കോഴിക്കോട്: ബിജെപിയുടെ മൂൻ വക്താവ് നുപുർ ശർമ്മ തുറന്നിവിട്ട മതനിന്ദാ വിവാദത്തിന്റെ ഭാഗമായി, സോഷ്യൽ മീഡിയയിൽ ലോകത്തിലെ പ്രമുഖരുടെ ഭാര്യമാരുടെ വിവാഹം പ്രായം പുറത്തുവിട്ട് പ്രതിരോധവുമായി ഇസ്ലാമിസ്റ്റുകൾ. ശ്രീരാമൻ മുതൽ ഗാന്ധി വരെയുള്ളവരും ആധുനിക കാലത്ത് മാമ്മൻ മാപ്പിള മുതൽ എകെജി വരെയുള്ളവരുടെ ഭാര്യമാരുടെയും പ്രായം പുറത്തുവിട്ടുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇസ്ലാമിസ്റ്റുകൾ പ്രതിരോധം തീർക്കുന്നത്. ഇതെല്ലാം വെച്ച് വിവാഹ പ്രായം എന്നത് അന്നും ഇന്നും വെറും ആപേക്ഷികമാണെന്നും, ഇതിന്റെ പേരിൽ ഒരു മഹദ് വ്യക്തിയെ നിന്ദിക്കുന്നത് ശരിയല്ല എന്നുമാണ് ഇസ്ലാമിസ്റ്റുകൾ കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നത്.

എന്നാൽ വിവാഹ പ്രായമല്ല പ്രശ്നമെന്നും, പണ്ടുകാലത്തെ നിയമങ്ങൾ വള്ളിപുള്ളി വിടാതെ ഇന്നും തുടരണമെന്ന് പറയുന്നതും, മാലോകർക്ക് എക്കാലവും മാതൃകയാണെന്ന് പറയുന്നിടത്താണ് പ്രശ്നമെന്നും സ്വതന്ത്ര ചിന്തകർ തിരിച്ചടിക്കുന്നു. അങ്ങനെ ഫേസ്‌ബുക്കിലടക്കം ഇരുപക്ഷവും തമ്മിൽ പോര് കൊഴുക്കുകയാണ്.

പ്രമുഖരുടെ വിവാഹപ്രായം ഇങ്ങനെയാണ്

സോഷ്യൽ മീഡിയയിൽ ഇസ്ലാമിക ഗ്രൂപ്പുകളിൽ ലോകത്തിലെ പ്രമുഖരുടെ വിവാഹപ്രായം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പുകളാണ് പ്രചരിക്കുന്നത്. അത് ഇങ്ങനെയാണ്.-ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്. ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്‌കന്ദപുരാണത്തിലും പറയുന്നു. വിശുദ്ധ കന്യാമറിയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.)

മുപ്പതുകാരൻ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരൻ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)സെയിറ് അസ്റ്റിൻ (354 എഡി) വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത് 10 വയസുള്ള പെൺകുട്ടിയെ ആണ്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ. 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു. കിങ്ങ് റിച്ചാർഡ് വിവാഹം കഴിച്ചത് ഏഴ്‌വയസ്സുള്ള കുട്ടിയെയാണ്. ഹെന്റി 8ാമൻ വിവാഹം കഴിച്ചത് 6 വയസ്സുള്ള പെൺകുട്ടിയെ. വിവാഹം കഴിക്കുമ്പോൾ ഗാന്ധിയുടെയും കസ്തൂർബായുടെയും പ്രായം 13വയസ്സായിരുന്നു.

പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു. യുക്തിവാദിയും, ഫെമിനിസ്റ്റ് ചിന്താഗതിയുടെ വക്താവുമായ പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള നാഗമ്മാളിനെയാണ് (1898ൽ) വിവാഹം ചെയ്തത്.

മധ്യവയസ്‌കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്‌കാരി സുശീല എന്ന പെൺകുട്ടിയോട് തോന്നിയ പ്രേമവും പിന്നീട് എകെജി യുടെ ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ സുശീല ജീവിത പങ്കാളിയായതും ചരിത്രം.

മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ 'എട്ടാം മോതിരം 'വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ൽ). വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല. ഇങ്ങനെയാണ് ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം. അപ്പോൾ നിങ്ങളെന്ത് പറയും. മനസ്സിലാക്കുക, ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത് ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്. ഇതൊന്നും ഒരു വിഷയമേയല്ല.

വിവാഹ പ്രായം എന്നത് അന്നും ഇന്നും വെറും ആപേക്ഷികമാണ്. വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും, അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും, ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്. അത് അവരാണ് തീരുമാനിക്കുന്നത്.വിവരവും, ബോധമുള്ളവർക്ക് ഇതൊക്കെ അറിയാവുന്നതുമാണ്. ഇത്രയേ ഉള്ളൂ കാര്യം: ഇങ്ങനെയാണ് വൈറലായ ആ കുറിപ്പ് അവസാനിക്കുന്നത്.

പ്രശ്നം പഴയത് ശാശ്വതമാണെന്ന് പറയുന്നിടത്ത്

എന്നാൽ ഇത് തീർത്തും വ്യാജമായ വാദങ്ങൾ മാത്രമാണെന്നാണ്, സോഷ്യൽ മീഡിയിൽ ശാസ്ത്ര പ്രചാരകരും സ്വതന്ത്ര ചിന്തകരും വാദിക്കുന്നത്. കാരണം ഓരോകാലത്തും ഓരോ പ്രദേശത്ത് ഓരോ വിവാഹ പ്രായം ആയിരിക്കും. പക്ഷേ ആ നിയമങ്ങൾ വള്ളിപുള്ളി വിടാതെ ഇന്നും തുടരണമെന്ന് പറയുന്നതും, ആറാം നൂറ്റാണ്ടിൽ അറബി നാട്ടിലെ നിയമങ്ങൾ പിന്തുടർന്ന വ്യക്തികൾ ഇന്നും മഹാന്മാരാണ്, മാലോകർക്ക് എക്കാലവും മാതൃകയാണെന്ന് പറയുന്നിടത്താണ് പ്രശ്നമെന്നും, സ്വതന്ത്ര ചിന്തകർ തിരിച്ചടിക്കുന്നു.

പ്രമുഖ സ്വതന്ത്രചിന്തകനും ഇസ്ലാം ഉപേക്ഷിച്ച വ്യക്തിയുമായ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '1500 വർഷങ്ങൾക്ക് മുൻപ് ഇതൊന്നും വിമർശിക്കാനുതകും വിധം തെറ്റുകളല്ല. കാരണം അന്ന് എല്ലാ ഗോത്ര നേതാക്കളും ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ. എന്നാൽ കാലം മാറി. ഒരു പുരോഗമന സമൂഹത്തിന് വേണ്ട മാതൃകകളൊന്നും തന്നെ എടുത്ത് പറയാൻ ഇല്ലെന്നിരിക്കെ വിമർശകരെ കഴുത്തറക്കാനും, തെരുവുകൾ കത്തിക്കാനും, കയ്യും കാലും വെട്ടാനും ഇറങ്ങുന്നതുകൊണ്ടാണ് തെളിവുകൾ സഹിതം വിമർശിക്കേണ്ടി വരുന്നത്.

അന്നേരം അലക്സാണ്ടറെയോ ഗാന്ധിജിയെയോ എകെജിയെയോ മാമൻ മാപ്പിളയെയോ ഒന്നും ഉദാഹരിച്ചിട്ട് കാര്യമില്ല. കാരണം ഇവരൊന്നും ദൈവദൂതരല്ല...മാതൃകാ പുരുഷന്മാരല്ല. മാത്രവുമല്ല അതൊക്കെ ശൈശവ വിവാഹങ്ങൾ ആയിരുന്നു താനും. പണ്ട് കാലത്തു നിലവിലിരുന്ന ഒരു ദുരാചാരം. പക്ഷെ ഇതിനു ദൈവിക പരിവേഷമോ ദിവ്യത്വമോ ഇല്ല. അതുകൊണ്ടുതന്നെ ഇത് പറഞ്ഞ് ന്യായീകരിക്കുന്നതിൽ ഒരു കഥയുമില്ല'- ഡോ ആരിഫ് ചൂണ്ടിക്കാട്ടി.

പക്ഷേ ഈ ആറാം വയസ്സിലെ വിവാഹം അടക്കമുള്ള കാര്യങ്ങൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതുകൊണ്ട് ഒരു പാട് പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഇസ്ലാം വിട്ട് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്‌ക്കർ അലി പറയുന്നത്. ചെമ്മാട് ദാറുൽ ഹുദയിൽ 12വർഷം പഠിച്ച അസ്‌ക്കർ പറയുന്നത്, മതപാഠശാലകളിൽ നടക്കുന്ന പീഡനങ്ങൾ പലപ്പോഴും മതപ്രചോദിതം ആണെന്നാണ്. 'ശൈശവ വിവാഹത്തെ ന്യായീകരിക്കുന്നതുകൊണ്ടാണ്, ചെറിയ കുട്ടികളെ കാണുമ്പോൾ ഇവരുടെ മനസ്സിൽ ഒരു മോശം ഇമേജറി ഉണ്ടാവുന്നത്. അതുപോലെ സ്വർഗത്തിലെ ബാലന്മാരെക്കുറിച്ചുള്ള വർണ്ണനയൊക്കെ മസ്തിഷ്‌ക്കത്തിലേക്ക് തെറ്റായ ഒരു സന്ദേശമാണ് കൊടുക്കുന്നത്. ഇതാണ് പീഡനങ്ങൾ വർധിപ്പിക്കുന്നത്'- അസക്കർ അലി ചൂണ്ടിക്കാട്ടുന്നു.