തിരുവനന്തപുരം: മലാഖമാരുടെ കണ്ണീരൊപ്പാൻ പിണറായി സർക്കാരിന്റെ ഇടപെടൽ. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, സ്‌കാനിങ് സെന്ററുകൾ, എക്സ്റേ യൂണിറ്റുകൾ, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ച് സർക്കാർ പ്രാഥമിക വിജ്ഞാപനമായി. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സമ്മർദ്ദം മറികടന്നാണ് സർക്കാരിന്റെ തീരുമാനം.

ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്. നഴ്സസ് മാനേജർമാർക്ക് 22650, നഴ്സിങ് സൂപ്രണ്ട് 22090, അസി. നഴ്സിങ് സൂപ്രണ്ട് 21550, ഹെഡ് നഴ്സ് 21020, ട്യൂട്ടർ നഴ്സ് / ക്ലിനിക്കൽ ഇൻസ്ട്രക്ടർ 20550, സ്റ്റാഫ് നഴ്സ് 20000, എ.എൻ.എം. ഗ്രേഡ് - 1 - 18570, എ.എൻ.എം. ഗ്രേഡ് - 2 - 17680 എന്നിങ്ങനെയാണ് നഴ്സിങ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ട് മാസം തികയുന്ന തീയതിക്കോ അതിനുശേഷമോ നിർദ്ദേശങ്ങൾ പരിഗണനയ്ക്കെടുക്കും.

ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സർക്കാർ പരിഗണിക്കും. ഇവ അഡീഷണൽ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണമെന്നാണ് നിർദ്ദേശം. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ നേഴ്‌സുമാർക്ക് അർഹതപ്പെട്ട ശമ്പളം ഉറപ്പാകും. നേഴ്‌സുമാർ സമര പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ വേതന വർദ്ധനവ് നടപ്പിലാക്കൽ സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചിരുന്നു.

ഒറ്റയടിക്ക് 80 ശതമാനം വർധനവ് ഒന്നും നടത്താൻ പറ്റില്ലെന്ന് നേരത്തെ തന്നെ സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടന വ്യക്തമാക്കുകയിരുന്നു. സുപ്രീം കോടതി വിധിയിൽ 2013ൽ നിർദ്ദേശിച്ച ശമ്പളം പോലും പല ആശുപത്രികളും നൽകുന്നില്ല. സർക്കാർ തീരുമാനം നഴ്‌സുമാർക്ക് അനുകൂലമെങ്കിൽ കോടതിയെ സമീപിക്കാനായിരുന്നു കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ തീരുമാനം. എന്നാൽ കോടതി ഇത് അനുവദിച്ചില്ല. പല ആശുപത്രികളിലും ഇപ്പോഴും 2013 ഏപ്രിലിൽ നടപ്പിലാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശയിലുണ്ടായിരുന്ന തുക പോലും നൽകാറില്ല.

വൻകിട കമ്പനി മേധാവികളും മുതിർന്ന രാഷ്ട്രീയക്കാരുൾപ്പടെ നിരവധിപേർ ചികിത്സ തേടുന്നതിലൂടെ തങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതുകൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അറിയുന്ന നഴ്‌സുമാർ സമരവുമായി മുന്നോട്ട് പോകില്ലെന്ന വിശ്വാസത്തിലാണ് പല സ്വകാര്യ ആശുപത്രികളും മുന്നോട്ട് പോകുന്നത്. ഇതിനാണ് പിണറായി വിജയൻ സർക്കാർ വിരാമമിടുന്നത്. പല ആശുപത്രികളും നഴ്‌സിങ് ഫീസ് എന്ന ഇനത്തിൽ മാത്രം വാങ്ങുന്നതിന്റെ ഒരംശം പോലും ശമ്പളമായി നൽകുന്നില്ലെന്നതാണ് വാസ്തവം. നഴ്‌സിങ് ഫീസ് എന്ന ഇനത്തിൽ ഒരു രോഗിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ ദിവസേന ഈടാക്കുന്നത് 300 മുതൽ 1000 രൂപവരെയാണ്. ഒരു നഴ്‌സിന് തന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയിൽ 5 മുതൽ 10 രോഗികളെ വരെയാണ് നോക്കേണ്ടി വരുക.

അതായത് 1500 മുതൽ പതിനായിരം രൂപ വരെയാണ് നഴ്‌സിങ് ഫീസ് ഇനത്തിൽ ഒരു നഴ്‌സ് നോക്കുന്ന രോഗികളിൽ നിന്നും മാത്രം ഈടാക്കുന്നത്. ഒരു ദിവസത്തെ മാത്രം കണക്കാണിത് എന്നിരിക്കെ യാണ് നഴ്‌സുകളോട് ഈ നെറികേട് തുടരുന്നത്. പല ആശുപത്രികളും ഇപ്പോഴും നഴ്‌സുമാർക്ക് നൽകുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്.

ഇതുകൊണ്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാകാതെ മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം ജോലിയിൽ തുടരുകയാണ് നിരവധിപേർ. വലിയ ശമ്പളം മെച്ചപ്പെട്ട ജീവിതം എന്നീ സ്വപ്നങ്ങൾ തന്നെയാണ് നഴ്‌സുമാർക്കുമുള്ളത്. ഇതാണ് സാക്ഷാത്കരിക്കപ്പെടുന്നത്.