തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നേഴ്സുമാർ പ്രതിഷേധിക്കുന്നു. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഉത്തരവ് കത്തിച്ചുകൊണ്ടാണ് നേഴ്സുമാർ പ്രതിഷേധിക്കുന്നത്. ആശുപത്രി സൂപ്രണ്ടാണ് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ആരോഗ്യപ്രവർത്തകർക്കെല്ലാം വലിയ ജോലിഭാരമാണ് വന്നിരിക്കുന്നത്. എന്നാൽ രോഗികൾ ക്രമാതീതമായി വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാതെ നിലവിലുള്ള ജീവനക്കാരുടെ തലയിൽ ജോലിഭാരം കെട്ടിവയ്ക്കുകയാണെന്ന് നേഴ്‌സുമാർ ആരോപിക്കുന്നു.

10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് മൂന്ന് ദിവസം അവധി എന്നതാണ് നിലവിലെ ക്രമം. അതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ആറ് ദിവസം ജോലി ചെയ്താൽ ഒരു ദിവസം അവധി എന്നാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് നേഴ്സുമാർ രംഗത്തെത്തിയിരിക്കുന്നത്.

ജോലി ചെയ്യാൻ സന്നദ്ധരാണെന്നും എന്നാൽ ആവശ്യങ്ങൾ കേൾക്കാൻ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നേഴ്സുമാർ ആരോപിച്ചു. ഉത്തരവ് പിൻവലിക്കില്ലെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയതെന്നും അവർ പറഞ്ഞു. കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും നേഴ്സുമാർ ആവശ്യപ്പെട്ടു.

കേരളത്തിലെ മെഡിക്കൽ കോളേജുകളിലാകെ അമിത ജോലിഭാരത്താൽ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. ആവശ്യാനുസരണം ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന ആരോപണമുണ്ട്. പല മെഡിക്കൽ കോളേജുകളിലും ജീവനക്കാരുടെ അഭാവം മൂലം പ്രതിരോധപ്രവർത്തനങ്ങളാകെ താളംതെറ്റുന്ന അവസ്ഥയിലാണ്. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നിയമനങ്ങൾ നടത്തുന്നില്ല.