കൊച്ചി: വളരെ നാളത്തെ പരിശ്രമങ്ങൾക്കും വെല്ലുവിളികൾക്കും ഒടുവിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 23ന് സർക്കാർ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വർദ്ധന നടപ്പിലാക്കിയത്. ആശുപത്രി മാനേജ്മെന്റുകൾക്കെതിരെയുള്ള വികാരം ശക്തമായപ്പോൾ നഴ്സുമാരുടെ വേതനം പിണറായി സർക്കാർ ഉയർത്തി നൽകി എങ്കിലും സർക്കാരിനെയും വെല്ലുവിളിച്ച് നഴ്സുമാർക്ക് ശമ്പളം ഉയർത്തി നൽകാതെയും ചികിത്സാ ഫീസ് കുത്തനെ കൂട്ടിയും മുന്നോട്ട് പോകാനാണ് ആശുപത്രി മാനേജ്മെന്റുകളുടെ തീരുമാനം. സർക്കാരിനെയും വെല്ലുവിളിക്കുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ചേർന്ന് എടുത്ത ഈ തീരുമാനത്തിന്റെ രേഖകൾ മറുനാടൻ പുറത്ത് വിടുകയാണ്. ലിസി ആശുപത്രി ഡയറക്ടർ തോമസ് വൈക്കത്ത് പറമ്പിലിന്റെ പേരലുള്ള രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

300 ബെഡിൽ താഴെ ഉള്ള ആശുപത്രിയിലെ നഴ്സുമാർക്ക് പുതുക്കിയ ശമ്പളം നൽകേണ്ടതില്ലെന്നാണ് ആശുപത്രി മാനേജ്മെന്റുകൾ പറയുന്നത്. അതായത് പുതുക്കിയ ശമ്പള നിരക്ക് നിലവിൽ വന്നാലും 300ൽ താഴെ ബെഡുകൾ ഉള്ള ആശുപത്രിയിലെ നഴ്സുമാർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വേതനം മാത്രമേ നൽകൂ. 2018 ഏപ്രിൽ 23ന് നിലവിൽ വന്ന പുതുക്കിയ വേതനം ഇവർക്ക് നൽകില്ല.അതിനായി ഈ ആശുപത്രികളിലെ നഴ്സുമാരെ കൊണ്ട് ശമ്പള വർദ്ധന വേണ്ടെന്ന് സമ്മതിക്കുന്ന കരാർ ഉണ്ടാക്കി നിർബന്ധപൂർവ്വം ഒപ്പു വെപ്പിക്കണമെന്നും പറയുന്നു.

ചെറുകിട ആശുപത്രികളിലെ മിക്ക നഴ്സുമാരും ശമ്പള വർധനയെ പറ്റി ബോധവാന്മാരല്ല. ചെറിയ ആശുപത്രികൾക്ക് പുതുക്കിയ ശമ്പള നിരക്ക് അധിക ബാധ്യതയും ആശുപത്രി അടച്ചു പൂട്ടുമോ എന്ന പേടിയും ഇവർക്കുണ്ട്. അതിനാൽ തന്നെ പുതുക്കിയ ശമ്പള നിരക്ക് വേണ്ട എന്ന് നിർബന്ധിച്ച് ഇവരെ കൊണ്ട് എഗ്രിമെന്റ് എഴുതിക്കാനാകുമെന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ നഴ്സുമാരെക്കൊണ്ട് ഒപ്പു വെച്ച ശേഷം അത് അവരവരുടെ നിയമ പരിധിയിലുള്ള ലേബർ ഓഫിസർക്ക് അയച്ചു കൊടുക്കണം. നഴ്സുമാർ തന്നെ ശമ്പള വർദ്ധനവ് വേണ്ടെന്ന് പറഞ്ഞുള്ള എഗ്രിമെന്റ് ഒപ്പുവെച്ചത് ലേബർ ഓഫീസർമാർക്ക് അയച്ചു കൊടുക്കുന്നതോടെ നിയമ നടപടികളിൽ നിന്നും മാറി നിൽക്കാനും ആകും.

അതേസമയം വലിയ ആശുപത്രികൾ അതായത് 300ൽ അധികം ബെഡുകൾ ഉള്ള ആശുപത്രികൾ 2018 ഏപ്രിൽ 23ന് നിലവിൽ വന്നത് പ്രകാരമുള്ള ശമ്പളം തൊഴിലാളികൾക്ക് നൽകണം. 300 ബെഡിൽ കൂടുതലുള്ള ആശുപത്രികൾ ശമ്പള വർദ്ധന അംഗീകരിച്ചാലും കുടിശിക കൊടുക്കരുതെന്നും ഈ കത്തിൽ വ്യക്തമാക്കുന്നു. ശമ്പള വർദ്ധന നടക്കുന്നതിന് പിന്നാലെ തന്നെ രോഗികളിൽ നിന്നും അധികമായി പണം ഈടാക്കാനുമാണ് ആശുപത്രി മാനേജ്മെന്റുകളുടെ തീരുമാനം. രോഗികളിൽ നിന്നും അധിക പണം ഈടാക്കിയാൽ മാത്രമേ ആശുപത്രികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകൂ. അതിനാൽ ചികിത്സാ ഫീസ് ഉടനടി കൂട്ടി അധിക വരുമാനം കണ്ടെത്താനാണ് ആശുപത്രി മാനേജ്മെന്റുകളുടെ നീക്കം.

നഴ്സുമാർ സമരം ചെയ്തിട്ടും കണ്ണു തുറക്കാതെ സർക്കാർ അവസാന നിമിഷം വരെ ആശുപത്രി മുതലാളിമാർക്കൊപ്പം നിന്നിരുന്നു. സമരം കൈവിട്ടു പോകുമോ എന്ന അവാസന നിമിഷത്തിലാണ് സർക്കാർ നഴ്സുമാർക്ക് അനുകൂലമായി തീരുമാനം എടുത്തതും ശമ്പള വർദ്ധന നടപ്പിലാക്കിയതും. എന്നാൽ ഇപ്പോൾ സർക്കാരിനെയും വെല്ലുവിളിച്ച് ആശുപത്രി മാനേജ്മെന്റുകൾ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ഒരുങ്ങുന്നത്. 300 ബെഡിൽ താഴെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് ശമ്പളം കൂട്ടി നൽകേണ്ടതില്ല എന്ന ധിക്കാരപരമായ സമീപനമാണ് ആശുപത്രി മുതലാളിമാർ എടുത്തിരിക്കുന്നത്. ഇതും പോരാഞ്ഞ് ശമ്പള വർദ്ധന വേണ്ടെന്ന് സമ്മതിക്കുന്ന കരാർ ഉണ്ടാക്കി നഴ്സുമാരെ കൊണ്ട് നിർബന്ധ പൂർവ്വം ഒപ്പു വയ്‌പ്പിക്കണമെന്നുമുള്ള ധാർഷ്ഠ്യമാണ് ആശുപത്രി മുതലാളിമാർ കൈക്കൊള്ളുന്നത്.

ഇതോടെ നാളുകളായി നഴ്സുമാർ ചെയ്ത സമരം വീണ്ടും വെള്ളത്തിൽ വരച്ച വര പോലെയാകും. കാരണം കേരളത്തിലെ ഒട്ടു മിക്ക ആശുപത്രികളും 300ൽ താഴെ ബെഡുകൾ ഉള്ളവയാണ്. കിംസും അമൃതയും പോലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമാണ് 300ൽ കൂടുതൽ ബെഡ് ഉള്ളത്. അതായത് നഴ്സുമാരെ കൊണ്ട് ശമ്പള വർദ്ധന വേണ്ടെന്ന് നിർബന്ധിച്ച് ഒപ്പു വെപ്പിച്ചാൽ സമരം ചെയ്ത നഴ്സുമാരെല്ലാം വിഡ്ഢികളാകുമെന്ന് അർത്ഥം. നിലവിലെ സർക്കാർ നിയമം ഉണ്ടെങ്കിലും നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം കിട്ടുകയില്ല എന്ന് ചുരുക്കും. ഇതിനുള്ള ചരടുവലികളാണ് ആശുപത്രി മുതലാളിമാർ നടത്തുന്നത്.