- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാവുമോ? നഴ്‌സുമാരെ നിയമിക്കാൻ ഇന്ത്യാ ഗവൺമെന്റിന് ഫീസ് അടക്കണമെന്ന് വിദേശ രാജ്യങ്ങളോട് കേന്ദ്രം; എങ്കിൽ നിങ്ങളുടെ നഴ്‌സുമാരെ വേണ്ടെന്ന് ഗൾഫ് രാജ്യങ്ങൾ: പരിഷ്ക്കാരത്തിൽ പെട്ട് വലയുന്നത് പാവപ്പെട്ട മാലാഖമാർ
ന്യൂഡൽഹി: കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് ഒരുപക്ഷേ ലോകമെമ്പാടുമായി ജോലി ചെയ്യുന്ന ഇവിടുത്തെ നഴ്‌സുമാരാകും. അമേരിക്കയിൽ ആണെങ്കിലും ബ്രിട്ടനിൽ ആണെങ്കിലും മലയാളി നഴ്‌സുമാരുടെ നിറ സാന്നിധ്യമാണ്. നഴ്‌സുമാരെ പിഴിഞ്ഞു കോടീശ്വരന്മാരായത് കഴുകൻ കണ്ണുകളുള്ള അനേകം ഏജന്റുമാരാണ്. കേരളത്തിൽ സർവ സ്വകാര്യ ആശുപത്രികളിലും നക്കാപ്പിച്ച കൊട
ന്യൂഡൽഹി: കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് ഒരുപക്ഷേ ലോകമെമ്പാടുമായി ജോലി ചെയ്യുന്ന ഇവിടുത്തെ നഴ്‌സുമാരാകും. അമേരിക്കയിൽ ആണെങ്കിലും ബ്രിട്ടനിൽ ആണെങ്കിലും മലയാളി നഴ്‌സുമാരുടെ നിറ സാന്നിധ്യമാണ്. നഴ്‌സുമാരെ പിഴിഞ്ഞു കോടീശ്വരന്മാരായത് കഴുകൻ കണ്ണുകളുള്ള അനേകം ഏജന്റുമാരാണ്. കേരളത്തിൽ സർവ സ്വകാര്യ ആശുപത്രികളിലും നക്കാപ്പിച്ച കൊടുത്ത് അവരെ ചൂഷണം ചെയ്തപ്പോഴാണ് വിദേശ ജോലിയുമായി ഈ ഏജന്റുമാർ രംഗത്തെത്തിയത്. ഇവരുടെ ചൂഷണത്തിന് പരിഹാരം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്ന കാഴ്‌ച്ച ആവേശത്തോടെയാണ് മലയാളികൾ കണ്ടത്. എന്നാൽ, ആ പരിഷ്‌ക്കാരം അതിരു കടന്നപ്പോൾ മലയാളി നഴ്‌സുമാരുടെ അന്നം മുട്ടുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സർക്കാറിന്റെ കീഴിലുള്ള ഏജൻസികൾ വഴിയാക്കി ഉത്തരവ് ഇറങ്ങിയപ്പോൾ അതിനെ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട മലയാളികളാണ് ഇപ്പോൾ ആശങ്കയ്ക്ക് കീഴിൽ ആയിരിക്കുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് കമ്മീഷൻ ഏർപ്പെടുത്തിയതോടെ ഇന്ത്യൻ നഴ്‌സുമാരെ ഒഴിവാക്കുമെന്നു കുവൈത്ത് സൗദി ആരോഗ്യമന്ത്രാലയങ്ങളുടെ മുന്നറിയിപ്പ് നൽകിയാണ് വിദേശ പ്രതീക്ഷകളുമായിരിക്കുന്ന അനേകായിരം മലയാളി നഴ്‌സുമാരെ ആശങ്കയിലാക്കിയത്. റിക്രൂട്ട്‌മെന്റ് കമ്മീഷൻ വിദേശ രാജ്യങ്ങളിലെ ആശുപത്രി അധികൃതരിൽനിന്നും വാങ്ങണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമാണ് ഈ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റുകൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ആരോഗ്യമന്ത്രാലയങ്ങൾ നടപടി തുടങ്ങിയതായാണ് ഈ എംബസികളിലെ ജീവനക്കാർ നൽകുന്ന വിവരം. മലയാളി നഴ്‌സുമാരെ ഗർഫ് രാജ്യങ്ങളിൽ ഉള്ളവർ ഒഴിവാക്കുമോ എന്ന സംശയവും ഇതോടെ ശക്തമായി.
നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് 350 ഡോളർ വീതം കമ്മീഷൻ നൽകണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. നഴ്‌സ് നിയമന ഏജൻസികളായി കേന്ദ്ര സർക്കാർ നിയോഗിച്ച കേരളത്തിലെ ഒഡെപെകിന്റെയും നോർക്ക റൂട്ട്‌സിന്റെയും പ്രതിനിധികൾ കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി ഏപ്രിൽ അവസാന വാരം കമ്മീഷൻ സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. റിക്രൂട്ട്‌മെന്റുകൾക്ക് കമ്മീഷൻ ഏർപ്പെടുത്തിയ തീരുമാനത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം അന്നേ അതൃപ്തി അറിയിച്ചിരുന്നു. സ്വകാര്യ ഏജൻസികൾ വഴി റിക്രൂട്ട്‌മെന്റ് നടത്തുമ്പോൾ പണം നൽകേണ്ട ചുമതല ജോലി തേടിപോകുന്ന നഴ്‌സുമാർക്ക് തന്നെയായിരുന്നു. ഇങ്ങനെ പണം നൽകുന്നതിനെ ചൂഷണം ചെയ്ത് ഏജൻസികൾ കോടികൾ സമ്പാദിക്കുകയും നിരവധി പേർ തൊഴിൽ തട്ടിപ്പിന് ഇരയാകുകയും ചെയ്തപ്പോഴാണ് സർക്കാർ റിക്രൂട്ടിങ് ചുമതല ഏറ്റെടുത്തത്. എന്നാൽ കമ്മീഷൻ വേണമെന്ന നിർദ്ദേശം വന്നതോടെ കുവൈത്ത് ആരോഗ്യവകുപ്പ് പ്രതിനിധികൾ മെയ് 10 മുതൽ നടത്താനിരുന്ന ഇന്ത്യ സന്ദർശനവും റദ്ദാക്കി.
ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനും കുവൈത്ത് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വിദേശ രാജ്യങ്ങൾ സർക്കാർ ഏജൻസികൾക്ക് അനുകൂലമായി യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യമാണ്. നഴ്‌സ് റിക്രൂട്ട്‌മെന്റ് മേഖലയിലെ അഴിമതി തുടച്ചുമാറ്റുമെന്ന പ്രഖ്യാപനത്തോടെയാണു കേന്ദ്ര സർക്കാർ സ്വകാര്യ ഏജൻസികളുടെ റിക്രൂട്ട്‌മെന്റ് ചുമതല റദ്ദാക്കിയത്.
സർക്കാർ ഏജൻസികൾ വഴി നടത്തുന്ന നഴ്‌സ് റിക്രൂട്ട്‌മെന്റ് സൗജന്യമാക്കുമെന്ന ഉത്തരവുമിറക്കി. പക്ഷേ കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെ നോർക്കയും ഒഡേപെകും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. സർക്കാർ ഗ്രാന്റുകളോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒഡേപെക്. മാസംതോറും നാലു ലക്ഷം രൂപ ശമ്പള ഇനത്തിൽ ജീവനക്കാർക്കു നൽകണം. ഒരു മാസമായി സംസ്ഥാനത്തു റിക്രൂട്ട്‌മെന്റുകൾ നടക്കുന്നില്ല. നിയമപരമായി ഉദ്യോഗാർഥികളിൽ നിന്നും വാങ്ങാവുന്ന കമ്മീഷൻ തുകയിൽനിന്നുമാണ് ഒഡേപെക് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. റിക്രൂട്ട്‌മെന്റിന് അനുവദനീയമായ കമ്മീഷൻപോലും വാങ്ങരുതെന്ന സർക്കാർ ഉത്തരവ് വന്നതോടെ ഒഡേപെക് രണ്ടു മാസത്തിനകം അടച്ചുപൂട്ടേണ്ടിവരുമെന്ന് ജീവനക്കാർ പറയുന്നു.
റിക്രൂട്ട്‌മെന്റ് കമ്മീഷൻ വിദേശ രാജ്യങ്ങളിലെ ആശുപത്രി അധികൃതരിൽനിന്നും വാങ്ങണമെന്ന സർക്കാർ നിർദ്ദേശം മണ്ടത്തരമാണെന്നും ഒഡേപെക് ജീവനക്കാർ പറയുന്നു. ഇത്തരത്തിലുള്ള പരിഷ്‌കാരം വരുന്നതോടെ വിദേശ ആശുപത്രികൾ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റുകൾ നിർത്താനും സാധ്യതയുണ്ട്. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിൽ ഉദ്യോഗാർഥികളെ ഉൾകൊള്ളാൻ സാധിക്കുന്ന ഹാളുകൾക്കുപോലും ലക്ഷങ്ങൾ വാടക നൽകണം. വിദേശ പ്രതിനിധികൾക്കുള്ള ചെലവുകളടക്കം 5000 ആളുകളെ സംഘടിപ്പിച്ച് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കിൽ 10-15 ലക്ഷം രൂപ ചെലവു വരുമെന്നും ജീവനക്കാർ പറയുന്നു.
എന്തായാലും വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏറ്റെടുത്തപ്പോൾ അർഹരായവർക്ക് വിദേശ ജോലി ലഭിക്കാൻ എളുപ്പം സാഹചര്യം ഒരുങ്ങുമെന്നാണ് കരുതിയത്. എന്നാൽ, ഇപ്പോഴത്തെ കാര്യങ്ങൾ നഴ്‌സുമാരുടെ തൊഴിൽ സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കയാണ്.