ഡബ്ലിൻ: എച്ച്എസ്ഇയും ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷനും തമ്മിൽ നടത്തിയ മാരത്തൺ ചർച്ചയ്‌ക്കൊടുവിൽ വ്യാഴാഴ്ച നഴ്‌സുമാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ സ്റ്റാഫുകളുടെ എണ്ണം കുറവായതും തിരക്ക് വർധിച്ചതും കണക്കിലെടുത്ത് നഴ്‌സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നഴ്‌സുമാർ പണിമുടക്കിന് ആഹ്വാനം നൽകിയിരുന്നത്.

നഴ്‌സുമാരുടെ ആവശ്യം പരിഗണിച്ച എച്ച്എസ്ഇ ഇക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് പണിമുടക്ക് ആഹ്വാനം പിൻവലിച്ചത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അധിക തിരക്കും നഴ്‌സുമാരുടെ ആരോഗ്യ, സുരക്ഷാ നടപടികളെക്കുറിച്ചും ഐഎൻഎംഒ പ്രതിനിധികളുമായി എല്ലാ ആഴ്ചയും ചർച്ചകൾ സംഘടിപ്പിക്കാമെന്നും എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടികൾ കൈക്കൊള്ളുമെന്നും എച്ച്എസ്ഇ ഉറപ്പു നൽകിയിട്ടുണ്ട്.

രാജ്യത്തെ ഏഴു പ്രധാന ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ വ്യാഴാഴ്ച രണ്ടു മണിക്കൂർ നേരത്തെ പണിമുടക്കാണ് ഐറീഷ് നഴ്‌സുമാർ പ്രഖ്യാപിച്ചിരുന്നത്.