ദുബായ്: ദുബായിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നവദമ്പതികളിൽ യുവതി മരിച്ചു. ഭർത്താവിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഖിസൈസ് ഏരിയയിലെ ഷെയ്ഖ് റാഷിദ് കെട്ടിടത്തിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ നഴ്‌സാണ് ആത്മഹത്യ ചെയ്തത്.

അടുത്തിടെ വിവാഹിതരായി ദുബായിലെത്തിയ തിരുവനന്തപുരം സ്വദേശികളായ ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ തൂങ്ങി മരിക്കുകയായിരുന്നു. ഇത് കണ്ട് ഭർത്താവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഭർത്താവുമൊത്തുള്ള വഴക്കിനെ തുടർന്ന് യുവതി മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്യുകയായിരുന്നു പിന്നീട് ഭർത്താവ് പുറത്തേക്ക് പോകുകയും ചെയ്തു. തിരിച്ചെത്തിയിട്ടും യുവതി വാതിൽ തുറക്കാതിരിക്കുന്നത് കണ്ട് സംശയം തോന്നിയ യുവാവ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. തുടർന്ന് കൈയിലെ ഞരമ്പ്് മുറിച്ച് യുവാവും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു മാസം മുൻപാണ് ഇവർ സംഭവം നടന്ന ഷെയ്ഖ് റാഷിദ് ബിൽഡിങ്ങിലേക്ക് താമസം മാറ്റിയത്. യുവാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.