ഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ സ്വന്തം ജീവൻപോലും പണയം വെച്ച് പോരാടുന്നവരിൽ മുൻപന്തിയിലാണ് നഴ്‌സുമാർ.മെയ്് 12 അന്താരാഷ്ട്ര നഴ്‌സ് ദിനത്തിൽ കോവിഡിനെതിരായ പോരാട്ടിൽ ജീവൻപൊലിഞ്ഞ നഴ്‌സുമാരുടെ കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ.

രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടമായത് 90 നഴ്‌സുമാർക്ക്. കോവിഡിന്റെ ആദ്യ വ്യാപനം മുതലുള്ള കണക്കാണിത്. ജോലിക്കിടെ കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ചു മരിച്ചവരെ ഉൾപ്പെടുത്തി നഴ്‌സുമാരുടെ ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണു കണക്കെടുത്തത്.

15 സംസ്ഥാനങ്ങളിലാണു മരണം. 13 നഴ്‌സുമാർ വീതം മരിച്ച ഉത്തർപ്രദേശും മഹാരാഷ്ട്രയുമാണു പട്ടികയിൽ മുൻപിൽ. കേരളത്തിൽ നഴ്‌സുമാർ ആരും കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല. എന്നാൽ, ഡൽഹിയിൽ 4 മലയാളി നഴ്‌സുമാർ മരിച്ചു.

മരിച്ചവരിലേറെയും 45നും 60നും ഇടയിൽ പ്രായമുള്ളവരാണെന്ന് അസോസിയേഷൻ ദേശീയ പ്രസിഡന്റ് പ്രഫ. റോയ് കെ.ജോർജ് പറഞ്ഞു.