കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെ, പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ഇടവക വികാരി ചില ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ അനുകൂലിക്കുന്ന കന്യാസ്ത്രീകളെയും സംശയമുനയിൽ നിർത്തിയാണ് കോടനാട് പള്ളി ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ മാധ്യമങ്ങളെ കണ്ടത്. 'ആറ് കന്യാസ്ത്രീകളും പറഞ്ഞത് ഫ്രാങ്കോക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ്. തെളിവുള്ള മൊബൈൽ കൊണ്ടുനടക്കാറില്ല, അത് പത്ത് പെൻഡ്രൈവുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഈ തെളിവുകൾ പൊലീസിന് കൊടുക്കാതെ അവർ തെരുവിൽ ഇറങ്ങിയത്? തെളിവുകൾ പൊലീസിന് കൊടുക്കാതെ മറച്ചുവെക്കുന്നത് ബിഷപ്പിനെ സഹായിക്കാനെന്ന് സംശയം, ഇക്കാര്യങ്ങളാണ് ഫാ.നിക്കൊളാസ് ആരോപിച്ചത്. ഇതിന് കൃത്യമായ മറുപടി കന്യാസ്ത്രീയുടെ സഹോദരൻ മറുനാടൻ മലയാളിയോട് പങ്കുവച്ചു.

'കഴിഞ്ഞ ശനിയാഴ്ച വരെ ഫാ.നിക്കോളൊസ് നമ്മുടെ പക്ഷത്തായിരുന്നു. ഒറ്റരാത്രി കൊണ്ട് മലക്കം മറഞ്ഞു. ഞായറാഴ്ച കുർബാനയ്ക്ക് നമ്മളെ ഇടവകയിൽ തള്ളിപ്പറഞ്ഞു. .സഭാതലത്തിൽ നിന്ന് ഫാദറിന് കടുത്ത സമ്മർദ്ദമുണ്ടാകണം. എല്ലാ തെളിവുകളും പൊലീസിന് നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് പൊലീസ് ജലന്ധറിൽ പോയതും ബിഷപ്പിനെ വിളിച്ചുവരുത്തിയതും. എല്ലാ തെളിവുകളും ചാനലിലൂടെ വികാരിയെ കാണിക്കാൻ പറ്റില്ല. ഫോൺ കളവുപോയതുമുതലുള്ള കാര്യങ്ങൾ മുമ്പിലുണ്ട്. ഫ്രാങ്കോ ശക്തനും രാഷ്ട്രീയ സ്വാധീനമുള്ളവനുമാണ്. എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്താൽ സാക്ഷികൾ കൂറുമാറില്ല. ഡിജിറ്റൽ റെക്കോഡിങ്‌സ് ഉണ്ട്. അതുപല ആളുകളുടെ കൈയിലായി ഉണ്ട്. ഇവ ശേഖരിച്ച് ഓരോ കോപ്പി പൊലീസിന് നൽകിയിട്ടുണ്ട്. നീതി കിട്ടും വരെ സമരവുമായി മുന്നോട്ട പോകും,' കന്യാസ്ത്രീയുടെ സഹോദരൻ മറുനാടനോട് പറഞ്ഞു.

ബിഷപ്പിനെതിരായ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ കന്യാസ്ത്രീകൾ പൊലീസ് മുമ്പാകെ ഈ തെളിവുകൾ എന്തുകൊണ്ട് നൽകുന്നില്ലെന്ന ചോദ്യമാണ് ഫാ.നിക്കൊളാസ് ഉയർത്തിയത്. ഇങ്ങനെ ചോദ്യം ഉയർത്താനുള്ള സാഹചര്യം വ്യക്തമാക്കി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ മറുനാടൻ മലയാളിയോട് സംസാരിച്ചിരുന്നു. കേസ് വിവാദമാകും മുമ്പ് കന്യാസ്ത്രീകൾ തന്റെ അടുക്കൽ വന്ന് സംസാരിച്ചിരുന്നു എന്ന് വ്യക്തമാക്കിയ അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങളിലെയും ഇപ്പോൾ നടക്കുന്ന കാര്യങ്ങളിലെയും വൈരുദ്ധ്യമാണ് ചൂണ്ടിക്കാട്ടിയത്. ഫാ. നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞത് ഇങ്ങനെ:

മീഡിയയിലും പൊലീസിലും കേസ് വരുന്നതിന് മുമ്പ് ഈ കന്യാസ്ത്രീകൾ എന്റെയടുത്ത് സംസാരിച്ചിരുന്നു. അവർ ആറുപേരും ഇവരുടെ ബന്ധുക്കളായ മൂന്നുപേരും എന്നോട് സംസാരിക്കുകയുണ്ടായി. ബിഷപ്പ് ഫ്രാങ്കോക്കെതിരേ ശക്തമായ തെളിവുകളുണ്ട് എന്നാണ് അവർ എന്നോട് പറഞ്ഞത്. അപ്പോൾ അത് കാണുകയോ കേൾക്കുകയോ വേണമെന്ന് അവർ പറഞ്ഞു. തെളിവുള്ള മൊബൈൽ കൊണ്ടുനടക്കാറില്ല, അത് പത്ത് പെൻഡ്രൈവുകളിലാക്കി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും പറഞ്ഞു. തെളിവ് നഷ്ടപ്പെടുത്താതെ അത് പൊലീസിന് കൊടുക്കാനാണ് അന്ന് താൻ പറഞ്ഞു. മൂന്നുമാസം കഴിഞ്ഞിട്ടും ഈ തെളിവുകളൊന്നും പൊലീസിന് നൽകിയതായി അറിയില്ല. പൊലീസ് പറയുന്നു ഇതുവരെ തെളിവ് കിട്ടിയിട്ടില്ലെന്നും - അദ്ദേഹം പറയുന്നു.

കന്യാസ്ത്രീകൾ തെളിവുകൾ കോടതിക്കോ പൊലീസിനോ കൈമാറുകയാണ് വേണ്ടത്. ബിഷപ്പ് നാട്ടിൽവരുമ്പോൾ തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം തെളിവുകൊടുത്താൽ അതിന് സാധിക്കും. ഇത്രയും കാലം എന്തുകൊണ്ട് ഈ തെളിവുകൾ പൊലീസിന് കൊടുക്കാതെ തെരുവിലേക്ക് പോയി? എന്തുകൊണ്ട് തെളിവുകൊടുക്കാതെ തെരുവിലേക്കിറങ്ങി. ഈ തെളിവുകൾ നേരത്തെ പൊലീസിനു കൊടുത്തിരുന്നെങ്കിൽ സഭയെ ചെളിവാരിയെറിയാനും പൗരോഹിത്യത്തെ ആക്ഷേപിക്കാനും വിട്ടുകൊടുക്കേണ്ട ആവശ്യമുണ്ടാവുമായിരുന്നില്ല. അതുകൊണ്ട് ബിഷപ്പിന്റെ ഭാഗത്താണോ കന്യാസ്ത്രീമാർ?

ഞാൻ സംശയിക്കുന്നത് ഇങ്ങനെയാണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ട് പൊലീസിന് കൈമാറാതെ അത് മറച്ചുവെക്കുന്നത് ബിഷപ്പിനെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി തെളിവില്ലെങ്കിൽ, തെളിവുണ്ടെന്ന് എന്നോട് പറഞ്ഞ കന്യാസ്ത്രീകൾ മാപ്പു പറയണം. അല്ലാതെ വെറുതേ ഈ സമരം കത്തോലിക്കാ സഭയെയും സഭയുടെ പൗരോഹിത്യത്തെയുമൊക്കെ അധിക്ഷേപിക്കാനും അപഹസിക്കാനും തെരുവിലേക്ക് എത്തിക്കുക, സഭാവിരുദ്ധരും ശത്രുക്കളുമായ ആളുകളും ഏറ്റെടുക്കുക... ഇപ്പോൾ കന്യാസ്ത്രീകൾ കഥയറിയാതെ ആട്ടം കാണുകയാണെന്നാണ് എനിക്ക് തോന്നുന്നത്.