കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് മലയാളി നഴ്‌സുമാർ. പലവിധത്തിലുള്ള കഷ്ടപ്പാടുകൾ ഇവർ സഹിക്കുന്നുമുണ്ട്. യുദ്ധകലുഷിതമായ ഇറാഖിലും സിറിയിയലും ജീവൻ പണയം വച്ചാണ് ഇവർക്ക് ജോലി ചെയ്യേണ്ടി വന്നത്. ഇങ്ങനെ യുദ്ധ മേഖലയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ ദുരിതങ്ങളെ കുറിച്ച് മലയാൡസമൂഹത്തിനും മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. ആഭ്യന്തര കലാപത്തെ തുടർന്ന് ഇറാഖിൽ നിന്നും നാട്ടിലേക്ക് പലായനം ചെയ്യപ്പെട്ട നഴ്‌സുമാരുടെ ദുരിത കഥടയുമായി ഒരു മലയാള സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.

കുഞ്ചാക്കോ ബോബൻ, പാർവതി, ഫഹദ് ഫാസിൽ, ആസിഫ് അലി, ജോജു, അലൻസിയർ തുടങ്ങിയവർ വേഷമിട്ട ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ദീർഘകാലമായി സിനിമയിൽ എഡിറ്ററായിരുന്ന മഹേഷ് നാരായണനാണ്. രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മാണം. ഇതുവരെ പേരിടാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനും പി.വി ഷാജികുമാറും ചേർന്നാണ്.

ഇറാഖിലെ തിക്രിത്തിൽ വിമതരുടെ പിടിയലായ ആശുപത്രിയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. നാട്ടിലെത്തിയ നഴ്‌സുമാരെ നേരിൽ കണ്ട് ദുരിതങ്ങൾ മനസിലാക്കിയാണ് കഥ രൂപപ്പെടുത്തിയതെന്ന് സംവിധായകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർത്തകളിലൂടെ അറിഞ്ഞ സംഭവങ്ങളെക്കാൾ വേദന നിറഞ്ഞതാണ് നഴ്‌സുമാരുടെ ജീവിതമെന്നു നടി പാർവതി അഭിപ്രായപ്പെട്ടു. നഴ്‌സുമാർക്ക് വേതനം വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ സിനിമയ്ക്ക് പ്രസക്തി വർദ്ധിച്ചതായി നടൻ കുഞ്ചാക്കോ ബോബനും പറഞ്ഞു.

കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ച സിനിമയുടെ ഒരു ഭാഗം ഇറാഖിലെ നജാഫിലും ചിത്രീകരിക്കും ഒക്ടോബർ അവസാനത്തോടെ ഷൂട്ടിങ് പൂർത്തിയാക്കും. പാർവതിയും കുഞ്ചാക്കോ ബോബനും നഴ്‌സുമാരുടെ വേഷത്തിലാണ് എത്തുന്നത്. ഫഹദ് ഫാസിൽ ഇന്ത്യൻ അംബാസഡറായി വേഷമിടും.