ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി പോലും വളർന്ന പ്രവാചക നിന്ദാ വിവാദം വളരുകയാണ്. ഗ്യാൻവ്യാപി വിഷയത്തിൽ റിപ്പബ്ലിക്കൻ ടിവിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ബിജെപി ദേശീയ വക്താവ്, നുപുർ ശർമ നടത്തിയ പരാമർശങ്ങളാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് ഇസ്ലാമിക രാജ്യങ്ങളെകൊണ്ട് പറയിപ്പിക്കത്തക്ക രീതിയിൽ രാജ്യാന്തര വിവാദമായി വളർന്നത്. ഇതേതുടർന്ന് ചാനൽ ഡിബേറ്റുകളിൽ തീപ്പൊരി ആയിരുന്നു നുപൂർ ശർമയെ പാർട്ടി വക്താവ് സ്ഥാനത്തിന് നിന്ന് ബിജെപി ഒഴിവാക്കിയിട്ടുണ്ട്.

പക്ഷേ റിപ്പബ്ലിക്ക് ടീവിയിൽ നടന്ന ചർച്ചയുടെ പുർണ്ണരൂപം കണ്ടവർക്ക് നൂപർ ശർമ്മ പറഞ്ഞതിൽ പുർണ്ണമായും തെറ്റുപറയാൻ ആവില്ല. കാരണം പ്രവാചകനെ നേരിട്ട് അധിക്ഷേപിക്കണം എന്ന് അവർക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. ഗ്യാൻവ്യാപി വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത മുസ്ലിം പ്രതിനിധി നിരന്തരമായി ശിവലിംഗത്തെയും ഹിന്ദുമതത്തെയും അധിക്ഷേപിച്ച് സംസാരിച്ചപ്പോഴാണ് നുപുർ ഈ മറുപടി പറഞ്ഞത്.

ചർച്ചയിൽ മുസ്ലിം പക്ഷത്തിന്റെ പ്രതിനിധി ആയി പങ്കെടുത്ത ആൾ കാശി വിശ്വേശ്വരനെയും ജ്യോതിർ ലിംഗത്തെയും കഠിനമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ആണ് നടത്തിയത്. 'നിങ്ങൾ ശിവലിംഗം എന്ന് പറയുന്നത് ഞങ്ങൾ കാലും മുഖവും കഴുകാൻ ഉപയോഗിക്കുന്ന വാട്ടർ ഫൗണ്ടൻ ആണെന്ന് പറയുകയും, ശിവലിംഗത്തെ റോഡ് സൈഡിലെ പോളുകളോടും പാർക്കിങ് ബൊള്ളാർഡുകളോടും ഒക്കെ ഉപമിക്കുകയും, സിലിണ്ടർ ഷേപ്പിലുള്ള എന്ത് കിട്ടിയാലും നിങ്ങൾ ശിവലിംഗമാണെന്ന് പറഞ്ഞു കൊണ്ട് പോയി ആരാധിക്കുമോ' എന്നൊക്കെ ചോദിച്ച് കടുത്ത വിമർശനമാണ് ഇയാൾ അഴിച്ചുവിട്ടത്. ഈ അപമാനിക്കൽ കേട്ട് സഹികെട്ടിട്ടാണ് ഒടുക്കം നുപുർ ശർമ രൂക്ഷമായ ഭാഷയിൽ തന്നെ തിരിച്ചടിക്കുന്നത്.

'നിങ്ങൾ ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളേയും ആരാധനാ രീതികളെയും ഒക്കെ ആക്ഷേപിക്കുന്നത് പോലെ ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ? അങ്ങനെയെങ്കിൽ പറക്കുന്ന കുതിരപ്പുറത്ത് കയറി പ്രവാചകൻ ചന്ദ്രനിലേക്ക് പോയതിനെ പറ്റിയും, അറുപത് വയസ്സിൽ ആറ് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തതിനെ പറ്റിയും, ഒമ്പത് വയസ്സിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനെ പറ്റിയും, 88:20 വാക്യത്തിൽ ഭൂമി പരന്നതാണെന്ന് പറഞ്ഞതിനെ പറ്റിയും ഒക്കെ ഞാനും പറയട്ടെ? നിങ്ങൾ കേട്ടിരിക്കുമോ?' എന്നാണ് അവർ ചോദിച്ചത്.

അതോടെ നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തി എന്നായി. യഥാർഥത്തിൽ അവർ ആരെയും നിന്ദിക്കുകയല്ല, ആരും ആരെയും നിന്ദിക്കരുത് എന്ന് പറയുകയും, അങ്ങനെ തുടങ്ങിയാൽ എല്ലാവർക്കും പറയാൻ എല്ലാ മതത്തിലും പലതുമുണ്ടാവും എന്ന് ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തത്. ബഹുമാനം എന്നത് ഏകപക്ഷീയമല്ല, പരസ്പരം വേണ്ടതാണെന്ന് ഓർമിപ്പിക്കുകയും ആണ് അവർ ചെയ്തത്. പക്ഷെ ഈ ചർച്ച ചിലർ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ നുപുർ ശർമ്മയുടെ ചോരയ്ക്ക് വേണ്ടിയുള്ള മുറവിളി തുടങ്ങി.

അതെ ചർച്ചയിൽ കാശിയിലെ ജ്യോതിർ ലിംഗത്തെ അധിക്ഷേപിച്ച് സംസാരിച്ചയാൾക്കെതിരെ ഇപ്പോഴും ആർക്കും ഒരു രോഷവുമില്ല. പക്ഷേ ആയിരക്കണക്കിന് വധ ഭീഷണികളും ബലാത്സംഗ ആഹ്വാനങ്ങളും കുടുംബത്തെ ആക്രമിക്കാനുള്ള മുറവിളികളും ഒക്കെയാണ് നൂപുർ ശർമ്മക്കുനേരെ ഉണ്ടായത്. കാൺപൂരിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത കലാപം പോലുമുണ്ടായി. മോദിയുടെ വലംകൈ പ്രവാചക നിന്ദ നടത്തി എന്ന പ്രചാരണം ഗൾഫ് രാജ്യങ്ങളിൽ നടത്തി അവിടെ ഇന്ത്യാ ബഹിഷ്‌കരണത്തിനുള്ള സംഘടിത ശ്രമം നടന്നു.
ഖത്തറും സൗദിയും ഇറാനും ഒക്കെ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചു വരുത്തി അതൃപ്തി അറിയിക്കുന്ന സാഹചര്യം പോലും സൃഷ്ടിച്ചു.

അതേസമയം നുപുർ ശർമ്മ പറഞ്ഞത് ഹദീസുകളിൽ ഉള്ളതാണെന്നും, സത്യം പറയുന്നതിൽ എന്താണ് പ്രവാചക നിന്ദയുള്ളത് എന്ന് ചോദിച്ച് എക്സ് മുസ്ലീങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായതും ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതുമായ കാര്യങ്ങൾ പെറയുന്നതെങ്ങനെയാണ് നിന്ദ ആവുന്നത് എന്നാണ് അവർ ചോദിക്കുന്നത്.

നുപൂർ ശർമ്മക്കുവേണ്ടിയും കാമ്പയിൻ

ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ സംഘപരിവാറിന് അകത്തും ഇത് വലിയ വിവാദമാവുകമാണ്. നുപുർ ശർമ്മക്കെതിരെ നടപടിയെടുത്ത് അനാവശ്യമായിപ്പോയി എന്നും അത് പൊളിറ്റിക്കൽ ഇസ്ലാമിന് വളം വെക്കുന്നതാണെന്നും സംഘപരിവാറിന് അകത്തുനിന്ന് ശക്തമായ ആരോപണം വരുന്നുണ്ട്. സ്റ്റാൻഡ് വിത്ത് നുപൂർ ശർമ്മ എന്ന പേരിൽ ട്വിറ്റിറിൽ ഇപ്പോൾ കാമ്പയിൻ നടക്കുന്നുണ്ട്.

അതിനിടെ സമ്മർദത്തെ തുടർന്ന് തന്റെ പരാമർശം പിൻവലിച്ചതായി നുപുർ ശർമ അറിയിച്ചിട്ടുണ്ട്. തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.

'മഹാദേവനെ അവഹേളിക്കുന്ന, അധിക്ഷേപിക്കുന്ന ടെലിവിഷൻ ചർച്ചകളിൽ കഴിഞ്ഞ കുറച്ചുനാളായി ഞാൻ പങ്കെടുക്കുന്നുണ്ട്. അത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡൽഹിയിലെ റോഡരികിലുള്ള തൂണുകളുമായി ശിവലിംഗത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടരുന്ന ഈ അവഹേളനങ്ങളും മഹാദേവനെതിരായ അധിക്ഷേപങ്ങളും എനിക്ക് സഹിക്കാനായില്ല. തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. എന്റെ പ്രസ്താവന ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലോ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലോ ഞാൻ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല.'- നുപുർ ട്വീറ്റ് ചെയ്തു.

നേരത്തെ നുപൂർ ശർമ്മക്കെതിരെ പൊലീസും കേസ് എടുത്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.

അഭിഭാഷകയായ നുപുർ ശർമ ഡൽഹി ഹിന്ദു കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് എൽഎൽഎം ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. കോളജ് കാലം മുതൽ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ഇവർ. എബിവിപി ടിക്കറ്റിൽ ഡൽഹി സർവകലാശാല വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബിജെപി യൂത്ത് വിംഗിന്റെ നാഷ്ണൽ എക്‌സിക്യൂട്ടിവ് കമ്മിറ്റി, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയുടെ വാക്താവായി ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു നുപുർ. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളിനെതിരായി മത്സരിച്ചുവെങ്കിലും തോറ്റുപോയി. ചാനലുകളിൽ ബിജെപിയുടെ തീപ്പൊരിയായി അറിയപ്പെട്ടിരുന്ന വിവാദത്തെ തുടർന്ന് വധഭീഷണിയിലാണ് കഴിയുന്നത്.