കുവൈത്ത് സിറ്റി: കുവൈത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന നൂറിലേറെ മലയാളി നഴ്‌സുമാർ തൊഴിൽ നഷ്ട ഭീഷണിയിലെന്ന് റിപ്പോർട്ട്. കുവൈത്തിൽ ഫർവാനിയ ഹോസ്പിറ്റലിൽ കെ.ആർ.എച്ച് എന്ന കമ്പനിയുടെ കീഴിൽ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്തുവന്ന മലയാളി നഴ്‌സുമാർക്കാണ് അപ്രതീക്ഷിതമായി പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ എംബസിക്ക് മുന്നിൽ പരാതിയുമായി എത്തിയിരിക്കു കയാണ് നൂറ് കണക്കിന് നഴ്‌സുമാർ.

മൂന്നുവർഷത്തേക്കായിരുന്നു ഇവരുടെ കരാർ. അതിന് ശേഷം രണ്ടുവർഷം നീട്ടിനൽകി. അഞ്ചുവർഷം മുമ്പ് മൂന്നര ലക്ഷം രൂപ വരെ ഏജന്റിന് നൽകിയാണ് ഇവർ ജോലിക്ക് കയറിയത്. കരാർ നീട്ടിനൽകുമെന്നും ജോലി നഷ്ടമാവില്‌ളെന്നുമായിരുന്നു ഏജന്റ് വിശ്വസിപ്പിച്ചിരുന്നത്. ഇവർ ഇപ്പോൾ കമ്പനിയുടെ ഹോസ്റ്റലിലാണ് കഴിയുന്നത്. ഇവരോട് രണ്ടുദിവസത്തിനകം നാട്ടിലേക്ക് കയറിപ്പോകാൻ ഞായറാഴ്ച വൈകീട്ട് കമ്പനി ആവശ്യപ്പെടുകയായിരുന്നു. കരാർ കാലാവധി കഴിഞ്ഞതിനാൽ കമ്പനിക്കെതിരെ നടപടിക്ക് സാധ്യതയില്ല. നോട്ടീസ് നൽകാതെ പെട്ടെന്ന് പിരിച്ചുവിട്ടത് പ്രതിസന്ധിയുണ്ടാക്കിയെന്നാണ് തൊഴിലാളികളുടെ ആരോപണം.

കരാർ കാലാവധി കഴിഞ്ഞതിനാൽ കമ്പനിക്കെതിരെ നടപടി സാധ്യമല്ലെന്നാണ് വിവരം. ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നഷ്ടമായത് കനത്ത പ്രതിസന്ധിയിലാക്കി എന്നാണ് നഴ്‌സുമാരുടെ പരാതി. കുടുംബസമേതം കുവൈത്തിലുള്ള അവരിൽ പലരുടെയും മക്കൾ
ഇവിടെ സ്‌കൂളുകളിൽ പഠിക്കുന്നുമുണ്ട്. കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാൻപോലും സാവകാശം ലഭ്യമായില്ല എന്ന പ്രശ്‌നവുമുണ്ട്. കുവൈത്തിലും നാട്ടിലും ബാങ്ക് ലോൺ എടുത്തവരും കൂട്ടത്തിലുണ്ട്. ഓഗസ്റ്റ് വരെ വീസാ കാലാവധിയുള്ളവരാണ് ഇവർ. എന്നാൽ റിലീസ് നൽകാനും കമ്പനി തയാറാകുന്നില്ലെന്ന് അവർ പരാതിപ്പെടുന്നു.

ആരോഗ്യ മന്ത്രാലയത്തിൽ രണ്ടുതരം നഴ്‌സുമാരാണുള്ളത്. മിനിസ്ട്രി വിസയിലുള്ള സ്ഥിരം ജീവനക്കാർക്ക് 700 ദീനാർ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാമുണ്ട്. എന്നാൽ, കരാർ ജീവനക്കാർക്ക് കരാർ കമ്പനി നൽകുന്ന തുച്ഛമായ ശമ്പളം മാത്രമാണുണ്ടാവുക. മന്ത്രാലയത്തിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ഇന്ത്യയിൽ സർക്കാർ അംഗീകൃത ഏജൻസിക്ക്
മാത്രമാക്കിയെങ്കിലും കരാർ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇപ്പോഴും നിലനിൽക്കുന്നു.

കരാർ നിയമനത്തിനും റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ചൂഷണത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കുവൈത്തിലെ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. രണ്ടുവർഷം മുമ്പ് അലീസ് എന്ന കമ്പനിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത 750ഓളം നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. ഇവരിലധികവും ഇന്ത്യക്കാരായിരുന്നു.