സ്വകാര്യ മേഖലയിലെ നഴ്സ്മാർ സമരം പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിൽ മാനേജ്‌മെന്റുകൾ നേഴ്‌സ്മാർക്കെതിരെ കുപ്രചരണങ്ങൾ അഴിച്ച് വിട്ടു തുടങ്ങിയിരിക്കുന്നു..അതിന് മുൻനിരയിൽ നില്കുന്നത് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ആണെന്നുള്ളത് ഒരു ക്രിസ്ത്യാനിയായ നേഴ്‌സ് എന്ന നിലയിൽ അങ്ങേയറ്റം വേദനയും ലജ്ജയും ഉളവാക്കുന്നു. ഇന്ന് തൃശ്ശൂർ ജില്ലയിലെ പള്ളികളിൽ കുർബാന മദ്ധ്യേ നേഴ്‌സ്മാരുടെ സമരം അന്യായമാണെന്നും വിശ്വാസികൾ ഇതിനെ പിന്തുണക്കരുതെന്നും പരസ്യമായി ആഹ്വാനം ചെയ്യുന്നു. നേഴ്‌സ്മാരുടെ തലക്ക് കൈവെച്ചു പ്രാർത്ഥനകൾ പോലും നടക്കുന്നത്രെ. കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചുള്ള മനസാന്തര ശുസ്രൂഷ ഉടൻ പ്രതീക്ഷിക്കുന്നു..

ഞങ്ങൾ വിശ്വസികളായ നേഴ്‌സ്മാർ ഒന്ന് പറയാൻ ആഗ്രഹിക്കുന്നു നിങ്ങൾ എന്തൊക്കെ ദുഷ്പ്രചാരണങ്ങൾ അഴിച്ച് വിട്ടാലും ഈ അവകാശ സമരത്തിൽ നിന്നും ഞങ്ങൾ പിന്നോട്ടില്ല..കാരണം ഞങ്ങളുടെ സമരം ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കെതിരെ അല്ല..വിശ്വാസികളായ നേഴ്‌സ്മാരുടെ ഉൾപ്പെടെ ചോര ഊറ്റിക്കുടിച്ച് തടിച്ചു വീർത്ത കുത്തക മുതലാളിമാർക്കെതിരെ ആണ് അക്കൂട്ടത്തിൽ അച്ചന്മാർ ഉണ്ടാകരുതേ എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.. അച്ഛന്മാരെ എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്.

*ഇത്രയും കാലം നിങ്ങളുടെ ചൂഷണത്തിന് വിധേയരായി ജോലി ചെയ്തതോ തെറ്റ്?
*2016 ജനുവരിയിൽ വർദ്ധിപ്പിക്കേണ്ട മിനിമം വേതനം വർദ്ധിപ്പിക്കാതിരുന്നിട്ടും ഇത്രയും ഞങ്ങൾ സംയമനം പാലിച്ചതോ തെറ്റ് ?
*സമരം ചെയ്യാനുള്ള നോട്ടീസ് പിരീഡ് കഴിഞ്ഞിട്ടും രോഗികളെ ഓർത്ത് പരിപൂർണ്ണ പണിമുടക്കിന് പോകാത്തതോ ഞങ്ങൾ ചെയ്ത തെറ്റ് ?
* രോഗീ-നേഴ്‌സ് അനുപാതം പാലിക്കാതെ രോഗികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാതെ ഇത്രയും കാലം സംയമനം പാലിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ്?
*2009 ൽ നിലവിൽ വന്ന മിനിമം വേതനം നമ്മുടെ സഭയുടെ ഹോപ്സിറ്റലുകളിൽ പോലും നടപ്പിലാക്കാതെ വന്നപ്പോൾ 2011ൽ സമരം ചെയ്ത് നേടിയെടുത്തതാണോ ഞങ്ങൾ ചെയ്ത തെറ്റ്?
*ഇടക്കാല ആശ്വാസം എന്ന പേരിൽ സാലറി വർദ്ധിപ്പിച്ചുതന്ന നമ്മുടെ സഭയുടെ ഹോസ്പിറ്റലുകളിൽ പ്രത്യേക പരിഗണന നൽകി കൂടുതൽ സ്റ്റാഫിനെ നിയോഗിച്ചുകൊണ്ട് സമരത്തിനിറങ്ങുന്നതാണോ ഞങ്ങൾ ചെയ്യുന്ന തെറ്റ്?
*നമ്മുടെ സഭയിലെ ഹോസ്പിറ്റലുകളിൽ നടക്കുന്ന കൊള്ളരുതായ്കകൾ പൊതുസമൂഹത്തോട് വിളിച്ചു പറയാത്തതാണോ ഞങ്ങൾ ചെയ്ത തെറ്റ്?

ഇതൊക്കെ പാപമാണെന്നാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ ഞങ്ങൾ പാപികളാണ് അച്ചോ..ഞങ്ങൾക്കതിൽ തെല്ലും പശ്ചാത്താപമില്ല..ഞങ്ങൾ വിശ്വാസികളായ നേഴ്‌സ്മാർ എങ്ങനെ പൊതു സമൂഹത്തിൽ ജീവിക്കണമെന്നു കൂടി അച്ഛന്മാർ ഒന്ന് പറഞ്ഞു തരൂ..എന്തിന് പൊതുസമൂഹത്തിലെ ജീവിതം എടുക്കണം ഞങ്ങളുടെ ആല്മീയ ജീവിതത്തിന് വേണ്ട വേതനം പോലും ഞങ്ങൾക്ക് കിട്ടുന്നില്ല അച്ചോ..ദിവസ വേതനം 300 രൂപ വാങ്ങുന്ന നമ്മുടെ നേഴ്‌സ്മാർ വേണ്ടപ്പെട്ടവർക്കായി ഒരു കുർബാന ചൊല്ലിക്കണമെങ്കിൽ എത്ര ദിവസത്തെ ശമ്പളം വേണച്ചോ..??പള്ളിയിലെ പിരിവുകൾ നൽകണമെങ്കിൽ ഞങ്ങൾ വേറെ ജോലി കണ്ടെത്തണമച്ചോ..ഇനി വിവാഹം എന്ന കൂദാശ സ്വീകരിക്കണമെങ്കിൽ ഒരു നേഴ്‌സ് ആയ വിശ്വസിക്ക് ഈ സാലറി കൊണ്ട് എങ്ങനെ സാധിക്കും അച്ചോ?? എന്തിന് കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാൽ ഒരു നഴ്‌സിന്റെ സാലറി കൊണ്ട് ഒരു കല്ലറ പോലും വാങ്ങിക്കാൻ സാധിക്കുമോ അച്ചാ?

കുടുംബത്തിലെ ചെലവ് വേറെ..ഇതെല്ലാം ഒരു വിശ്വസിയായ നഴ്‌സിന് താങ്ങാൻ കഴിയില്ലച്ചോ..അപ്പോൾ ഞങ്ങൾ സമരത്തിന് ഇറങ്ങുന്നത് എങ്ങനെ സാത്താന്റെ പ്രവർത്തിയാകും..ഇതൊക്കെ തോന്നിക്കുന്നത് സാത്താൻ ആണാണെങ്കിൽ സാത്താൻ ഇപ്പോൾ ന്യായത്തിന്റെ കൂടെ ആണെന്നാണോ..അല്ലച്ചോ അല്ല..തൊഴിലാളികൾക്കു ന്യായമായ അവകാശങ്ങൾ നൽകാതെ അര്ഹതപ്പെടാത്തതിന്റെ അംശം പറ്റി രോഗികളെ പിഴിഞ്ഞെടുത്ത കാശു കൊണ്ട് പളുപളുത്ത കുപ്പായമിട്ട് ആഡംബരവാഹനത്തിൽ ദൈവത്തിന്റെ പ്രതിപുരുഷന്റെ മുഖംമൂടിയണിഞ്ഞ് നടക്കുന്ന നമ്മുടെ ചില വൈദികരുടെ തലക്ക് മുകളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാൽ കാണാമച്ചോ ഈ പറഞ്ഞ സാത്താന്റെ ഒരു പ്രഭാവലയം...അങ്ങനെയുള്ളവരുടെ തലയിലൊന്നു കൈവച്ചു പ്രാർത്ഥിച്ച് അവരെ മനസാന്തരപ്പെടുത്തിയാൽ അന്ന് തീരും സഭയിലെ വിശ്വസികളായ നേഴ്‌സ്മാരുടെ വിലാപം. ഇനിയും നേഴ്‌സ്മാർ ചെയ്യുന്നത് പാപം ആണെങ്കിൽ ഇനി വിശ്വസികളാരും നഴ്സിംങ്ങിനു പോകരുതെന്നങ് ആഹ്വാനം ചെയ്യച്ചോ സഭക്ക് കീഴിലുള്ള നഴ്സിങ് സ്‌കൂളുകളൊക്കെ പൂട്ടിക്കെട്ടി കൂടുതൽ പാപികളെ സൃഷ്ടിക്കുന്നത് തടയച്ചോ...

പ്രിയപ്പെട്ട വിശ്വസി ജനങ്ങളെ ഞങ്ങളും നിങ്ങളിൽ ഒരാളാണ് സഭക്കെതിരെ ഞങ്ങൾക്കൊരു അജണ്ടയുമില്ല. സഭ ഞങ്ങളുടെ അടിത്തറയാണ്.അതിളക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.ഞങ്ങളുടെ ജീവിതസമരമാണ്.അതിന് മുന്നിൽ ഞങ്ങൾക്ക് വിശ്വാസത്തിന്റെ പ്രതിബന്ധങ്ങളില്ല ഞങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഏതൊരു കോർപറേറ്റുകളും ഞങ്ങളുടെ ശത്രു പക്ഷത്താണ്.അതിൽ നമ്മുടെ സഭാ ഉണ്ടാകരുതെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.നിർഭാഗ്യവശാൽ നമ്മുടെ ചില സ്ഥാപന മേധാവികളാണ് സാലറി വർദ്ധനവിനെ ഏറ്റവും കൂടുതൽ എതിർക്കുന്നത്.അവിടെ അവർ ചാരിറ്റിയുടെവക്താക്കളാകുന്നു.നേഴ്‌സ്മാരോട് ചാരിറ്റി ആര് കാണിക്കും..സമൂഹത്തിൽ ഞങ്ങൾകും മാന്യമായി ജീവിക്കണം.

ഹോസ്പിറ്റലുകളിൽ 15 ദിവസം മുൻപേ ഞങ്ങൾ സമ്പൂർണ പണിമുടക്കിന് നോട്ടീസ് കൊടുത്തതാണ്. എന്നിട്ടും രോഗികളോടുള്ള പരിഗണന വച്ച് നിലവിൽ അഡ്‌മിറ്റ് ആയിട്ടുള്ള മുഴുവൻ രോഗികൾക്കും അത്യാഹിത വിഭാഗത്തിൽ വരുന്നവർക്കും അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്കും ഉള്ള നഴ്സിങ് സേവനം ഞങ്ങൾ വേതനം കൈപ്പറ്റാതെതന്നെ ഉറപ്പ് വരുത്തുന്നുണ്ട്..കൂടാതെ ജില്ലയിൽ എവിടെയും എന്തെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ സേവനം ലഭ്യമാക്കാൻ ഒരു എമെർജൻസി റെസ്‌പോൺസ് ടീമിനെയും റെഡി ആക്കി നിർത്തിയിട്ടാണ് ഞങ്ങൾ സമരത്തിന് ഇറങ്ങുന്നത്.മറിച്ചുള്ള പ്രചാരണങ്ങളിൽ വിശ്വസിക്കാതിരിക്കുക.

ഇപ്പോഴും ഗവൺമെന്റ് മുന്നോട്ട് വെയ്ക്കുന്ന വേതനം മാനേജ്‌മെന്റുകൾ അംഗീകരിച്ചാൽ സമരം പിൻവലിക്കാൻ ഞങ്ങൾ തയ്യാറാണ്. വിശ്വസികളായ നേഴ്‌സ്മാരെ നിങ്ങൾ കച്ചവടക്കാരായ അച്ചന്മാരുടെ ദുഷ്പ്രചാരങ്ങളിൽ വീണ് വർഗ്ഗ വഞ്ചകർ ആക്കാതിരിക്കുക.. സത്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ യേശുക്രിസ്തു നമ്മോടൊപ്പം നമ്മോടൊപ്പം ഉണ്ടാകും..നമ്മുടെ സമൂഹത്തിന്റെ വിപ്ലവകരമായ ഈ മാറ്റത്തിനായി, ചരിത്രം നിങ്ങളെ വർഗ്ഗ വഞ്ചകരായി മുദ്ര കുത്താതിരിക്കാൻ നിങ്ങളും അണിചേരുക..

മാനേജ്‌മെന്റുകൾ തുടർന്നും നിഷേധാല്മക നിലപാട് സ്വീകരിച്ചാൽ ഭൂമിയിലെ മാലാഖമാർ ലൂസിഫറിന്റെ അവതാരങ്ങളായി അവതാരങ്ങളായി മാറും എന്നും ഓർമിപ്പിക്കുന്നു..
സത്യം വിജയിക്കട്ടെ.
എന്ന്
ഒരു വിശ്വാസി നേഴ്‌സ്