ന്യൂഡൽഹി: ഇന്ത്യയിലെ യഹൂദമത വിശ്വാസികൾക്ക് ന്യൂനപക്ഷ സമുദായത്തിന്റെ പരിഗണന നൽകുനന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. ഇന്ത്യയിൽ 5000 യഹൂദന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. യഹൂദമതസ്ഥരെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായങ്ങൾ ആരായുന്നതിന് വിവിധ ഏജൻസികൾക്ക് ന്യൂനപക്ഷ മന്ത്രാലയം കത്തയച്ചു.

യഹൂദന്മാർക്ക് ന്യൂനപക്ഷ പദവി നൽകുന്നത് സംബന്ധിച്ച നിർദ്ദേശം പരിഗണനയിലുണ്ടെന്ന് ന്യൂനപക്ഷ മന്ത്രി നജ്മ ഹെപ്തുള്ളയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് യഹൂദ പ്രതിനിധി സംഘം മന്ത്രിയെക്കണ്ട് ഇത്തരമൊരു അപേക്ഷ നൽകിയത്. യഹൂദമതസ്ഥരുടെ ജനസംഖ്യ പരിശോധിച്ചശേഷമാണ് മന്ത്രാലയം അതിനുള്ള തുടർനടപടികൾ ആരംഭിച്ചത്.

ന്യൂനപക്ഷ പദവി ലഭിക്കുന്നത് ഏതുവിഭാഗത്തിനായാലും വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ ഈ ആവശ്യം ഇത്തരം ചെറുകിട വിഭാഗങ്ങൾക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്. ഇന്ത്യയ്ക്ക് ഇത്തരം മൈക്രോ ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാനാകുമെന്ന് അടുത്തിടെ സൂഫി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

മോദിയുടെ പ്രഖ്യാപനം യഹൂദരുൾപ്പെടെ ചെറുകിട വിഭാഗങ്ങളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും പരിഗണനയ്ക്കുശേഷം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ വരുമ്പോൾ അത് പ്രതിഫലിക്കുമെന്നും യഹൂദ വിശ്വാസികൾ കരുതുന്നു.