ന്യൂഡൽഹി: തൊഴിൽ സ്ഥലത്തെ പീഡനങ്ങൾക്ക് ആത്മഹത്യയാണോ മറുപടി എന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. ആതുരസേവന മേഖലയിൽ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പീഡനത്തെ തുടർന്ന് നഴ്‌സുമാർ ആത്മഹത്യാശ്രമം നടത്തുന്ന സംഭവങ്ങൾ മനസ്സാക്ഷിയെ മുറിവേൽപ്പിച്ച് കൊണ്ട ആവർത്തിക്കുകയുമാണ്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഫേസ്‌ബുക്കിൽ കുറിച്ചിട്ടത് ഇങ്ങനെയാണ്: 'ആതുരസേവനമേഖല എന്ന തൊഴിലിടം സാധാരണ ഏതൊരുജോലിയെയും പോലെ കാണാവുന്നതല്ല, മികച്ച സേവന വേതന വ്യവസ്ഥകൾ കൈപ്പറ്റുന്ന ഡോക്ടർമാരും ,അതിനു താഴെ യാതൊരു പരിഗണയും കിട്ടാതെ മാന്യമായ കൂലി പോലും ലഭിക്കാതെ ആശുപത്രിയിലെ എണ്ണത്തിലും ജോലിയിലും സിംഹഭാഗവും കൈയാളുന്ന നേഴ്‌സിങ് സഹോദരങ്ങളും ,ഇതാണ് വ്യവസ്ഥ.ആശുപത്രിയുടെ നടത്തിപ്പിൽ ഭീമമായ ലാഭം വരുന്ന വഴി ഭൂരിഭാഗം വരുന്ന നേഴ്‌സിങ് തൊഴിലാളിക്കുള്ള ശമ്പളം നൽകാതിരിക്കൽ എന്ന മാജിക്കിലൂടെയാണ്'

അപ്രതീക്ഷിത പിരിച്ചുവിട്ടലിനെ തുടർന്ന് മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ച ഡൽഹിയിലെ ഐഎസ്ബിഎസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസസ്) ആശുപത്രിയിൽ നഴ്‌സുമാർ സമരം തുടങ്ങിയ സാഹചര്യവും വ്യത്യസ്തമല്ല. അപകടനില തരണം ചെയ്ത നഴ്‌സ് ഇപ്പോൾ എയിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. തൊഴിൽ സംബന്ധമായി ആശുപത്രിയിൽനിന്നു നേരിടുന്ന പീഡനത്തെക്കുറിച്ച് നഴ്‌സുമാർ നേരത്തേതന്നെ ഡൽഹി സർക്കാരിനു പരാതി നൽകിയിരുന്നു.

ഒരുനിമിഷം താൻ തോറ്റുപോയി എന്ന തോന്നലാണ് ഡൽഹി ആശുപത്രിയിലെ നഴ്‌സിനെയും ആത്മഹത്യാശ്രമത്തിലേക്ക് തള്ളിവിട്ടത്.എന്നാൽ തങ്ങൾ എല്ലാത്തിനും പ്ിന്തുണയായി നഴ്‌സുമാർക്കൊപ്പമുണ്ടെന്നും, ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നുമുള്ള സന്ദേശമാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നൽകുന്നത്.ഐഎസ്ബിഎസ് ആശുപത്രിയിൽ നഴ്‌സുമാരിൽ ചിലരെ ആശുപത്രി അധികൃതർ അകത്തു പൂട്ടിയിട്ടതായി സമരം നടത്തുന്ന നഴ്‌സുമാർ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങേണ്ട നഴ്‌സുമാരെയാണു പൂട്ടിയിട്ടത്. സമരത്തിൽ പങ്കെടുക്കാതിരിക്കാനാണു പൂട്ടിയിട്ടിരിക്കുന്നതെന്നു നഴ്‌സുമാർ പറയുന്നു. ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ പൂട്ടിയിട്ടത്.

രാവിലെ എട്ടുമണിക്ക് കന്റീനിൽ ഭക്ഷണം കഴിക്കാൻ പോയശേഷം തിരികെ ആശുപത്രിക്കു പുറത്തേക്കിറങ്ങാൻ ഒരുങ്ങിയപ്പോഴാണു പൂട്ടിയിട്ടതായി വ്യക്തമായത്. ഇവരെ ഡബിൾ ഡ്യൂട്ടി എടുക്കാൻ നിർബന്ധിക്കുന്നുവെന്നും നഴ്‌സുമാർ അറിയിച്ചു.എന്നാൽ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കാൻ ആശുപത്രി അധികൃതർ വിസ്സമ്മതിച്ചു. രോഗികളെ ഡിസ്ചാർജ് ചെയ്ത് ആശുപത്രി അടച്ചിടാനാണു നീക്കമെന്നും സൂചനയുണ്ട്. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ലെന്നാണു മാനേജ്‌മെന്റിന്റെ നിലപാട്.

അതേസമയം, ആശുപത്രിക്കു പുറത്ത് മലയാളി നഴ്‌സുമാർ അടക്കമുള്ളവർ സമരം ചെയ്യുന്നുണ്ട്.കഴിഞ്ഞ കുറച്ചുനാളുകളായി കാരണമൊന്നും പറയാതെ കരാർ പുതുക്കാതെ ഇരുപതിൽപരം നഴ്‌സുമാരെ ആശുപത്രി അധികൃതർ പിരിച്ചുവിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചു ജൂലൈ അവസാനം നഴ്‌സുമാർ അനിശ്ചിതകാല നിരാഹാര സമരം നടത്തി. എട്ടുദിവസത്തെ സമരം ഡൽഹി തൊഴിൽമന്ത്രി ഗോപാൽ റായിയുടെ ഇടപെടലിലൂടെ അവസാനിപ്പിച്ചെങ്കിലും പിന്നീട് സമരത്തിൽ പങ്കെടുത്ത നഴ്‌സുമാർക്കെതിരെ പ്രതികാരനടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു വന്നതാണ് വീണ്ടും പ്രകോപനമുണ്ടാക്കിയത്. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ സമരം.

അതിനിടെ, ഡൽഹിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിന് മാനസികമായ പിന്തുണ നൽകണം. അതിന് അവരെ നിർബന്ധിതയാക്കി യ സാഹചര്യം പശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലാകട്ടെ, ആലപ്പുഴ കെവി എം ഹോസ്പിറ്റൽ, കോട്ടയം ഭാരത് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നഴ്‌സുമാർ പിരിച്ചുവിടലടക്കമുള്ള പ്രശനങ്ങളിൽ സമരത്തിലാണ്.എന്നാൽ, ഇവർക്ക് സഹായമെത്തിക്കാൻ സംസ്ഥാന വനിതാ കമ്മീഷനോ, യൂത്ത് കമ്മീഷനോ, വനിത സംഘടനകളോ രംഗത്തില്ലെന്നതും ആലോചനാവിഷയമാണ്. സർക്കാരാകട്ടെ, ആദ്യഘട്ടത്തിൽ നടത്തിയ അനുരഞ്ജനചർച്ചകൾക്ക് ശേഷം ഇടപെടുന്നുമില്ല.മതംമാറ്റം അടക്കം പല വിഷയങ്ങളും സജീവചർച്ചാവിഷയമാകുമ്പോഴും, 50 ദിവസം പിന്നിട്ട ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പൊതുസമൂഹം ഏറ്റെടുക്കുന്നില്ലെന്ന ചോദ്യവും ഉയരുന്നു.

ഐഎസ്ബിഎസ ഹോസ്പിറ്റലിലെ ജീന സിസ്റ്ററിനെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചകാരണങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന വീഡിയോ