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു. അതേസമയം, അഞ്ജലി വടക്കുപുരയ്ക്കൽ എന്ന പേര് താൻ അഞ്ജലി റീമ ദേവ് എന്നാക്കി മാറ്റി എന്ന് ജനുവരി 23 ലെ പോസ്റ്റിൽ അവർ പറയുന്നുണ്ട്
റോയ്‌ക്കെതിരെ പോക്‌സോ കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഫോർട്ട് കൊച്ചി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഹോട്ടലിൽ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.കോഴിക്കോട് സ്വദേശികളായ അമ്മയുടേയും മകളുടേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാൽ ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടും എന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത ഫോർട്ടു കൊച്ചി പൊലീസ് തുടർ അന്വേഷണം നിലവിൽ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു കൈമാറിയിട്ടുണ്ട്.
റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ആരോപണം. കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തിൽ റോയ് വയലാറ്റ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വാഹനാപകടം നടന്ന ദിവസം മോഡലുകൾ എത്തിയ നമ്പർ 18 ഹോട്ടലിലെ സിസിടിവി ക്യാമറ ഹാർഡ് ഡിസ്‌കുകൾ നശിപ്പിച്ചതിനാണ് അറസ്റ്റ്.
ഹോട്ടലിലെ ഡിജെ പാർട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാർഡ് ഡിസ്‌കിൽ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നൽകിയത്. ഇതിൽ വേണ്ടത്ര ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഹാർഡ് ഡിസ്‌ക്കിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ