മാഡ്രിഡ്: എബോള രോഗികളെ ശുശ്രൂഷിച്ച് അവസാനം എബോള വൈറസ് ബാധിച്ച സ്‌പെയിനിലെ നഴ്‌സ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. എബോള ബാധിതരായ മിഷണറിമാരെ ശുശ്രൂഷിച്ച നഴ്‌സ് തെരേസ റൊമേറോയാണ് എബോള ബാധിതയായി മാഡ്രിഡിലെ കാർലോസ് III ആശുപത്രയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.

തെരേശ റൊമേറോയ്ക്ക് എബോള ബാധിച്ചതോടെ ആഫ്രിക്കയ്ക്ക് പുറത്ത് എബോള ബാധിക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയ ഈ നഴ്‌സ്. ഞായറാഴ്ച രാത്രിയോടെ തെരേസയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ശ്വാസകോശത്തിൽ ചില പ്രശ്‌നങ്ങൾ കണ്ടതോടെ ഡോക്ടർമാർക്ക് ഇവരുടെ ആരോഗ്യത്തിൽ ആശങ്കയായിത്തുടങ്ങിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് മറ്റാർക്കും എബോള വൈറസ് പകർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് എമർജൻസി മാനേജ്‌മെന്റ് ടീം ഫെർനാണ്ടോ സൈമൺ വ്യക്തമാക്കി. എബോളയെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും മറ്റാർക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫെർനാണ്ടോ പറഞ്ഞു. എബോളയെ ചെറുക്കുന്നതിന് സർക്കാർ പുതിയ എബോള മാനേജ്‌മെന്റ് ടീം രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് നേതൃത്വം നൽകുന്നതു വിദഗദ്ധരാണെന്നും ഇവർ കൂട്ടിച്ചേർത്തു. എബോള വൈറസിനെ നേരിടുന്നതിനുള്ള സന്നാഹങ്ങൾ രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്.