മാനിൽ നമ്പർ പ്ലേറ്റിന്റെ നിരക്ക് വർധിപ്പിച്ചു. ഗതാഗത നിയമ വ്യവസ്ഥകൾ പരിഷ്‌കരിച്ചതോടെയാണ് നിരക്കുകൾ വർധിപ്പിക്കുവാൻ തീരുമാനിച്ചത്. റോയൽ ഡിക്രി 28/93 പ്രകാരമുള്ള ഗതാഗത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധനക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയത്.

വർധിപ്പിച്ച നിരക്കനുസരിച്ച് ഇനി മുതൽ നീളം കൂടിയ നമ്പർ പ്ലേറ്റിന് (520 എം.എം ഃ110എം.എം) 10 റിയാലാണ് നൽകേണ്ടി വരിക. മുൻപ് 5.5 റിയാലാണ് ഈടാക്കിയിരുന്നത്. മറ്റു നമ്പർ പ്ലേറ്റുകളുടെ നിരക്ക് 4.5 റിയാലിൽ നിന്നും 8 റിയാലായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എണ്ണ വിലയിടിവിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ഫീസുകൾ വർധിപ്പിച്ച് അധിക വിഭവസമാഹരണം നടത്താൻ ധനകാര്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഈ നിരക്കു വർധന ഉണ്ടായത്. വാഹന രജിസ്ട്രേഷൻ, പുതുക്കൽ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയവയിലെ വിവിധ മേഖലകളിലാണ് ഇതിനോടകം ഫീസ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.