ബർലിൻ: ജർമനി മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറുന്നതായി റിപ്പോർട്ട്. തുടർച്ചയായി എട്ടാം വർഷവും രാജ്യത്ത് മോഷണം വർധിച്ചുവരുന്നതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോൾ രാജ്യത്തെ മോഷണനിരക്ക് പതിനാറു വർഷത്തിലെ ഏറ്റവും ഉയർന്ന തോതിലാണെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യവ്യാപകമായി മോഷണവും ഭവനഭേദനവും രണ്ടു ശതമാനം എന്ന തോതിലാണ് ഉയർന്നതെന്നാണ് പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. എട്ടു വർഷം തുടർച്ചയായി ജർമനിയിലെ മോഷണ തോത് വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം രാജ്യത്ത് 152,000 മോഷണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇത് പതിനാറു വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ്.

ജർമനിയിലെ 16 ഫെഡറൽ സംസ്ഥാനങ്ങളിൽ പത്ത് എണ്ണത്തിലും മുൻ വർഷത്തെക്കാൾ മോഷണം 2014-ൽ വർധിച്ചിട്ടുണ്ട്. മോഷണപരമ്പര ഏറ്റവും കൂടുതൽ അരങ്ങേറിയിട്ടുള്ളത് ബാവറിയയിലാണ്. ഇവിടെ കുറ്റകൃത്യങ്ങളുടെ തോതും 30 ശതമാനം വർധിച്ചിട്ടുണ്ട്. ബേദൻ-വുർട്ടംബർഗിലും സാർലാൻഡിലും ഭവനഭേദനം 20 ശതമാനം എന്ന തോതിലാണ് വർധിച്ചിട്ടുള്ളത്. എന്നാൽ ഭവനഭേദന ശ്രമങ്ങളിൽ 40 ശതമാനത്തോളം പരാജയപ്പെടുന്നുവെന്നാണ് ആശ്വാസകരമായ മറ്റൊരു വസ്തുതയെന്ന് ഇന്റീരിയർ മിനിസ്റ്റർ തോമസ് ഡേ മെയ്‌സീയർ വ്യക്തമാക്കുന്നു.

മോഷണം തടയുന്ന സംവിധാനങ്ങൾ കൊണ്ടുവരുന്നതിനും സ്ഥാപിക്കുന്നതിനും നികുതിയിളവ് അനുവദിക്കുന്ന കാര്യം പരിഗണിമെന്നു വരെ മന്ത്രി പറഞ്ഞിട്ടുണ്ട്. രാജ്യം മോഷ്ടാക്കളെ കൊണ്ടു നിറയുന്നതിനെക്കാൾ ഭേദം ഇത്തരം സംവിധാനങ്ങൾ പ്രാവർത്തികമാക്കുന്നതിന് സഹായം ചെയ്തുകൊടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി ഭവനഭേദന ശ്രമങ്ങളിൽ രണ്ടു ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നതെങ്കിലും ആറു സംസ്ഥാനങ്ങളിൽ ഈ പ്രവണത കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ- എഡിറ്റർ