മസ്‌കത്ത് : ഒമാനിൽ സ്വദേശിവത്കരണം ശക്തമാകുമ്പോഴും ഇന്ത്യൻ നഴ്‌സുമാർക്ക് അവസരത്തിന്റെ പുത്തൻ വാതിൽ തുറന്ന് ആരോഗ്യ മന്ത്രാലയം. വിദേശികളെ കൂട്ടത്തോടെ രാജ്യത്ത് നിന്നും പിരിച്ച് വിടുമ്പോഴും ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാർക്ക് സന്തോഷത്തിന്റെ വാർത്തയാണ് ഭരണകൂടം നൽകുന്നത്. ഏതാനും ദിവസം മുൻപ് വന്ന അറിയിപ്പ് പ്രകാരം വനിതാ നഴ്സുമാർക്ക് മാത്രമാണ് ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ഒമാനിൽ ഇന്ത്യക്കാരായ നഴ്‌സുമാർക്ക് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് വിശദീകരണവും വന്നിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വീറ്റിൽ ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. 400 ഇന്ത്യൻ നഴ്സുമാർക്കാണ് തൊഴിൽ അവസരം ഒരുക്കിയിട്ടുള്ളത്.

ഓപറേഷൻ തിയേറ്റർ, ഐസിയു, പിഐസിയു, എൻഐസിയു, സിസിയു, മെഡിക്കൽ, ശസ്ത്രക്രിയ, ആക്സിഡന്റ്, അത്യാഹിതം, ഡയാലിസിസ് എന്നീ വിഭാഗങ്ങളിലാണ് വിദഗ്ധരായ നഴ്സുമാർക്ക് നിയമനം നൽകുന്നത്. അതേസമയം, സ്വദേശി നഴ്സുമാർക്ക് പകരം ഇന്ത്യൻ നഴ്സുമാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനും മന്ത്രാലയം മറുപടി നൽകി.

വിദഗ്ധരും പരിചയ സമ്പന്നരുമായ നഴ്സുമാരെയാണ് തേടുന്നതെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2018 ജൂൺ 30 വരെ 185 സ്വദേശി നഴ്സുമാരെ നിയമിച്ച് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.