തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ വീണ്ടും രംഗത്തെത്തി. ബിഷപ്പിനെതിരായ ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് കത്തയച്ചു. ബിഷപ്പിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുള്ള കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഗുരുതര ആരോപണങ്ങളാണ് മിഷണറീസ് ഓഫ് ജീസസ് സഭക്കെതിരെയും ഫ്രാങ്കോക്കെതിരെയും അവർ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. താൻ ബിഷപ്പിനാൽ പീഡിപ്പിക്കപ്പെട്ടു എന്ന് ആവർത്തിച്ച കന്യാസ്ത്രീ കൂടുതൽ കന്യാസ്ത്രീകളെ ബിഷപ്പ് ദുരുപയോഗപ്പെടുത്തിയെന്നും കത്തിൽ വെളിപ്പെടുത്തി.

കന്യാസ്ത്രീകൾക്ക് സഭ നീതി നൽകുന്നില്ലെന്നും ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കത്തിൽ കുറ്റപ്പെടുത്തി. ഈ മാസം എട്ടാം തീയ്യതിയാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകൾക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ സ്വാധീനവും സഭയിലെ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും തന്നെ പ്രതിക്കൂട്ടിൽ നിർത്താനുമാണ് ജലന്ധർ ബിഷപ്പ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീ കുറ്റപ്പെടുന്നു. കേസ് ഒതുക്കാനായാ പത്തേക്കർ സ്ഥലവും വാഗ്ദാനം ചെയ്തതും കത്തിൽ പറയുന്നു.

സഭയ്ക്ക് കീഴിലുള്ള കന്യാസ്ത്രീകൾക്ക് മേൽ ബിഷപ്പ് ഫ്രാങ്കോയുടെ കഴുകൻ കണ്ണുകൾ പതിച്ചിരിക്കയാണെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീ കത്തിൽ പറയുന്നു. ആകർഷണം തോന്നുന്ന കന്യാസ്ത്രീകളെ നിർബന്ധിച്ചോ ബലഹീനതകൾ മുതലെടുത്തോ കെണിയിൽ വീഴ്‌ത്തുന്നതാണ് ഫ്രാങ്കോയുടെ പരിപാടി. ബിഷപ്പിന്റെ പേരിൽ ഇതിന് മുമ്പും മറ്റ് പലരും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്നത്തെത്തുടർന്ന് മിഷണറീസ് ഓഫ് ജീസസിൽ നിന്ന് അഞ്ച് വർഷത്തിനിടെ 20 കന്യാസ്ത്രീകൾ പിരിഞ്ഞ് പോയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൽ ബിഷപ്പിന്റെ ഭാഗത്തു നിന്നും പതിവായി ഉണ്ടാകുന്നതാണെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അമ്മയെ പോലെ കാണേണ്ട സഭ കന്യാസ്ത്രീകളോട് പെരുമാറുന്നത് രണ്ടാനമ്മയെ പോലെയാണെന്നും അവർ കുറ്റപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ തന്നെ 13 തവണ പീഡിപ്പിച്ചതായും അവർ പരാതിയിൽ പറയുന്നു. ഫ്രാങ്കോയുടെ പീഡനങ്ങളെ തുടർന്ന് താൻ മാനസികമായി ഏറെ തകർന്നുപോയെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കന്യാസ്ത്രീ പറയുന്നു. 2017 നവംബറിൽ തനിക്കെതിരെ ഫ്രാങ്കോ കേസ് കൊടുത്തു. ബിഷപ്പ് ഫ്രാങ്കോ രൂപത പി.ആർ.ഒ ആയ ഫാ.പീറ്റർ കാവുംപുറം വഴി മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചരണം നടത്തുന്നു. തന്റെ ബന്ധുക്കൾക്ക് നേരെയും ഭീഷണി ഉണ്ടായി.

താനുമായി ബന്ധപ്പെട്ടവരെയെല്ലാം ഫ്രാങ്കോ കേസിൽ കുടുക്കുകയാണ്. തന്റെ ഡ്രൈവർക്കെതിരെ പോലും ഫ്രാങ്കോയെ ഭീഷണിപ്പെടുത്തി എന്നുകാണിച്ച് കേസിൽപെടുത്തിയെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ഒടുവിൽ നൽകിയ കാര്യവും അവർ കത്തിൽ ചൂണ്ടിക്കാട്ടി. മറ്റൊരു യുവ കന്യാസ്ത്രീയുമായി ബിഷപ്പിന് ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം തെളിവുകളോടെ പിടികൂടിയെന്നും കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് നൽകിയ പരാതിയിൽ പറയുന്നു. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാരിനെയും ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്.

ബിഷപ്പിനെതിരായ കത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

2007 മുതൽ 2013 വരെ മിഷിണറീസ് ഓഫ് ജീസസിന് കീഴിലുള്ള കന്യാസ്ത്രീ സമൂഹത്തിലെ സുപ്പീരിയർ ജനറലായിരുന്നു ഇരയാക്കപ്പെട്ട കന്യാസ്ത്രീ. 2017 ജൂൺ മാസത്തിലാണ് ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ഇവർ പരാതി നൽകുന്നത്. ഫാദ ജോസഫ് തടത്തിലും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനും ഫ്രാങ്കോയിൽ നിന്നും അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പരാതി നൽകി. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പീഡനം തുടർന്നതോടെയാണ് 2017 മെയിൽ താൻ മഠം വിടാൻ ഒരുങ്ങിയത്. എന്നാൽ, സന്യാസി സമൂഹത്തിലെ മറ്റുള്ളവർ അന്ന് തന്നെ പിന്തിരിപ്പിക്കുകയായിരുന്നു.- കന്യാസ്ത്ര കത്തിൽ പറയുന്നു.

സീറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ആലഞ്ചേരിയെ കണ്ടും താൻ പരാതി പറഞ്ഞിരുന്നു. താൻ സഭാ അധ്യക്ഷന്മാരെ കണ്ട് പരാതി നൽകിയെന്ന് മനസിലായതോടെ ജലന്ധർ ബിഷപ്പ് തന്നെയും തന്റെ സഹോദരിയെയും പൊലീസ് കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇങ്ങനെ തന്റെയും തന്റെ കുടുംബത്തെയും ബിഷപ്പ് വേട്ടയാടാൻ ശ്രമിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ വ്യക്തമാക്കി. സഭയ്ക്കുള്ളിൽ പരാതി നൽകി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ വേട്ടയാടുന്ന സമീപനമായിരുന്നു ഫ്രാങ്കോ കൈക്കൊണ്ടത്. വത്തിക്കാൻ സ്ഥാനപതിക്ക് പരാതി ചൂണ്ടിക്കാട്ടിയെങ്കിലും അതും ഫലപ്രദമായില്ല.

കഴുകൻ കണ്ണുകളുള്ള കാമവെറിയൻ മെത്രാൻ..!

മിഷിണറിസ് ഓഫ് ജീസസ് എന്ന കന്യാസ്ത്ര സമൂഹത്തെ എങ്ങനയാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കൻ ദുരുപയോഗം ചെയ്തതെന്ന് അക്കമിട്ട് നിരത്തുന്നുണ്ട് കന്യാസ്ത്രീ പരാതിയിൽ. താൻ നിരന്തരമായി പീഡിപ്പിക്കപ്പെട്ടു. ഇതേക്കുറിച്ച് തനിക്ക് പൂർണമായും പറയാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ബിഷപ്പിന്റെ കൂടി അന്തിയുറങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കാത്തവരെ അദ്ദേഹം ആസൂത്രിതമായി ആക്രമിക്കുകയാണ് ചെയ്യുന്നത്. ഡിസിപ്ലിന്റെ പേര് പറഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റുന്നതും മറ്റും പതിവായിരുന്നു. തന്നെയും തന്നെ പിന്തുണക്കുന്നവരെയും അപായപ്പെടുത്താൻ ബിഷപ്പ് ശ്രമിക്കുമെന്ന് ഭയന്നിരുന്നു. കന്യാസ്ത്രീ സമൂഹത്തിലെ മുതിർന്നവർ എന്ന നിലയിൽ ഞാൻ പരാതി നൽകേണ്ടിയരുന്നത് ബിഷപ്പിന് തന്നെയായായിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പൂർണമായും അഭിപ്രായം പറയാൻ സാധിച്ചില്ല.

ബിഷപ്പ് ഫ്രാങ്കോയുടെ കഴുകൻ കണ്ണുകൾ കന്യാസ്ത്രീ മഠത്തിലെ സിസ്റ്റർമാരുടെ മേൽ പതിച്ചിരുന്നു. തനിക്ക് ആകർഷണം തോന്നുന്ന കന്യാസ്ത്രീകളെ ഉപയോഗിക്കാൻ അദ്ദേഹം ഏതു മാർഗ്ഗവും സ്വീകരിച്ചു. അതിനായി അവരുടെ ബലഹീനതകൾ മുതലെടുക്കുകയായിരുന്നു ചെയ്തത്. 2017 ഏപ്രിൽ മാസത്തിൽ ഒരു സംഭവമുണ്ടായി. ബിഷപ്പുമായി വളരെ അടുപ്പമുള്ള ഒരു യുവ കന്യാസ്ത്രീയുടെ ബന്ധങ്ങൾ പിടിക്കപ്പെട്ടിരുന്നു. ഈതോടെ ഈ കന്യാസ്ത്രീയെ മറ്റ് സംസ്ഥാനത്തേക്ക് അയക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. ഈ യുവ കന്യാസ്ത്രീയെ മാറ്റിയ മഠത്തിൽ ബിഷപ്പ് ഒരു രാത്രി ചിലവഴിക്കുകയും ചെയ്തു. രാത്രി 12 മണി മുതൽ സിസ്റ്ററെ ' ആത്മീയ ശുശ്രൂഷ' പഠിപ്പിക്കുകായിരുന്നു.

ഈ സംഭവം അന്ന് മഠത്തിലെ കന്യാസ്ത്രീകൾക്കിടയിൽ ചർച്ചയായ സംഭവമായിരുന്നു. പാരിഷ് ഹൗസുകൾ അടക്കം ഉള്ളപ്പോൾ കന്യാസ്ത്രീ മഠത്തിൽ എന്തിന് ബിഷപ്പ് താമസിക്കുന്നു എന്നചോദ്യം ഉന്ന് തന്നെ ഉയർന്നിരുന്നു. ഈ യുവ കന്യാസ്ത്രീയുമായി അടുപ്പത്തിനായി സൗകര്യപ്രദമായി സ്ഥലത്തേക്ക് മാറ്റി- കന്യാസ്ത്രീ കത്തിൽ വ്യക്തമാക്കുന്നു.

കള്ളക്കേസിൽ കുടുക്കാനും കേസ് അട്ടിമറിക്കാനും നീക്കം ശക്തം

ബിഷപ്പിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്നെയും തന്റെ കുടുംബത്തെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമമുണ്ടായി. 2018 ജൂൺ മാസത്തിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി കോട്ടയം പൊലീസ് സ്‌റ്റേഷനിൽ തന്റെ കുടുംബാംഗങ്ങളെയും കന്യാസ്ത്രീകൾക്കുമെതിരെ കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചു. തന്നെ പിന്തുണയ്ക്കുന്ന അഞ്ച് കന്യാസ്ത്രീകൾക്കെതിരായാണ് നീക്കം നടന്നത്. ജലന്ധറിൽ ബിഷപ്പിനുള്ള സ്വാധീനം ഉപയോഗിച്ച് പൊലീസ് കേസുണ്ടാക്കാനും ശ്രമിച്ചു. ഈ നീക്കത്തെ സഭ ചെറുക്കുമെന്ന് കരുതിയപ്പോൾ അതു ഉണ്ടായില്ല.

പീഡനത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയതോടെ കത്തോലിക്കാ സഭയും തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ല. സഭ പരാതിക്കാരിയായ തന്നോടും കന്യാസ്ത്രീ സമൂഹത്തോടും രണ്ടാനമ്മയോടെന്ന പോലെയാണ് പെരുമാറുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും മറ്റും അന്വേഷണ സംഘത്തെ സ്വാധീനിച്ചും കേസ് അട്ടിമറിക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് താൻ വീണ്ടും സഭാ അതോരിറ്റിയെ സമീപിക്കുന്നതെന്നം കന്യാസ്ത്രീ കത്തിൽ പറയുന്നു.