ഡബ്ലിൻ: തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, വേതന വ്യവസ്ഥകൾ പുനർ നിർണയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഴ്‌സുമാർ വീണ്ടും പണിമുടക്കിന് ഒരുങ്ങുന്നു. ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷന്റെ (ഐഎൻഎംഒ) നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് യൂണിയൻ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് ഓർഗനൈസേഷൻ അറിയിച്ചു.

തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, വേതന വ്യവസ്ഥകൾ പുനർനിർണയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്‌സുമാർ സമരം ചെയ്യാൻ ഒരുങ്ങുന്നത്. ലാൻസ്ഡൗൺ റോഡ് എഗ്രിമെന്റ് നടപ്പാക്കണമെന്നും ആവശ്യമുണ്ട്. മതിയായ തോതിൽ സ്റ്റാഫില്ലാത്തതിനാൽ നഴ്‌സുമാർക്ക് അമിത ജോലി ഭാരം നേരിടേണ്ടി വരുന്നുവെന്നും ഐഎൻഎംഒ പ്രസിഡന്റ് മാർട്ടീന ഹാർക്കിൻ കെല്ലി വ്യക്തമാക്കി.

പണിമുടക്കിന് വോട്ടെടുപ്പ് ഈ മാസം 24നാണ് ആരംഭിക്കുക. ഡിസംബർ 15 വരെ വോട്ടെടുപ്പ് നീണ്ടുനിൽക്കും. പണിമുടക്കിന് മുന്നോടിയായി മൂന്നാഴ്ചത്തെ നോട്ടീസ് അധികൃതർക്ക് യൂണിയൻ നൽകുകയും ചെയ്യും. ജനുവരിയിലായിരിക്കും മിക്കവാറും പണിമുടക്ക് അരങ്ങേറുക. ജനുവരിയിൽ ഫ്‌ലൂ സീസണിൽ നഴ്‌സുമാർ പണിമുടക്കിയാൽ ആശുപത്രികളുടെ പ്രവർത്തനത്തെ അതു സാരമായി ബാധിക്കുമെന്നാണ് ആശങ്ക. നിലവിൽ സ്റ്റാഫുകളുടെ ക്ഷാമം നേരിടുന്ന ആശുപത്രികൾക്ക് നഴ്‌സുമാരുടെ സമരം കൂടിയാകുമ്പോൾ സ്ഥിതി നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലേക്ക് എത്തിച്ചേരുമെന്നും ആശങ്കയുണ്ട്.