റോം: ദ വോയ്‌സ് ഇറ്റലി കിരീടം നേടിയതിലൂടെ ലോകശ്രദ്ധ നേടിയ ഇറ്റലിയിലെ സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം അടുത്ത മാസം പുറത്തിറങ്ങും. സിസ്റ്റർ ക്രിസ്റ്റീന ആൽബം ഇറക്കുന്നുവെന്ന് നേരത്തെ വാർത്ത പുറത്തിറങ്ങിയിരുന്നുവെങ്കിലും വിശദാംശങ്ങളൊന്നും വെളിവാക്കിയിരുന്നില്ല. പ്രശസ്ത പോപ്പ് ഗായിക മഡോണയുടെ ലൈക്ക് എ വെർജിൻ എന്ന പ്രശസ്തമായ ഗാനമാണ് സിസ്റ്റർ ക്രിസ്റ്റീന പുനരാവിഷ്‌ക്കരണം ചെയ്തിരിക്കുന്നത്. 

എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ടാണ് സിസ്റ്റർ ക്രിസ്റ്റീന തന്റെ കന്നി ആൽബത്തിന് മഡോണയുടെ ലൈക്ക് എ വെർജിൻ എന്ന ഗാനം തെരഞ്ഞെടുത്തിരിക്കുന്നത്. 1984-ൽ ഏറെ ശ്രദ്ധനേടിയ ഗാനമായിരുന്നു ലൈക്ക് എ വെർജിൻ. എന്നാൽ മഡോണയിൽ നിന്നു ഏറെ വ്യത്യസ്തമായി  ആധ്യാത്മിക പരിവേഷം നൽകിയാണ് സിസ്റ്റർ ക്രിസ്റ്റീന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വെനീസ് സിറ്റിയുടെ തെരുവുകളിലൂടെ നടന്നാണ് മഡോണ ഗാനമാലപിച്ചിരിക്കുന്നത്. ഇടയ്ക്ക് വെള്ള വിവാഹവസ്ത്രത്തിൽ മഡോണ പ്രത്യക്ഷപ്പെടുന്നുമുണ്ട്. കൂടെ സിംഹത്തിന്റെ വേഷത്തിൽ ഒരു പുരുഷനും ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്.

സിസ്റ്റർ ക്രിസ്റ്റീനയും ഗാനം ചിത്രീകരിച്ചിരിക്കുന്നതും വെനീസ് നഗരത്തിൽ തന്നെയാണ്. എന്നാൽ സാധാരണ പോപ്പ് സംഗീതത്തിൽ നിന്ന് വ്യത്യസ്തമായി മതപരിവേഷം നൽകിയാണ് സിസ്റ്റർ ക്രിസ്റ്റീനയുടെ ആൽബം പുറത്തിറങ്ങുന്നത്. ആൽബത്തിലേക്ക് മഡോണയുടെ ഗാനം തെരഞ്ഞെടുത്തത് സ്വന്തം ഇഷ്ടപ്രാകരമാണെന്നും ഇതുസംബന്ധിച്ച് ഒരു തരത്തിലുള്ള വിവാദങ്ങളും ഉയരാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും സിസ്റ്റർ ക്രിസ്റ്റീന വ്യക്തമാക്കി. ഈ ഗാനത്തിലൂടെ സ്‌നേഹത്തിന്റെ സന്ദേശം നൽകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ടു തന്നെ വെറുമൊരു പോപ്പ് ഗാനമെന്ന നിലയിലല്ല ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും സിസ്റ്റർ ക്രിസ്റ്റീന വെളിപ്പെടുത്തി.

ലൈക്ക് എ വെർജിൻ ആൽബത്തിന്റെ കവർ ഗാനമാണെങ്കിലും പത്തു പ്രശസ്ത പോപ്പ് ഗാനങ്ങൾ ഉൾപ്പെടുത്തിയാണ് സിസ്റ്റർ ക്രിസ്റ്റീനയുടെ കന്നി ആൽബം തയാറാക്കിയിരിക്കുന്നത്. റിയാലിറ്റി ഷോ വിജയിയായ സിസ്റ്ററിന്റെ ഗാനങ്ങൾ യൂ ട്യൂബിൽ 100 മില്യൺ ആൾക്കാരാണ് ശ്രവിച്ചത്.