ഡബ്ലിൻ: തങ്ങൾ നേരിടുന്ന വിവിധ തൊഴിൽ പ്രശ്‌നങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സിങ് ജീവനക്കാർക്ക് സമരം വേണമോ വേണ്ടെയോ എന്ന് തീരുമാനിക്കുന്ന വോട്ടിങിന് തുടക്കമായി. വോട്ടിങിലൂടെ ഭൂരിപക്ഷം പേരും സമരത്തിന് പിന്തുണയറിക്കുമെന്ന് ഉറപ്പായതോടെ ക്രിസ്തുമസ് സമയത്ത് ആശുപത്രി പ്രവർത്തനം താറുമാറാകുമെന്ന് ഉറപ്പായി.

റിക്രൂട്ട്‌മെന്റ്-റീടെയ്ന്മെന്റ് പ്രശ്‌നങ്ങളും കുറഞ്ഞ വേതനവും ഉയർത്തുന്ന വെല്ലുവിളികളെ പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാരിനെതിരെ പണിമുടക്ക് അടക്കമുള്ള സമരത്തിന് രണ്ട് പ്രബല സംഘടനകളിലെ 46000 അംഗങ്ങളാണ് ബാലറ്റിലൂടെ പിന്തുണ അറിയിക്കുമെന്ന് ഉറപ്പാക്കിയിരിക്കുക്കുന്നത്.സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്റെ 6000 അംഗങ്ങൾ സമരത്തെ അനുകൂലിക്കുന്നതായി സംഘടനയുടെ ഇന്നലെ ചേർന്ന നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിലയിരുത്തി. ഡിസംബർ 13 നാണ് വോട്ടിങ് അവസാനിക്കു. ഇതിന് ശേഷമാകും സമരത്തിന്റെ തീയതികൾ തീരുമാനിക്കുക.

ഇതിനിടെ പ്രശ്‌നം പരിഹാരത്തിനുള്ള ഇടപെടൽ നടത്തുന്നതിന് എച്എസ്ഇയ്ക്കും സർക്കാരിനും സാവകാശം നൽകുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് സംഘടനകൾ അനുവദിച്ചിട്ടുള്ളത്.ഈ വേളയിലെങ്കിലും പ്രശ്‌ന പരിഹാരത്തിന് സർക്കാരും എച്.എസ്.ഇയും തയ്യാറായില്ലെങ്കിൽ ആരോഗ്യമേഖലയെയാകെ നിശ്ചലമാക്കുന്ന പണിമുടക്കിനായിരിക്കും സാക്ഷ്യം വഹിക്കുക.