തൃപ്പൂണിത്തുറ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും, തെളിവുകളില്ല എന്ന് കാട്ടി ബിഷപ്പിനെ രക്ഷിക്കാനാണോ പൊലീസിന്റെ ശ്രമമെന്ന ആശങ്ക അകലുന്നില്ല. പീഡനത്തിന് ഇരയായ കന്യാസ്ത്രീയും ബന്ധുക്കളും പങ്കുവയ്ക്കുന്നത് ഈ ആശങ്ക തന്നെയാണ്. വ്യക്തമായ തെളിവുകൾ ബിഷപ്പിനെതിരെ കൊടുത്തിട്ടും ഫലമില്ലാതെ വരുമോയെന്നാണ് സമരം ചെയ്യുന്നവരുടെയും ഭീതി. താൻ നിരപരാധിയാണെന്നാണ് ചോദ്യം ചെയ്യലിലും ബിഷപ്പ് ആവർത്തിക്കുന്നത്. എന്നാൽ, തങ്ങൾ വൃക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു.

'ബീജം കൊണ്ടു വാ ... ഇല്ലെങ്കിൽ ലൈംഗിക ബന്ധത്തിന്റെ വീഡിയോ കൊണ്ടു വാ എന്നൊക്കെയാണ് അവർ ആവശ്യപ്പെടുന്നത്. ഇതൊന്നും ഞങ്ങൾ സൂക്ഷിച്ചിട്ടില്ല. ധ്യാനം കൂടാൻ പോയതിന് വ്യക്തമായ തെളിവുകൾ കൊടുത്തു.9 തവണ മാത്രമേ മഠത്തിൽ വന്നിട്ടുള്ളു എന്ന് പറഞ്ഞ് ബിഷപ്പ് ഒഴിവായപ്പോൾ 13 തവണ വന്നതിനും തെളിവുകൾ കൊടുത്തു. ലൈംഗികമായ ഇടപെടലുകളിലേയ്ക്ക് വെളിച്ചം വീശുന്ന ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും നൽകി. ഇനിയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ബിഷപ്പ് ഫ്രാങ്കോയെ വിട്ടയച്ചാൽ ഞങ്ങൾക്ക് നീതി നിഷേധിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല. ബലാൽസംഗ കേസ്സിൽ ബിഷപ്പ് ഫ്രാങ്കോയുടെ മൊഴിയെടുക്കൽ പുരോഗമിക്കുബോൾ ഇരയായ കന്യാസ്ത്രീയുടെ ബന്ധുവിന്റെ പ്രതികരണം ഇതാണ്.

ആദ്യം മൊഴിയെടുത്തപ്പോൾ ദിവസങ്ങളോളം സിസ്റ്റർ അനുഭവിച്ച മാനസിക - ശാരീരിക വിഷമങ്ങൾ ചെറുതല്ല. ഇപ്പോഴും അസ്വസ്ഥതകൾ അലട്ടുന്നുണ്ട് .ജലന്ധറിൽ പോയി ബിഷപ്പിനേ കണ്ട് വന്ന ശേഷം നടന്ന അന്വേഷക സംഘത്തിന്റെ മൊഴിയെടുക്കൽ അക്ഷരാർത്ഥത്തിൽ സിസ്റ്ററെ കണ്ണീരു കുടിപ്പിച്ചു. സിസ്റ്റർ രോഗിയായിട്ട് വർഷങ്ങളായിരുന്നു. വിട്ടുമാറാത്ത തലവേദനയും നടുവേദനമായിരുന്നു ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. പീഡനം മൂലമുള്ള മാനസിക-ശാരീരിക വിഷമമായിരുന്നു ഇതിന് കാരണമെന്ന് സിസ്റ്റർ മനസ്സിലാക്കിയിരുന്നു. ഇതിൽ നിന്നും മോചനം നേടാനാണ് അട്ടപ്പാടി സെഹിയോൻ ടീമിന്റെ ധ്യാനത്തിൽ സിസ്റ്റർ പങ്കെടുത്തത്.

ധ്യാനത്തിൽ പങ്കെടുത്തതോടെയാണ് സിസ്റ്ററിന് തന്റെ ദുരിതം തുറന്നു പറയാൻ ധൈര്യം നൽകിയത്. മുൻകൂട്ടി പ്ലാൻ ചെയ്താണ് പരാതിയും മറ്റുമെങ്കിൽ പൊലീസ് പറയുന്ന തെളിവുകളൊക്കെ നൽകുവാൻ കഴിയുമായിരുന്നു. ഇത്രയും ദുരിതങ്ങൾ സഹിച്ചിട്ടും സിസ്റ്റർ നേരിട്ട് പരാതിക്ക് പോയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ബിഷപ്പ് പൊലീസിൽ നൽകിയ വധ ഭീഷണി പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിന്റെ അടിയന്തര ഘട്ടത്തിലാണ് പീഡനത്തേക്കുറിച്ച് സിസ്റ്റർ പൊലീസിൽ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി