കൊച്ചി: കേരളത്തെ ഞെട്ടിച്ച നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ പ്രതി ഉതുപ്പ് വർഗീസിന് വിദേശത്ത് പോകാൻ അനുമതി നൽകിയ കീഴ്‌കോടതി നീക്കത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി. നഴ്‌സിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉതുപ്പ് കള്ളപ്പണം വെളുപ്പിച്ചതായും  അന്വേഷണത്തിൽ  തെളിഞ്ഞിരുന്നു. കേസിൽ ഉതുപ്പിന് വിദേശത്ത് പോകാൻ ജാമ്യ വ്യവസ്ഥ ഇളവ് ചെയ്തു റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി മുൻപാകെ വാദം പൂർത്തിയായിരിക്കുകയാണ്. അന്താരാഷ്ട്ര ബന്ധമുള്ള നഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പു കേസ് പ്രതിയായ ഉതുപ്പ് വർഗീസിനു വിദേശത്തു പോകാൻ അനുമതി നൽകിയത് ഉചിതമാണോ എന്നു ഹൈക്കോടതി ആരാഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണു ഹർജി നൽകിയത്. എറണാകുളം ജില്ല വിടരുതെന്നു ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും വിദേശത്തു പോകാൻ 2018 നവംബർ 24നു കീഴ്‌ക്കോടതി 45 ദിവസത്തെ വ്യവസ്ഥാ ഇളവ് അനുവദിച്ചതാണു ചോദ്യം ചെയ്യപ്പെട്ടത്. കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ലക്ഷങ്ങൾ കമ്മിഷൻ വാങ്ങിയെന്ന കേസിൽ ഉതുപ്പിനെതിരെ സിബിഐ കുറ്റപത്രം നൽകിയിരുന്നു. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്തതിനെ തുടർന്ന് ഉതുപ്പ് യു.എ.ഇ.യിലേക്കു പോകുകയായിരുന്നു.

വിദേശത്തേക്കു പോയത് കേസ് നടപടിയും കണ്ടുകെട്ടൽ നടപടിയും വൈകിക്കാനുള്ള ശ്രമമാണെന്നും ജാമ്യവ്യവസ്ഥയിലെ ഇളവ് റദ്ദാക്കണമെന്നും വിദേശത്തുനിന്ന് തിരികെവരാൻ നിർദ്ദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കുവൈറ്റിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയാണ് അൽ സറാഫ ഏജൻസി ഉടമയായ ഉതുപ്പ് വർഗീസ്. കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്ത നഴ്സുമാരിൽനിന്ന് അനധികൃതമായി 300 കോടിയിൽപരം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനുവേണ്ടി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കരാർ ലഭിച്ച ഏജൻസിക്ക് ഓരോ ഉദ്യോഗാർഥിയിൽനിന്നും 19,000 രൂപ കൺസൾട്ടൻസി ഫീസ് ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഓരോരുത്തരിൽനിന്നും 20 ലക്ഷം രൂപ വരെ വാങ്ങി. ഇങ്ങനെ കൈപ്പറ്റിയ പണം ഹവാല മാർഗത്തിലൂടെ വിദേശത്ത് എത്തിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2014-ലാണ് ഉതുപ്പിന്റെ പേരിൽ സിബിഐ. കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരവും കേസുണ്ട്.