ഹൈരാബാദ്: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മുറി നൽകാനാവില്ലെന്ന ഹൈദരാബാദിലെ ഹോട്ടലിന്റെ നിലപാടിൽ സോഷ്യൽ മീഡിയയിൽ ചർച്ച. സിംഗപ്പൂരിൽ നിന്നെത്തിയ ഇന്ത്യൻ വംശജയും പ്രമുഖ ചിത്രകാരിയുമായ നൂപുർ സരസ്വതി (22)യാണ് ഇത് ചർച്ചയാക്കിയത്.

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും അതുമായി ബന്ധപ്പെട്ട പരിപാടികളുടെ അവതാരകയുമാണ് നൂപുർ. പരിപാടിക്കായി ഇന്ത്യ ഒട്ടാകെ സഞ്ചരിക്കുന്നതിനിടെയാണ് അവർ ഹൈദരാബാദിൽ എത്തിയത്. പ്രമുഖ ട്രാവൽ പോർട്ടൽ ആയ Goibibo മുഖേന മുൻകൂട്ടി റൂം ബുക്ക് ചെയ്ത ശേഷമാണ് അവർ ഹോട്ടലിൽ എത്തിയത്.

എന്നാൽ അവിവാഹിതരായ സ്ത്രീകൾക്ക് മുറി നൽകുന്നത് തങ്ങളുടെ നയമല്ലെന്നാണ് ഹോട്ടൽ അധികൃതർ ഇവരോട് പറഞ്ഞത്. ഇതോടെ ഹോട്ടലിനു പുറത്ത് നിലയുറപ്പിച്ച അവർ തന്റെ ദൃശ്യം സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വൈറാലവുകയായിരുന്നു. ഈ ഹോട്ടലിൽ അവിവാഹിതരായ സ്ത്രീകളെ താമസിപ്പിക്കില്ലെന്ന വിവരം എന്തുകൊണ്ട് ട്രാവൽ പോർട്ടൽ മറച്ചുവെച്ചുവെന്നും അവർ ചോദിക്കുന്നു. ഹോട്ടലിന്റെ നടപടി ഗൗരവമുള്ളതാണെന്നും അവരെ പോർട്ടലിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സിഇഒആഷിഷ് കശ്യപ് നൽകുന്ന വിശദീകരണം.

എന്നാൽ, അവിവാഹിത സ്ത്രീകൾ ഹോട്ടലിൽ തങ്ങുന്നതിനോട് എതിർപ്പില്ലെന്നും ഒറ്റയ്ക്ക് വരുന്നവർക്കും അവിവാഹിതരായ ദമ്പതികൾക്കും മുറി നൽകില്ലെന്നാണ് നയമെന്നും ഹോട്ടൽ അധികൃതർ പറയുന്നു. സ്ത്രീകൾക്ക് തനിച്ച് യാത്ര ചെയ്യാൻ കൂടുതൽ സുരക്ഷിത സ്ഥലം നോക്കേണ്ട സ്ഥിതിയാണെന്ന് നുപൂർ പ്രതികരിക്കുന്നു. തന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഒപ്പം സഞ്ചരിക്കാൻ ഒരു പുരുഷനെ തേടേണ്ടിയിരിക്കുന്നുവെന്നും അവർ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.