കുവൈത്ത്: രാജ്യത്തെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന പ്രവാസി നഴ്‌സുമാർക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകുന്നത് സർക്കാറിന്റെ പരിഗണനയിൽ. 2013 മുതൽ മുബാറക് അൽകബീർ ആശുപത്രിയിലെ സ്വദേശി നഴ്‌സുമാർക്ക് നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകുന്നുണ്ട്. ഇത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ പരിഗണന പ്രവാസി നഴ്‌സുമാർക്കും നൽകാൻ സർക്കാർ ആലോചിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെടുന്ന മേഖലയായതിനാൽ ഈ രംഗത്ത് ജോലിയെടുക്കുന്നവർക്ക് കൂടുതൽ അധ്വാനവും ജാഗ്രതയും എടുക്കേണ്ടിവരുന്നുണ്ട്. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും അതുവഴി അവർക്ക് ആശ്വാസം പകർന്നുനൽകാനും പരിചരിക്കുന്ന നഴ്‌സുമാരുടെ മാനസികാവസ്ഥകൂടി പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു ദിവസം അവധി ലഭിച്ചാൽ തുടർന്നുള്ള ദിവസങ്ങളിൽ ഉന്മേഷത്തോടെ ജോലി ചെയ്യാൻ നഴ്‌സുമാർക്ക് സാധിക്കും.

നിലവിൽ സർക്കാർ ആശുപത്രികളിലെ 22,000 സ്വദേശി നഴ്‌സുമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ദിവസം മൂന്നു ഷിഫ്റ്റുകളായാണ് കുവൈത്തിലെ ആശുപത്രികളിൽ നഴ്‌സുമാരുടെ ജോലി. രാവിലെ ഏഴുമുതൽ ഉച്ചക്ക് രണ്ടുവരെ (ഏഴു മണിക്കൂർ), ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെ (എട്ട് മണിക്കൂർ), രാത്രി 10 മുതൽ രാവിലെ ഏഴുവരെ (ഒമ്പത് മണിക്കൂർ) എന്നിങ്ങനെ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളിൽ എട്ടു മണിക്കൂർ വീതം ആഴ്ചയിൽ പരമാവധി 40 മണിക്കൂറാണ് നഴ്‌സുമാരുടെ ജോലിസമയം. എന്നാൽ, കുവൈത്തിൽ പലപ്പോഴും ഇതിലും കൂടുതലാവുന്നു. ആഴ്ചയിൽ രണ്ടു ദിവസം അവധി എന്നത് നടപ്പാവുകയാണെങ്കിൽ നഴ്‌സുമാരുടെ ജോലിഭാരം ഏറെ കുറയും.