തിരുവനന്തപുരം: പനിക്കിടക്കിയിൽ കിടക്കുന്ന കേരളത്തെ അക്ഷരാർത്ഥത്തിൽ പിഴിയുകയാണ് ഇവിടുത്തെ സ്വകാര്യ ആശുപത്രികൾ. കറുത്തറപ്പൻ ലാഭം മാത്രം ലക്ഷ്യമിട്ട് ചികിത്സിക്കുന്ന ഇവർ എന്നാൽ നഴ്‌സുമാർക്ക് നക്കാപ്പിച്ച ശമ്പളം മാത്രം നൽകിയാണ് പിഴിയുന്നത്. രോഗികളിൽ നിന്നും വലിയ തോതിൽ പണം പിരിക്കുമ്പോഴും നഴ്‌സുമാർക്ക് ജീവിക്കാൻ ആവശ്യമായ പണം നൽകുന്നില്ല. പനി മൂലം കേരളത്തിലെ ആശുപത്രികൾ ഭൂരിഭാഗവും നിറഞ്ഞു കവിഞ്ഞിരിക്കയാണ്. ഒരാഴ്‌ച്ച കിടപ്പിലായാൽ ബില്ലടക്കാൻ കിടപ്പാടം പണയം വെക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഇതിന്റെ നേർചിത്രം വിവരിച്ചു കൊണ്ട് മാധ്യമപ്രവർത്തകൻ ലല്ലു ശശിധരൻ പിള്ള ഫേസ്‌ബുക്കിലിട്ട പോസ്റ്റ് നഴ്‌സുമാർ ഏറ്റെടുത്തിരിക്കയാണ്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫേസ്‌ബുക്ക് പേജിൽ ലല്ലുവിന്റെ പിന്തുണയ്ക്ക് കൈയടി ല ഭിച്ചു കൊണ്ടിരിക്കയാണ്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയെ കുറിച്ചും മറിച്ച് നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകാത്ത അവസ്ഥയെ കുറിച്ചും ലല്ലുവിന്റെ പോസ്റ്റിൽ വ്യക്തമാണ്. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ച്ച പനിക്ക് ചികിത്സ തേടിയ സുഹൃത്തിന് കിട്ടിയത് 65000 രൂപയുടെ ബില്ലാണ് .. അവിടെ പണിയെടുക്കുന്ന മൂന്നോ നാലോ നഴ്‌സുമാരുടെ ഒരു മാസത്തെ ശമ്പളം ഇത്രയേ വരൂ... അന്യ സംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയെങ്കിലും ആ പാവങ്ങൾക്ക് നൽകണം... ആശുപത്രി കെട്ടിടങ്ങളിൽ ദൈവങ്ങളുടെ പടങ്ങളും പ്രതിമകളും വച്ചതുകൊണ്ട് മാത്രമായില്ല .... അന്തസോടെ ജീവിക്കാൻ അവിടങ്ങളിലെ നഴ്‌സുമാർക്ക് സാഹചര്യമൊരുക്കണം..

നഴ്‌സുമാർക്ക് അന്തസ്സോടെ ജീവിക്കാൻ അവസരം ഒരുക്കണമെന്ന ആവശ്യവുമായി ലല്ലുവിട്ട പോസ്റ്റ് വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. നഴ്‌സിങ് സമൂഹത്തിൽ നിന്നും വലിയ പിന്തുണയും ഇതിന് ലഭിച്ചു. യുഎൻഎയുടെ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. മാധ്യമ ലോകത്തു നിന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെയുള്ള പിന്തുണ ഒഴിച്ചാൽ മറ്റ് കാര്യമായ പിന്തുണ ചാനലുകളുടെ ഭാഗത്തു നിന്നും മറ്റും ലഭിക്കുന്നില്ലെന്ന പരാതി നഴ്‌സുമാർക്കുണ്ട്.

അതേസമയം ഇന്നലെ വി എസ് നഴ്‌സുമാർക്ക് പരിപൂർണ പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകൻ ആശിഖ് അബു അടക്കമുള്ളവരും നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്നു അത് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. ആശിഖ് അബുവിന്റെ പിന്തുണക്കും നഴ്‌സുമാർ പിന്തുണ അറിയിച്ചിട്ടുണ്ട്. യുഎൻഎയുടെ ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ ഇപ്പോഴും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പിന്തുണ പ്രവഹിക്കുകയാണ്. ലോകമെമ്പാടമുള്ള നഴ്‌സുമാർ തന്നെയാണ് തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി പിന്തുണകൾ ചിത്രങ്ങളായും വീഡിയോകളായും അറിയിക്കുന്നത്.