കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കുള്ള ജനപിന്തുണ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ വിവിധ കോണുകളിൽ നിന്നും പ്രവഹിക്കുകയാണ്. നാനാജാതി മതത്തിൽ പെട്ടവർ കൊച്ചിയിലെ സമരപന്തൽ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുകയാണ്. വൈദികരും കന്യാസ്ത്രീകളും ജനനേതാക്കളും ഇന്നലെയും സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു രംഗത്തുവന്നു.

കൊച്ചിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്തും സമരമുഖം തുറക്കാൻ ഒരുങ്ങുകയാണ്. ബുധനാഴ്ച രാവിലെ 10 മണിക്ക് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം തുടങ്ങും. ആദ്യദിനം വി എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, സിസ്റ്റർ ജെസ്മി, ഭാഗ്യലക്ഷ്മി, ഫിലിപ്പ് എം. പ്രസാദ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, റോയ് മാത്യു, ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. പരാതി നൽകിയ കന്യാസ്ത്രീയുടെ ബന്ധുക്കളും കൂടെയുള്ള കന്യാസ്ത്രീകളിൽ ചിലരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതി ജംക്ഷനിലെ സമരപന്തലിൽ ഇന്നലെയും നിരവധി നേതാക്കളെത്തി. ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ, ലോയേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് ടി. ആസിഫലി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീന, അഡ്വ. ശിവൻ മഠത്തിൽ എന്നിവരും ഫോർവേഡ് ബ്ലോക്ക്, എഐവൈഎഫ്, ഹിന്ദു ഐക്യവേദി, ശിവസേന തുടങ്ങിയ പാർട്ടികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തി.

ഹർത്താൽ മൂലം കുറവിലങ്ങാട് മഠത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്ക് ഇന്നലെ സമരവേദിയിലെത്താൻ കഴിഞ്ഞില്ല. അതേസമയം എറണാകുളം റാണി മാതാ കോൺവന്റിലെ സിസ്റ്റർ ടീന ജോസ് സമരത്തിനു പിന്തുണയുമായി വേദിയിലെത്തി. സഭയ്ക്ക് ആകെ നാണക്കേടാണ് ഈ സംഭവമെന്ന് അവർ പറഞ്ഞു. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ പോരാട്ടം തുടരും. മുൻപു സഭയിലെ പ്രശ്‌നങ്ങൾ ചുണ്ടിക്കാട്ടി സഭാമേലധ്യക്ഷന്മാർക്കു പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

സേവ് അവർ സിസ്റ്റേഴ് (എസ്ഒഎസ്) ആക്ഷൻ കൗൺസിലിന്റെ കീഴിൽ 101 അംഗ കർമസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിന്റെ ഭാഗമായിരുന്ന വൈദികരും കന്യാസ്ത്രികളും ഇന്നലെയും സമരപ്പന്തലിലെത്തി. അതിനിടെ കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിച്ചിരുന്ന ജോൺ ജോസഫിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. സ്റ്റീഫൻ മാത്യു നിരാഹാര സമരം ഏറ്റെടുത്തു.

അതിനിടെ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ കരഞ്ഞുകൊണ്ടു പ്രതിഷേധ സമരം നടത്തിയിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. മതരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ലൈംഗിക കേസുകളിൽ പെടുമ്പോൾ സർക്കാർ അവർക്കു രക്ഷപ്പെടാൻ അവസരം ഒരുക്കുകയാണ്. കോൺഗ്രസ് എംഎൽഎ വിൻസന്റിനെതിരെ പരാതി വന്നപ്പോൾ ജയിലിലടച്ചു. പി.കെ. ശശിയുടെ കേസിൽ പാർട്ടി നടപടിയെടുക്കുമെന്ന വാദം ഭരണഘടനാവിരുദ്ധമാണ്. ശശി നിയമസഭാംഗമാണെന്ന കാര്യം പാർട്ടി മറന്നാലും സ്പീക്കർ മറക്കരുത്. എംഎൽഎ ഹോസ്റ്റലിൽ നടന്ന ബലാൽസംഗശ്രമവും മനഃപൂർവം മറന്ന സ്പീക്കർ പാർട്ടിയുടെ ജീവനക്കാരനാകരുത്. വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജി വയ്ക്കണമെന്നും സി.പി. ജോൺ ആവശ്യപ്പെട്ടു.

പൊതുസമൂഹത്തിന്റെ പിന്തുണ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നു ചെറിയ നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറായേക്കുമെന്നാണ് സൂചന. കേസിൽ ബിഷപ്പിനെതിരായി ശക്തമായ മൊഴികളും തെളിവുകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ കോട്ടയം എസ്‌പിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം അന്തിമ നിഗമനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം, കന്യാസ്ത്രീ നൽകിയ പീഡന കേസ് അട്ടിമറിക്കാൻ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാൻ ഡിവൈഎസ്‌പിക്ക് ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകാത്തതാണെന്നും കന്യാസ്ത്രീകൾ ആരോപിച്ചു.