ജിദ്ദ: സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയിൽ ഇതുവരെ ഇന്ത്യൻ കോൺസുലേറ്റിന്റെ ജിദ്ദ ഓഫീസിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് നേടിയത് 6800 പേർ മാത്രമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷേക്ക്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ ശിക്ഷ കൂടാതെ നാട്ടിലേക്ക് അയയ്ക്കുന്ന പൊതുമാപ്പിൽ നാട്ടിലേക്ക് കടക്കാൻ താത്പര്യം കാട്ടിയവരുടെ എണ്ണമാണ് ഇന്ത്യൻ കോൺസുൽ ജനറൽ വെളിപ്പെടുത്തിയത്.

റിയാദ് ഓഫീസിൽ നിന്നും ഈസ്റ്റേൺ റീജിയനിൽ നിന്നുമായി 24,000 പേർ ഇതുവരെ എമർജൻസി സർട്ടിഫിക്കറ്റ് നേടി. സൗദിയിൽ മുപ്പതുലക്ഷത്തോളം ഇന്ത്യൻ പ്രവാസികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതുമായി താരതമ്യം ചെയ്യുമ്പോൾ ജിദ്ദയിൽ തന്നെ 6800 പേർ അനധികൃതമായി തങ്ങിയതിന്റെ പേരിൽ എമർജൻസി സർട്ടിഫിക്കറ്റ് നേടിയത് വലിയ കാര്യം തന്നെയാണ്.

ദിവസേന ശരാശരി പത്തു പേർ എന്ന തോതിലാണ് കോൺസുലേറ്റിൽ എമർജൻസി സർട്ടിഫിക്കറ്റ് നേടാൻ എത്തുന്നത്. സൗദിയിലുള്ള പ്രവാസികളിൽ മൂന്നിലൊന്ന് ഇന്ത്യക്കാരാണ് എന്നും അനധികൃതമായി സൗദിയിൽ തങ്ങുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം കുറയുന്നുണ്ടെന്നും ഷേക്ക് വെളിപ്പെടുത്തി.

അനധികൃതമായി തങ്ങുന്ന ആൾക്കാർ എമർജൻസി സർട്ടിഫിക്കറ്റ് നേടി നാട്ടിലേക്ക് മടങ്ങണമെന്നും ഷേക്ക് ആവർത്തിച്ചു. നിയമപരമായി തന്നെ സൗദിയിൽ തങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ മനോഭാവത്തെ ഷേക്ക് അഭിനന്ദിക്കുകയും ചെയ്തു. മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് കാലാവധി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ജൂൺ 25 വരെ ഒരു മാസത്തേക്കു കൂടി കാലാവധി നീട്ടുകയായിരുന്നു.