തിരുവനന്തപുരം: ഫാസിലിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 25 വർഷം പിന്നിടുകയാണ്.ഈ അവസരത്തിൽ ചിത്രത്തിൽ മമ്മുട്ടിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൽ ബാലതാരമായി വേഷമിട്ട ശരത് പ്രകാശ്.രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് നമ്പർ 1 സ്നേഹതീരത്തിൽ അഭിനയിക്കാൻ ശരതിന് അവസരം ലഭിക്കുന്നത്.

മമ്മൂട്ടി, പ്രിയരാമൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് അമ്മാവനെ സ്വന്തം അച്ഛനായി കരുതി ജീവിക്കുന്ന സുധി, അനു എന്നീ കുട്ടികളുടെ കഥകൂടി അവതരിപ്പിക്കുന്നു. സിനിമയുടെപ്രധാന ആകർഷണങ്ങളിലൊന്ന് സുധിയെയും അനുവിനെയും അവതരിപ്പിച്ച ബാലതാരങ്ങളുടെ പ്രകടനമാണ്. ശരത് പ്രകാശ്, ലക്ഷ്മി മരയ്ക്കാർ എന്നിവരാണ് ചിത്രത്തിൽ സുധിയെയും അനുവിനെയും അവതരിപ്പിച്ചത്.

ഞാൻ ആദ്യമായാണ് അന്ന് അഭിനയിക്കുന്നത്.എനിക്കൊന്നും യാതൊരു തരത്തിലുമുള്ള ടെൻഷനും ഉണ്ടായിരുന്നില്ല. ഒരു വെക്കേഷൻ ആഘോഷിക്കുന്ന ലാഘവത്തോടെയാണ് ഞാൻ അഭിയനിക്കാൻ ചെന്നത്. സെറ്റിലാണെങ്കിൽ എപ്പോഴും തമാശയും കളിയും ചിരിയുമായിരുന്നു. സത്യൻ അന്തിക്കാട് സാറും ഫാസിൽ സാറും ഞങ്ങൾ ഓടിനടക്കുമ്പോൾ ഇടയ്ക്ക് പിടിച്ചു വയ്ക്കുമായിരുന്നുവെന്ന് ശരത് ഓർക്കുന്നു. മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ കുറച്ച് ടെൻഷനുണ്ടായിരുന്നു. കാരണം വലിയനടനാണ്, ഒരുപാട് സിനിമകളിൽ നേരത്തേ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യമൊക്കെ അങ്ങോട്ടുപോയി മിണ്ടാൻ എന്തോ ഒരു പേടിയായിരുന്നുവെന്നും ശരത് പറയുന്നു.

മേലേ മേലേ മാനം എന്ന പാട്ട് ചിത്രീകരിക്കുമ്പോൾ മറക്കാനാകാത്ത അനുഭവമുണ്ടായി. ഞാൻ മമ്മൂക്കയ്ക്കൊപ്പം കിടന്നുറങ്ങുന്ന ഷോട്ട് എടുക്കുമ്പോൾ മമ്മൂക്ക ചോദിച്ചു, മോൻ എങ്ങനെയാണ് അച്ഛനൊപ്പം കിടന്നുറങ്ങാറുള്ളതെന്ന്. ഞാൻ പറഞ്ഞു, അച്ഛനൊപ്പം കിടക്കുമ്പോൾ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവയ്ക്കുമെന്ന്. അപ്പോൾ മമ്മൂക്ക പറഞ്ഞു, 'നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കൾക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല'. മമ്മൂക്ക എല്ലായ്‌പ്പോഴും ഷൂട്ടിങ് തിരക്കിൽ അല്ലെ. അതുകൊണ്ട് കുടുംബത്തോടൊപ്പം എപ്പോഴും സമയം ചെലവഴിക്കാൻ കഴിയുന്നുണ്ടാകില്ല. അതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ വലുതായതിന് ശേഷവും മമ്മൂക്കയെ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ തിരിച്ചറിയുകയും അടുത്ത് വിളിച്ച് സംസാരിക്കുകയും വീട്ടിലെ കാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു.

രണ്ടുമൂന്നു ചിത്രത്തോടെ പഠനത്തിന് പ്രാധാന്യം നൽകി അഭിനയം വിട്ട ശരത് കോളേജിലെത്തിയതോടെയാണ് വീണ്ടും ഇ രംഗത്തെത്തുന്നത്. എന്നാൽ അഭിനേതാവായിട്ടല്ല ശരത് ശോഭിക്കുന്നത്. പരസ്യമേഖലയിലാണ് ഇപ്പോൾ ശരത് ജോലി ചെയ്യുന്നത്. ഫ്രീലാൻസായും പരസ്യത്തിന് സ്‌ക്രിപ്റ്റ് ചെയ്യുന്നുണ്ട്. നീരജ് മാധവ്, മോഹൻലാൽ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ തുടങ്ങിയവർ അഭിനയിച്ച പരസ്യങ്ങൾക്ക് സക്രിപ്റ്റ് ചെയ്തിരുന്നുവെന്നും ശരത് പറയുന്നു.