തിരുവനന്തപുരം: ജീവിക്കാനായി മാന്യമായ ശമ്പളം മാത്രമാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് നഴ്സുമാർ തിരിഞ്ഞത്. ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് ഇപ്പോൾ സമരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. തൃശ്ശൂർ ജില്ലയിലെ സമരത്തിന് പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരം, കോഴിക്കോട് മലപ്പുറം എന്നീ ജില്ലകളിലെ നഴ്സുമാരും സമരവുമായി രംഗതെത്തിയിരിക്കുന്നത്.

സർക്കാരുമായുള്ള മാനേജ്മെന്റ് ചർച്ചയെ വളരെ പ്രതീക്ഷയോടെ കാണുന്നതെന്നും അത്കൊണ്ട് മാത്രമാണ് ആശുപത്രികളെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് പോകാത്തതെന്നും യുഎൻഎ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. അതിനിടെ നഴ്സുമാർ അനാവിശ്യമായി സമരം ചെയ്യുകയാണെന്നും മനപ്പൂർവ്വം രോഗികളെ വലയ്ക്കുകയാണെന്നും ചില മാേജ്മെന്റുകൾ പറഞ്ഞ് പരത്തുന്നുണ്ട്. സർക്കാർ പറയുന്ന ശമ്പളം നൽകുമെന്നും അവർ പറയുന്നു. എന്നാൽ ഡ്യൂട്ടി ഇല്ലാത്ത നഴസുമാർ മാത്രമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. ബാക്കിയുള്ളവർ ഡ്യൂട്ടി കഴിഞ്ഞാണ് സമരത്തിന് എത്തുന്നത്.

ഇന്ന് രാവിലെ 11 മണി മുതലാണ് നഴ്സുമാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചത്. മാനേജ്മെന്റുകൾ പറയുന്നത് ഒരു ന്യായവുമില്ലാത്ത കാര്യങ്ങളാണ്. ദിവസവും 1000 രൂപ വരെ ഓരോ രോഗികളിൽ നിന്നും നഴ്സിങ് ഫീസ് ഇനത്തിൽ ഈടാക്കിയ ശേഷം നക്കാപ്പിച്ച നൽകുന്ന ഇടപാട് ഇനി അനുവദിക്കില്ലെന്ന് തന്നെയാണ് അവർ പറയുന്നത്.ഡോക്ടർമാർക്ക് ലക്ഷങ്ങളും തങ്ങൾക്ക് 2000 മുതൽ 9000 വരെ ശമ്പളവും നൽകുന്ന ഏർപ്പാടിൽ ഇനി ജോലി ചെയ്യാനാവില്ലെന്നും നഴ്സുമാർ പറയുന്നു.

അടുത്ത മാസം ഇരുപതിനാണ് മാനേജ്മെന്റുകളും സർക്കാരുമായുള്ള ചർച്ച. അത് വരെ സമരം തുടരും. ഇത് അവസാനത്തെ വഴിയാണ് ജീവിക്കാൻ ഞങ്ങൾക്ക് മാജിക്ക് ഒന്നും അറിയില്ല. നഴ്സുമാരെന്ന് പറഞ്ഞ് കടയിൽ ചെന്നാൽ ഒരു സാധനത്തിനും വില കുറച്ച് നൽകില്ല. അത് മനസ്സിലാക്കിയിട്ട് സുപ്രീം കോടതി തീരുമാനിച്ച മാന്യമായ ശമ്പളം മാത്രമാണ് ചോദിക്കുന്നതെന്നും നഴ്സുമാർ പറയുന്നത. മഴയും വെയ്ലും കൊണ്ട് വീട്ടിൽ പോലും സമയത്തിന് പോകാനാകാതെ ജോലിയും സമരവുമായി ജീവിതം തള്ളിനീക്കുന്നത് ഗതികേട് കൊണ്ടാണെന്നും വികാരഭരിതരായി നഴ്സുമാർ പറയുന്നു.

സമരത്തിൽ മാനേജ്മെന്റുകൾക്കെതിരെ രോഷത്തോടെയുള്ള മാനേജ്മെന്റ് വിരുദ്ധ മുദ്രാവാക്യങ്ങളാണ് നിറഞ്ഞ് നിന്നത്. കൊച്ചിയിലെ അമ്മയുടേയും കോട്ടയത്തേയും അച്ചന്മാരുടേയും കോഴിക്കോട്ടെ കോയമാർക്കും തിന്നുകൊഴുക്കാനല്ല തങ്ങൾ കഷ്ടപ്പെടുന്നതെന്നും ഇനി ജഡോലി ഇല്ലെങ്കിലും ശരി നക്കാപ്പിച്ചയ്ക്ക് ഒരു നഴ്സും കോട്ടണിയില്ലെന്നാണ് ഭാരവാഹികളുടെ നിലപാട്.അന്യ സംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്നത് 800 രൂപ നഴ്സുമാർക്ക് എക്സ്ട്രാ ടൈം ഉൾപ്പടെ ജോലി ചെയ്താൽ ലഭിക്കുന്നത് വെറും 300.

നഴ്സുമാരുടെ സമരം ഇന്ന് ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ പിന്തുണയോടെയാണ് മുന്നോട്ട് പോകുന്നത്. ഈ സമരം വിജയം കാണാതെ അവസാനിപ്പിച്ചാൽ അത് എന്നെന്നും ഈ തുച്ഛ വരുമാനത്തിൽ ജോലി ചെയ്തോളാം എന്ന് എഴുതികൊടുക്കുന്നതിന് സമാനമാണെന്നും പിന്തുണയ്ക്കുന്നവർ പറയുന്നത്.

സ്വകാര്യ ആശുപത്രികളുടെ ചൂഷണങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിലനിൽക്കുന്നത്. പല ആശുപത്രികളിലും ഇപ്പോഴും 2013 ഏപ്രിലിൽ നടപ്പിലാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശയിലുണ്ടായിരുന്ന തുക പോലും നൽകാറില്ല. വൻകിട കമ്പനി മേധാവികളും മുതിർന്ന രാഷ്ട്രീയക്കാരുൾപ്പടെ നിരവധിപേർ ചികിത്സ തേടുന്നതിലൂടെ തങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതുകൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അറിയുന്ന നഴ്സുമാർ സമരവുമായി മുന്നോട്ട് പോകില്ലെന്ന വിശ്വാസത്തിലാണ് പല സ്വകാര്യ ആശുപത്രികളും മുന്നോട്ട് പോകുന്നതും.

പല ആശുപത്രികളും നഴ്സിങ് ഫീസ് എന്ന ഇനത്തിൽ മാത്രം വാങ്ങുന്നതിന്റെ ഒരംശം പോലും ശമ്പളമായി നൽകുന്നില്ലെന്നതാണ് വാസ്തവം. നഴ്സിങ് ഫീസ് എന്ന ഇനത്തിൽ ഒരു രോഗിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ ദിവസേന ഈടാക്കുന്നത് 300 മുതൽ 1000 രൂപവരെയാണ്. ഒരു നഴ്സിന് തന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയിൽ 5 മുതൽ 10 രോഗികളെ വരെയാണ് നോക്കേണ്ടി വരുക. അതായത് 1500 മുതൽ പതിനായിരം രൂപ വരെയാണ് നഴ്സിങ് ഫീസ് ഇനത്തിൽ ഒരു നഴ്സ് നോക്കുന്ന രോഗികളിൽ നിന്നും മാത്രം ഈടാക്കുന്നത്. ഒരു ദിവസത്തെ മാത്രം കണക്കാണിത് എന്നിരിക്കെ യാണ് നഴ്സുകളോട് ഈ നെറികേട് തുടരുന്നത്.

പല ആശുപത്രികളും ഇപ്പോഴും നഴ്സുമാർക്ക് നൽകുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്.ഇതുകൊണ്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാകാതെ മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം ജോലിയിൽ തുടരുകയാണ് നിരവധിപേർ. വലിയ ശമ്പളം മെച്ചപ്പെട്ട ജീവിതം എന്നീ സ്വപ്നങ്ങൾ തന്നെയാണ് നഴ്സുമാർക്കുമുള്ളത്. എന്നാൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം എന്നത് ഇന്നും ഒരു സ്വപ്നം മാത്രമാണ്.ലോൺ എടുത്ത് ഉൾപ്പടെ നഴ്സിങ് പഠനം പൂർത്തിയാക്കിയവർ ഇപ്പോൾ ലോൺ തിരിച്ചടയ്ക്കാനായി പണം പലിശയ്ക്കെടുത്ത് കടപ്പെടേണ്ട അവസ്ഥയിലാണ്.

നഴ്സുമാർ ഇന്നാരംഭിച്ച സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര വേദിയിലെത്തി. നഴ്സുമാർക്ക് നല്ല ശഷമ്പളം നൽകേണ്ട ഉത്തരവാദിത്തം മാനേജ്മെന്റുകൾക്കുണ്ടെന്നും അവർ അതിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തണമെന്നും അവരെ കൊണ്ട് വേണ്ട തീരുമാനം കൈക്കൊള്ളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വൈകുന്നേരം നാല് മണിക്ക് സമര പന്തലിൽ എത്തും.