മാഡ്രിഡ്: മികച്ച അവസരം തേടി അന്യദേശത്തേക്ക് കുടിയേറുന്ന സ്‌പെയിൻകാരുടെ എണ്ണം അടിക്കടി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരികയാണെങ്കിലും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015 ആദ്യ പകുതിയിൽ വിദേശത്തേക്ക് കുടിയേറിയ സ്‌പെയിൻകാരുടെ എണ്ണം ഇതേ കാലയളവിൽ മുൻ വർഷമുണ്ടായിരുന്നതിനേക്കാൾ 30 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സ്‌പെയിനിൽ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതിൽ പിന്നെയുള്ള ഏറ്റവും കൂടുതൽ കുടിയിറക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരിക്കും ജൂണിനും മധ്യേ 50,844 സ്‌പെയിൻകാർ രാജ്യം വിട്ടെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻസ്റ്റിറ്റിയൂട്ട് കണക്കു വ്യക്തമാക്കുന്നത്. രാജ്യം വിടുന്ന സ്‌പെയിൻകാരുടെ എണ്ണം 2013-ൽ മൊത്തം 73,329ഉം 2014-ൽ 80,440 ആയിരുന്നത് 2015-ൽ കവച്ചു വയ്ക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2008-ലാണ് സ്‌പെയിനിലും സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് ഇതുവരെ 424,004 സ്‌പെയിൻകാർ അവസരം തേടി അന്യരാജ്യത്തേക്ക് ചേക്കേറിയെന്നാണ് പറയുന്നത്. എന്നാൽ യഥാർഥ കണക്കുകൾ ഇതിൽ നിന്നും ഏറെ കൂടുതലാണെന്നുമാണ് പറയപ്പെടുന്നത്. മെച്ചപ്പെട്ട തൊഴിലവസരം തേടി ഏറ്റവും കൂടുതൽ പോകുന്നത് യുകെയിലേക്കാണ്. യുകെയ്ക്ക് പിന്നിൽ ഫ്രാൻസ്, ജർമനി, യുഎസ്എ എന്നീ രാജ്യങ്ങളാണ്.