തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളവർധന സംബന്ധിച്ച സർക്കാർ വിജ്ഞാപനത്തെ മാനേജ്മന്റെ് അസോസിയേഷനുകൾ അംഗീകരിക്കില്ല. സർക്കാർ തീരുമാനിച്ച വേതനവർധനയുടെ കാര്യത്തിൽ കഴിഞ്ഞദിവസം ലഭിച്ച പ്രാഥമിക വിജ്ഞാപനത്തിനെതിരെ ആക്ഷേപം ഉന്നയിക്കാനൊരുങ്ങുകയാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേഴ്‌സ് അസോസിയേഷൻ. ആക്ഷേപങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു. മാനേജ്മന്റെുകൾ കോടതിയെ സമീപിച്ചാൽ വേതനവർധന നടപടി വീണ്ടും വൈകുമെന്ന ആശങ്കയും നഴ്‌സുമാർക്കുണ്ട്.

മാനേജ്മന്റെുകളുടെ നിലപാടിനെതിരെ യു.എൻ.എ രംഗത്തെത്തി. കോടതിയിൽ പോയാൽ നിയമപരമായി നേരിടുമെന്നും ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്നുമാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. അതേസമയം, വേതനവർധന സംബന്ധിച്ച് അന്തിമ വിജ്ഞാപനമാകും വരെ ഇടക്കാലാശ്വാസം നൽകണമെന്ന നഴ്‌സുമാരുടെ ആവശ്യവും ചില മാനേജ്മന്റെുകൾ പരിഗണിച്ചില്ല. തെക്കൻ ജില്ലകളിലെ ആശുപത്രികളാണ് ഇത്തരത്തിൽ നിസ്സഹകരണം തുടരുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് നഴ്‌സുമാർ പ്രതിഷേധിച്ചതോടെ സംഘടന പ്രതിനിധികളും അസോസിയേഷനുകളുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരം ജില്ല ലേബർ ഓഫിസർ സത്യരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാനാണ് യു.എൻ.എ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വേതനവർധന പ്രാവർത്തികമാകുംവരെ വിവിധ സ്ലാബുകൾ പ്രകാരം 8000 മുതൽ 16,000 വരെ നിശ്ചയിച്ച് ഇടക്കാലാശ്വാസം നൽകണമെന്ന് യു.എൻ.എ ആവശ്യപ്പെട്ടു. എന്നാൽ, അക്കാര്യം സമ്മതിക്കാൻ മാനേജ്മന്റെ് പ്രതിനിധികൾ കൂട്ടാക്കിയില്ല.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, ഫാർമസികൾ, സ്‌കാനിങ് സെന്ററുകൾ, എക്‌സ്‌റേ യൂണിറ്റുകൾ, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ച് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സമ്മർദ്ദം മറികടന്നാണ് സർക്കാരിന്റെ തീരുമാനം. ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്. നഴ്‌സസ് മാനേജർമാർക്ക് 22650, നഴ്‌സിങ് സൂപ്രണ്ട് 22090, അസി. നഴ്‌സിങ് സൂപ്രണ്ട് 21550, ഹെഡ് നഴ്‌സ് 21020, ട്യൂട്ടർ നഴ്‌സ് / ക്ലിനിക്കൽ ഇൻസ്ട്രക്ടർ 20550, സ്റ്റാഫ് നഴ്‌സ് 20000, എ.എൻ.എം. ഗ്രേഡ് - 1 - 18570, എ.എൻ.എം. ഗ്രേഡ് - 2 - 17680 എന്നിങ്ങനെയാണ് നഴ്‌സിങ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ട് മാസം തികയുന്ന തീയതിക്കോ അതിനുശേഷമോ നിർദ്ദേശങ്ങൾ പരിഗണനയ്‌ക്കെടുക്കും.

ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സർക്കാർ പരിഗണിക്കും. ഇവ അഡീഷണൽ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണമെന്നാണ് നിർദ്ദേശം. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ നേഴ്സുമാർക്ക് അർഹതപ്പെട്ട ശമ്പളം ഉറപ്പാകും. നേഴ്സുമാർ സമര പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വേതന വർദ്ധനവ് നടപ്പിലാക്കൽ സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചിരുന്നു.

ഒറ്റയടിക്ക് 80 ശതമാനം വർധനവ് ഒന്നും നടത്താൻ പറ്റില്ലെന്ന് നേരത്തെ തന്നെ സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടന വ്യക്തമാക്കുകയിരുന്നു. സുപ്രീം കോടതി വിധിയിൽ 2013ൽ നിർദ്ദേശിച്ച ശമ്പളം പോലും പല ആശുപത്രികളും നൽകുന്നില്ല. സർക്കാർ തീരുമാനം നഴ്സുമാർക്ക് അനുകൂലമെങ്കിൽ കോടതിയെ സമീപിക്കാനായിരുന്നു കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ തീരുമാനം. എന്നാൽ കോടതി ഇത് അനുവദിച്ചില്ല. പല ആശുപത്രികളിലും ഇപ്പോഴും 2013 ഏപ്രിലിൽ നടപ്പിലാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശയിലുണ്ടായിരുന്ന തുക പോലും നൽകാറില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടത്.