ഡബ്ലിൻ: ആശുപത്രികളിലെ എമർജൻസി വിഭാഗത്തിൽ ട്രോളിയിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം റെക്കോർഡ് നിലയിലെത്തി. പുതുവർഷത്തിൽ തന്നെ 563 രോഗികളാണ് ഹോസ്പിറ്റൽ ബെഡിനായി ട്രോളിയിൽ കാത്തിരിപ്പ് തുടരുന്നത്. ട്രോളിയിലുള്ള രോഗികളുടെ എണ്ണം ദിവസേനവർധിക്കുന്നത് എച്ച്എസ്ഇയ്ക്ക് തലവേദനയായി തീർന്നിരിക്കുന്ന അവസ്ഥയിൽ അക്യൂട്ട് ഹോസ്പിറ്റലുകളുടെ ചാർജുള്ള ഡയറക്ടർ ഡോ. ടോണി ഒകോണലിന്റെ രാജിയും എച്ച്എസ്ഇയ്ക്ക് തിരിച്ചടിയായി.

പുതുവർഷത്തിലെ ആദ്യ പ്രവർത്തി ദിനം തന്നെ ട്രോളിയിലുള്ള രോഗികളുടെ എണ്ണം റെക്കോർഡ് നിലയിലെത്തിയതിനു പിന്നാലെയാണ് ഡോ. ടോണിയുടെ രാജിയും ഉണ്ടായത്. സ്വദേശത്തേക്ക് തിരിച്ചു പോകുന്നതിനാണ് ഡോ. ടോണി തൽസ്ഥാനം രാജി വച്ചത്.
ട്രോളിയിലുള്ള രോഗികളുടെ എണ്ണം 569-ൽ കൂടാൻ സർക്കാർ സാഹചര്യം സൃഷ്ടിക്കില്ല എന്ന വാഗ്ദാനത്തിന് കടകവിരുദ്ധമായാണ് ഇപ്പോൾ ട്രോളി രോഗികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഉടൻ തന്നെ സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെങ്കിൽ സർക്കാർ വാഗ്ദാനത്തിന് പുല്ലുവിലയായിരിക്കും പൊതുജനങ്ങൾ കല്പിക്കുക. 569 എന്നുള്ളത് വളരെ അപകടകരമായ നിലയാണെന്നും ട്രോളി രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് 25 മില്യൺ യൂറോ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ വ്യക്തമാക്കിയിരുന്നത്. 569 എന്ന നമ്പർ അതിരുകടക്കുകയാണെങ്കിൽ കൂടുതൽ കമ്യൂണിറ്റി ബെഡ്ഡുകളും എക്‌സ്ട്രാ നഴ്‌സിങ് ഹോമുകളും അനുവദിക്കുമെന്നും വരാദ്ക്കർ പറഞ്ഞിരുന്നു.

അമ്പതു ട്രോളി രോഗികളുമായി ഡ്രോഗീഡ ഔവർ ലേഡി ഓഫ് ലൂർദ്‌സ് ആണ് മുമ്പിൽ നിൽക്കുന്നത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ട്രോളി രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സ്ഥിതിക്ക് കഴിവതും ആൾക്കാർ എമർജൻസി ഡിപ്പാർട്ട്‌മെന്റ് സന്ദർശിക്കുന്നത് നിയന്ത്രിക്കണം എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റിയിൽ 41 രോഗികളും കിൽകെന്നി സെന്റ് ലൂക്കിൽ 39 രോഗികളും മയോ ജനറലിൽ 34 പേരും മുള്ളിങ്നർ മിഡ്‌ലാൻഡ് റീജണലിൽ 33 പേരുമാണ് ട്രോളിയിൽ കഴിയുന്നത്. നാസ് ജനറൽ-33, നാവൻ ഔവർ ലേഡി- 29, കോർക്ക് യൂണിവേഴ്‌സിറ്റി- 28, ലെറ്റർകെന്നി ജനറൽ- 27, മാറ്റർ മിസെരികോർഡേ യൂണിവേഴ്‌സിറ്റി-26, താലാ- 25, ലീമെറിക് യൂണിവേഴ്‌സിറ്റി- 25, ബ്ലാഞ്ചാർഡ്‌സ്ടൗൺ കോണോലി- 24, ടുള്ളമോർ മിഡ്‌ലാൻഡ് റീജണൽ- 24, ബോമോണ്ട്- 21, പോർട്ട്‌ലോയ്‌സ് മിഡ്‌ലാൻഡ് റീജണൽ- 16, സ്ലൈഗോ റീജണൽ- 16 എന്നിങ്ങനെയാണ് ട്രോളി രോഗികളുടെ കണക്ക്.