തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടക്കുന്ന അംഗൻവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വർക്കർമാരും ഹെൽപർമാരും തിങ്കളാഴ്ച മുതൽ രാവിലെ 9.30ന് അംഗൻവാടിയിൽ എത്തണം. കുട്ടികൾ എത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. കോവിഡ് പശ്ചാത്തലത്തിലും ഫീഡിങ് ടേക്ക് ഹോം റേഷനായി നൽകുക, സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സർവേകൾ, ദൈനംദിന ഭവന സന്ദർശനങ്ങൾ മുതലായവ തടസ്സം കൂടാതെ നടത്തണമെന്ന് നിർദേശിച്ചിരുന്നു. എങ്കിലും കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാഹചര്യത്തിൽ പല പ്രവർത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല.ഈ സർവേകളെല്ലാം നിർത്തിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അംഗൻവാടികളുടെ പ്രവർത്തനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യവസ്ഥകളോടെ പുനരാരംഭിക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അംഗൻവാടികൾ തുറന്നാലും ഗുണഭോക്താക്കൾക്കുള്ള ഭക്ഷണം ഫീഡിങ് ടേക്ക് ഹോം റേഷനായി തുടരണം. സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സർവേകൾ, ദൈനംദിന ഭവന സന്ദർശനങ്ങൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചക്കുശേഷം നടത്തണം.മാർച്ച് 10 മുതലാണ് മുഴുവൻ അംഗൻവാടി പ്രീ സ്‌കൂൾ കുട്ടികൾക്കും താൽക്കാലിക അവധി നൽകിയത്.