തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ നഴ്‌സുമാർ ജനുവരി 31 മുതൽ അനിശ്ചിത കാല സമരം തുടങ്ങും. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പതിനാറോളം അവകാശങ്ങൾ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്.

നഴ്സിങ് ഓഫിസർമാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്സ്-രോഗി അനുപാതം പാലിക്കുക, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ടിനെതിരെയുള്ള ഏകപക്ഷീയ നടപടി പിൻവലിക്കുക, ചേഞ്ചിങ് റൂം അനുവദിക്കുക, നിയമപ്രകാരമുള്ള ചൈൽഡ് കെയർ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്റ്റഡീ ലീവ് അനുവദിക്കുക, ഹയർ ഡിഗ്രി അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാർ മുന്നോട്ട് വയ്ക്കുന്നത്.

ഇതേ ആവശ്യങ്ങളുന്നയിച്ച് 2021 നവംബർ 24 നഴ്‌സുമാർ ധർണ നടത്തിയിരുന്നു. അതിന് ശേഷം നവംബർ 26ന് ഡയറക്ടറും നഴ്‌സിങ് അസോസിയേഷനും തമ്മിൽ നടന്ന ചർച്ചയിൽ അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് ഗ്രെയ്‌സി എംവിക്കെതിരായ നടപടി പുനപരിശോധിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.