ഡബ്ലിൻ: ഏഴ് ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നഴ്‌സുമാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. സർക്കാരുമായി ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ നടത്തിയ ചർച്ച ഫലപ്രദമായതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. കഴിഞ്ഞ ദിവസം രാത്രി വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനുമായി യൂണിയൻ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് പരിഹാരം ഉടലെടുത്തത്.

വിവിധ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെയുള്ള സമയത്ത് രണ്ടു മണിക്കൂർ വീതമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നതിനാൽ ഇന്നു നടത്തേണ്ടിയിരുന്ന പല സർജറികളും മാറ്റിവച്ചിരുന്നു. വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടെയുള്ളവരുടെ സർജറികളാണ് പണിമുടക്ക് ആഹ്വാനത്തെ തുടർന്ന് മാറ്റിവച്ചിരുന്നത്. അതേസമയം രാത്രി വൈകി നടന്ന ചർച്ചയ്‌ക്കൊടുവിൽ പണിമുടക്ക് റദ്ദാക്കിയതിനെ തുടർന്ന് സർജറികൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

എന്നാൽ നഴ്‌സുമാരുടെ ആവശ്യങ്ങളിലുള്ള പുതിയ കൺസൾട്ടേഷൻ അടുത്ത രണ്ട്, മൂന്ന് ആഴ്ചകൾക്കുള്ളിൽ നടക്കും. അതേസമയം ജനുവരി 12നും 26നും നടത്താനിരിക്കുന്ന പണിമുടക്കിൽ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ തിരക്ക് ഒഴിവാക്കണമെന്നും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർ പണിമുടക്കിന് ആഹ്വാനം നൽകിയിരുന്നത്. കൂടാതെ നഴ്‌സിങ് വിദ്യാർത്ഥികളുടെ പേയ്‌മെന്റ്, പ്രമോഷൻ, ട്രോളിയിലുള്ള കാത്തിരിപ്പ് തുടങ്ങിയ ആവശ്യങ്ങളിലും ഉന്നയിച്ചിരുന്നു.

യൂണിയന്റെ ആവശ്യങ്ങളോട് സർക്കാർ അനുകൂല മനോഭാവം കാണിച്ചിട്ടുള്ളതിനാൽ അവ അംഗീകരിക്കേണ്ടതുണ്ടോ എന്ന് ബാലറ്റ് മുഖേനയായിരിക്കും യൂണിയൻ തീരുമാനിക്കുക.  ഡബ്ലിനിലുള്ള ബോമോണ്ട്, താലാട്ട് ആശുപത്രികൾ, വാട്ടർഫോർഡ്, തുള്ളമോർ, കാവൻ, കോർക്കിലുള്ള  മേഴ്‌സി ഹോസ്പിറ്റൽ, ഗാൽവേ ആശുപത്രി എന്നിവിടങ്ങളിലായിരുന്നു പണിമുടക്കിന് ആഹ്വാനം നൽകിയിരുന്നത്.