ഡബ്ലിൻ: രാജ്യമെമ്പാടുമുള്ള പബ്ലിക് ആശുപത്രികളിൽ 1,700-ത്തിലധികം നഴ്‌സുമാരുടെ ഒഴിവുകളുണ്ടെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ആശുപത്രികളിൽ അനുഭവപ്പെടുന്ന നഴ്‌സുമാരുടെ ക്ഷാമം നികത്താൻ എച്ച്എസ്ഇയുടെ ഭാഗത്തു നിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും ഐഎൻഎംഒ കുറ്റപ്പെടുത്തി.

നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിലും അവരെ നിലനിർത്തിക്കൊണ്ടു പോകുന്ന കാര്യത്തിൽ ഏറെ ബുദ്ധിമുട്ടാണ് ആശുപത്രികൾ നേരിടുന്നതെന്നും ഇതിന് തക്കതായ പരിഹാരം കണ്ടെത്തേണ്ടത് എച്ച്എസ്ഇയാണെന്നും ഐഎൻഎംഒ ചൂണ്ടിക്കാട്ടി. ആശുപത്രികൾ എത്രത്തോളം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നോ അത്രത്തോളം തന്നെ നഴ്‌സുമാർ പിരിഞ്ഞുപോകുന്നുണ്ട്.

ആയിരത്തിലധികം നഴ്‌സുമാരെ അധികമായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന സർക്കാർ വാദത്തെ ഐഎൻഎംഒ എതിർത്തു. അക്യൂട്ട് ഹോസ്പിറ്റലുകളിൽ റിക്രൂട്ട് ചെയ്യപ്പെട്ട 66 ശതമാനം നഴ്‌സുമാരും ഇപ്പോൾ പബ്ലിക് സർവീസിലാണ് ജോലി ചെയ്യുന്നതെന്നും ഓർഗനൈസേഷൻ വ്യക്തമാക്കി.

റിക്രൂട്ട് ചെയ്യുന്നത്ര നഴ്‌സുമാരെ നിലനിർത്തികൊണ്ടുപോകാൻ സാധിക്കാത്തതു മൂലം ആശുപത്രികൾ ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. പബ്ലിക് സർവീസിലേക്ക് അധികമായി ആയിരത്തിലധികം നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സർക്കാർ വാദിക്കുമ്പോൾ കൊഴിഞ്ഞുപോയ നഴ്‌സുമാരുടെ എണ്ണം ഇവർ കണക്കാക്കുന്നില്ലെന്ന് ഐഎൻഎംഒ കുറ്റപ്പെടുത്തി.