ന്റെ ഭാര്യ കഴിഞ്ഞ പന്ത്രണ്ടു വർഷമായി ദുബായ് ആസ്ഥാനമായുള്ള വെൽ കെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു. ആശുപത്രിയിലെ കഠിനമായ ജോലി സാഹചര്യങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ജൂലൈ മാസത്തോടു കൂടി ജോലി രാജി വച്ച്, ഫാമിലി വിസയിൽ ഒതുങ്ങിക്കൂടുവാൻ പദ്ധതിയിട്ടു. ചില സാങ്കേതിക കാരണങ്ങളാൽ ഫാമിലി വിസ ശരിയാക്കാൻ സമയമെടുക്കുമെന്നു അറിഞ്ഞതിനാൽ നാട്ടിലേക്ക് മടങ്ങുകയും, മൂന്നു മാസത്തെത്ത ടൂറിസ്റ്റ് വിസക്ക് അപ്ലൈ ചെയുകയും ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച എനിക്കും അത്യാവശ്യമായി നാട്ടിലേക്ക് വരേണ്ടതായ അടിയന്തിര സാഹചര്യമുണ്ടായി. വ്യാഴാഴ്‌ച്ച രാവിലെ എത്തി വെള്ളിയാഴ്‌ച്ച വൈകുന്നേരം മടങ്ങി പോവുകയായിരുന്നു എന്റെ പ്ലാൻ. അതനുസരിച്ചു, വെള്ളിയാഴ്‌ച്ച ഇൻഡിഗോ വിമാനത്തിൽ തിരിച്ചു പോകുവാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് ആണ് ഭാര്യയുടെ ടൂറിസ്റ്റ് വിസ റെഡി ആയി എന്ന അറിയിപ്പ് വന്നത്. എങ്കിൽ പിന്നെ യാത്ര ഒന്നിച്ചാവാം എന്ന പ്ലാനിടുകയും വൈകുന്നേരം 6.10 നുള്ള ഇൻഡിഗോ എയർലൈൻസിൽ ടിക്കറ്റു ബുക്ക് ചെയുവാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ഇൻഡിഗോയിൽ സീറ്റ് ഉണ്ടായിരുന്നില്ല, അതിനാൽ 4 .55 നു പറക്കേണ്ട എയർ ഇന്ത്യ എക്പ്രസ്സിൽ ( രണ്ടു മണിക്കൂർ വൈകി 6 .55 ന് ആണ് അന്ന് എയർ ഇന്ത്യ എക്പ്രസ്സ് പറക്കുന്നത് എന്ന അറിയിപ്പുണ്ടായിരുന്നു.) ടിക്കറ്റ് ബുക്ക് ചെയ്തു. മുക്കാൽ മണിക്കൂർ വ്യത്യാസമേ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ രണ്ടു പേരും ഒന്നിച്ചാണ് എയർ പോർട്ടിൽ എത്തിയത്.

ഇൻഡിഗോയുടെ ചെക്കിൻ കൗണ്ടറിൽ പോയി ചെക്ക് ഇൻ ചെയ്തു ഞാൻ ഇമിഗ്രെഷനും സെക്ക്യൂരിറ്റി ചെക്കും കഴിഞ്ഞു ഭാര്യയെ കാത്തു നിൽക്കുകയാണ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിട്ടും ചെക്കിൻ കഴിഞ്ഞു ഭാര്യ എത്തിയില്ല. നാട്ടിലെ സിം കാർഡുള്ള ഫോൺ എന്റെ കൈയിലാണ്, അതിനാൽ ഫോൺ ചെയ്യാൻ മാർഗമില്ല. ഒടുവിൽ മറ്റൊരു ഫോണിൽ നിന്ന് എന്റെ ഭാര്യ വിളിക്കുന്നു. എന്റെ പാസ്സ്പോർട്ട്, വിസ കോപ്പികൾ വേണം, അതിനാൽ പാസ്പോർട്ട് വാങ്ങാൻ എയർ ഇന്ത്യ എക്പ്രസ്സിന്റെ ഒരു സ്റ്റാഫ് വരും, കൊടുക്കണമെന്ന് പറഞ്ഞു. ഉടൻ തന്നെ സെക്ക്യൂരിറ്റി ക്ലീയറൻസിന്റെ അടുത്തെത്തി ഒരു എയർ ലൈൻ സ്റ്റാഫ് എന്റെ കയ്യിൽ നിന്നും പാസ്സ്‌പോര്ട് വാങ്ങി പോയി.

എന്റെ ഭാര്യയുടെ പ്രൊഫെഷൻ നഴ്‌സ് ആണെന്നതാണ് യാത്രക്ക് തടസ്സമായി അവർ പറയുന്നത്. കേരളത്തിൽ നിന്ന് നഴ്‌സിങ് പ്രൊഫഷൻ ഉള്ളവർ, നോർക്കയുടെ അംഗീകാരമില്ലാതെ ഗൾഫിൽ പോകുവാൻ പാടില്ല പോലും. ഭർത്താവിനൊപ്പം ദുബായിൽ പോകുകയാണെന്നും നഴ്‌സ് ജോലി രാജി വച്ചെന്നും പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ഒടുവിൽ, ഈ ടൂറിസ്റ്റു വിസയിൽ ദുബായിൽ പോയി ജോലി അന്വേഷിക്കില്ല എന്ന വ്യവസ്ഥയിൽ ഒരു ഫോമിൽ ഒപ്പിട്ടു കൊടുത്താൽ യാത്രാനുമതി നൽകാം എന്ന ഉറപ്പിൽ , ഫോമിൽ ഒപ്പിട്ടു കൊടുത്തിട്ടാണ് അവർ ചെക്കിൻ ചെയ്യിപ്പിച്ചത്.

ഭർത്താവ് ഗൾഫിൽ ആണെന്നുള്ള തെളിവിനു വേണ്ടി ആണ് പാസ്‌പോര്ട് കോപ്പിയും വിസയുടെ കോപ്പിയും എടുക്കുവാൻ എന്റെ പാസ്സ്പോർട്ട് മേടിച്ചതു. ആ ഫോമിൽ ഒപ്പിടുവാൻ രണ്ടു സാക്ഷികളെയും വേണമെന്നുള്ളതാണ് അതിലും തമാശ. ഒടുവിൽ മറ്റാരും അടുത്തില്ലാതിരുന്നതിനാൽ, എയർ ലൈൻ സ്റ്റാഫ് തന്നെ സാക്ഷിയായി ഒപ്പിടേണ്ടി വന്നു. ഗൾഫിൽ പോയി നഴ്‌സ് ആയി ജോലി ചെയുന്നത് എന്തോ രാജ്യ ദ്രോഹ കുറ്റം ആയിട്ടാണ് കേരളം സർക്കാർ കാണുന്നതെന്നു തോന്നുന്നു.

ഇന്നലെ ഇക്കാര്യത്തെകുറിച്ച് മറ്റൊരു ഹോസ്പിറ്റലിലെ നഴ്‌സിങ് മാനേജരുമായി സംസാരിച്ചപ്പോൾ ആനറിയുന്നതു, അവരുടെ ആശുപത്രിയിലേക്ക് വേണ്ടി അവർ റിക്രൂട്ട് ചെയ്ത ഒരു നേഴ്‌സിനുള്ള വിസ അയച്ചു കൊടുത്തിട്ടു, കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് ആ കുട്ടിയെ കയറ്റി വിട്ടില്ല. ഒടുവിൽ ആ കുട്ടി ഡൽഹി വഴിയാണ് ദുബായിലെ തന്റെ ജോലി സ്ഥലത്തേക്ക് പോയതെന്നും പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ വരുമാനം നേടിക്കൊടുക്കുന്നത് നേഴ്‌സ്മാരാണ് എന്ന് എന്തുകൊണ്ടാണ് സർക്കാർ ഇനിയും മനസിലാക്കകത്ത്? അവരെ എന്തിനു ഇങ്ങനെ ബുദ്ധിമുട്ടിക്കണം. അത് മാത്രമല്ല, ടൂറിസ്റ്റു വിസയിലും വിസിറ്റിങ് വിസയിലും പോകുന്നവരെ എന്തിനു നേഴ് ആണെന്ന ഒറ്റക്കാരണത്താൽ ഇങ്ങനെ ബുദ്ധി മുട്ടിക്കുന്നതു? അവർക്കെന്തേ ഗൾഫ് രാജ്യങ്ങൾ വിസിറ്റ് ചെയ്തു കൂടെ?