ലണ്ടൻ: ബ്രിട്ടനിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാൻ എൻഎച്ച്എസും ഇന്ത്യയിലെ അപ്പോളോ ആശുപത്രിയും കൈകോർക്കുന്നു. രണ്ടുവർഷത്തെ താൽക്കാലിക പെർമിറ്റ് നൽകി അപ്പോളോയിലെ നഴ്‌സുമാരെ ബ്രിട്ടനിൽ എത്തിക്കുന്നതിനെക്കുറിച്ച് എൻഎച്ച്എസ് ആലോചന തുടങ്ങി. പരിശീലനത്തിന്റെ ഭാഗമായാണ് ഇങ്ങനെ നഴ്‌സുമാരെ എത്തിക്കുക. ഇതുസംബന്ധിച്ച് അപ്പോളോയുമായി എൻഎച്ച്എസ് ധാരണാപത്രം ഒപ്പിട്ടു.

യുകെ മെഡിക്കൽ പബ്ലിക്കേഷനായ ഹെൽത്ത് സർവീസ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പീഡിയാട്രി, തീയറ്റർ, ആക്‌സിഡന്റ് ആൻഡ് എമർജൻസി തുടങ്ങി വിവിധ വിഭാഗങ്ങളിൽ അപ്പോളോ ആശുപത്രിയിലെ നഴ്‌സുമാർക്ക് വിദഗ്ധ പരിശീലനം നൽകുന്നതിൽ എൻഎച്ച്എസുമായി ധാരണയിലെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഏൺ-ലേൺ-റിട്ടേൺ നിബന്ധനയനുസരിച്ചാകും പരിശീലനം. രണ്ടുവർഷത്തെ താൽക്കാലിക പരിശീലനമാണ് ഉദ്ദേശിക്കുന്നതെന്ന് ഹെൽത്ത് എജ്യുക്കേഷൻ എക്‌സിക്യൂട്ടിവ് ചീഫ് എക്‌സിക്യുട്ടീവ് ഇയാൻ കമ്മിങ് പറഞ്ഞു.

ഇങ്ങനെയെത്തുന്നവർ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നഴസുമാരായാണ് പ്രവർത്തിക്കുക. ഇവർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ്ങാണ് ലഭിക്കുക. എത്ര നഴ്‌സുമാർ ഈ രീതിയിൽ എത്തുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് കമ്മിങ് പറഞ്ഞു. ഇംഗ്ലണ്ടിലേക്ക് എത്തുന്ന നഴ്‌സുമാർക്ക് ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസ്സാകണം. നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ മറ്റ് നിബന്ധനകളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽനിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതോടെയാണ് എൻഎച്ച്എസിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തത്. ഇംഗ്ലീഷ് ഭാഷാ പരീക്ഷ നിർബന്ധമാക്കിയതോടെ നഴ്‌സുമാരുടെ വരവ് ഗണ്യമായി കുറഞ്ഞു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുന്നതോടെ, നഴ്‌സുമാരുടെ ദൗർലഭ്യം ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. ഇതിന് പരിഹാരമെന്നോണമാണ് അപ്പോളോ ആശുപത്രിയുമായി എൻഎച്ച്എസ് കരാറിലേർപ്പെടാൻ ഉദ്ദേശിക്കുന്നത്.

ജീവനക്കാരെ പങ്കുവെക്കുന്നത് സംബന്ധിച്ച് 2015 ഡിസംബറിലാണ് എൻഎച്ച്എസും അപ്പോളോ ആശുപത്രിയുമായി ധാരണാപത്രം ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി ഡോക്ടർമാരെ താൽക്കാലിക പെർമിറ്റിൽ ഇന്ത്യയിൽനിന്ന് കൊണ്ടുവരുന്നുണ്ട്. നഴ്‌സുമാരെക്കൂടി ഇതേ രീതിയിൽ കൊണ്ടുവരണമെന്നാണ് എൻഎച്ച്എസ് അധികൃതരുടെ പദ്ധതി. ഡോക്ടർമാരുടെ കൈമാറ്റ പദ്ധതിയനുസരിച്ച് ലണ്ടനിലെത്തിയ 20 ഡോക്ടർമാർ ഇക്കൊല്ലം മുതൽ മാഞ്ചസ്റ്ററിലെ എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്തുതുടങ്ങും.