തിരുവനന്തപുരം: മലയാളത്തിന്റെ മാലാഖമാർ വീണ്ടും സമരമുഖത്താണ്. അവർ കഴിഞ്ഞദിവസം മുതൽ അനിശ്ചിതകാല സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വൈകാതെ ഹൈക്കോടതി അവരുടെ സമരം നിരോധിച്ചതായി പ്രഖ്യാപിച്ചു. നിരോധനം വന്നയുടൻ അവധിയെടുത്ത് സമരം ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു. സ്വാഭാവികമായും അത് കോടതിയെ അലോസരപ്പെടുത്തുകയും കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുകയും ചെയ്യാവുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് കോടതി അത്തരമൊരു നടപടിയിലേക്ക് പോയില്ല. മാത്രമല്ല നഴ്സുമാരുടെ സമരം നിരോധിച്ച കോടതി സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ നിർദ്ദേശവും നൽകി. വളരെ നല്ലത്.

ആ കോടതി നിർദ്ദേശത്തെത്തുടർന്നുള്ള ആദ്യ ചർച്ചയിൽ മുഖ്യമന്ത്രി അപ്രതീക്ഷിതമായി ഒരു പ്രഖ്യാപനം നടത്തി. നഴ്സുമാരുടെ ശമ്പളം മാർച്ച് 31 ന് മുമ്പ് പരിഷ്‌കരിച്ച് ഉത്തരവിറക്കുമെന്ന്. സമരം പിൻവലിക്കപ്പെട്ടു. പക്ഷെ സമരം പിൻവലിക്കപ്പെട്ടു എന്നു പറയുന്നതിനേക്കാൾ ഇഷ്ടം സമരം മാറ്റിവയ്ക്കപ്പെട്ടു എന്ന് പറയുന്നതിലാണ്. ഏറെ നാളുകളായി മലയാളി നഴ്സുമാർ കേരളത്തിലെ ആശുപത്രി മുതലാളിമാരാലും കേരളത്തിലെ ഭരണകൂടങ്ങളാലും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രഖ്യാപനങ്ങൾ ആദ്യമായല്ല സർക്കാരുകൾ നടത്തുന്നത്. പിണറായി വിജയൻ എന്ന ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പോലും ഏതാണ്ട് ഒരു വർഷം മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. ആദ്യം മുതലേ നഴ്സുമാരോട് വളരെ അനുകൂലമായ നിലപാടെടുത്തിരുന്ന മുഖ്യമന്ത്രിക്കുപോലും അതിലുറച്ച് നിൽക്കാനോ നഴ്സുമാരുടെ ശമ്പളവർധന നടപ്പാക്കാനോ സാധിക്കുന്നില്ല.