ലോകമെമ്പാടുമുള്ള കുട്ടികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ന്യൂട്ടെല്ല. ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചോക്കളേറ്റ് ക്രീം നിങ്ങളുടെ കുട്ടികളിലേക്ക് കടത്തിവിടുന്നത് കാൻസറാണോ? ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് കാൻസറിന് കാരണമാകുമെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

പാമോയിലാണ് ന്യൂട്ടെല്ലയിലെ അടിസ്ഥാന ഘടകം. കൂടുതൽ കാലം കേടാകാതെ നിൽക്കുന്നതിനും മൃദുത്വത്തിനും വേണ്ടിയാണ് പാമോയിൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, പാമോയിൽ കാൻസറിന് കാരണമാകുമെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കുന്നു. പാമോയിൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

റി്‌പ്പോർട്ട് പുറത്തുവന്നതിനുശേഷം ന്യൂട്ടെല്ലയുടെ നിർമ്മാതാക്കളായ ഫെരേരോ ഇതിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. പാമോയിലിന്റെ ഉപയോഗം കാൻസറിന് കാരണമാകില്ലെന്ന് ഫെരോരോ പ്രഖ്യാപിക്കുന്നു. പാമോയിൽ ഇല്ലെങ്കിൽ ന്യൂട്ടെല്ലയുടെ രുചിയും ഗുണവും ഇപ്പോഴത്തേതുപോലെയുണ്ടാകില്ലെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

എന്നാൽ, വിപണിയിലെ ഏറ്റവും വിലകുറഞ്ഞ എണ്ണയായ പാമോയിൽ ഉപയോഗിക്കുന്നതു വഴിയുള്ള കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉദ്പാദകരുടെ ലക്ഷ്യമെന്നതാണ് യാഥാർഥ്യം. മറ്റ് എണ്ണകൾ ഉപയോഗിക്കുകയാണെങ്കിൽ എട്ടുമുതൽ 22 മില്യൺ ഡോളർവരെ വർഷം ഫെരേരോയ്ക്ക് നഷ്ടമാകും. പാമോയിൽ ഇല്ലാതെ ന്യൂട്ടെല്ല നിർമ്മിക്കുന്നത് മറ്റേതെങ്കിലും ചോക്കളേറ്റ് ക്രീം നിർമ്മിക്കുന്നതിന് തുല്യമാകുമെന്ന് ന്യൂട്ടെല്ലയുടെ മാർക്കറ്റിങ് മാനേജർ വിൻസെൻസോ ടാപ്പെല്ല പറയുന്നു.

200 ഡിഗ്രി സെൽഷ്യസിലേറെ ചൂടാക്കിയാൽ മാത്രമേ പാമോയിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാനാവൂ. അതിന്റെ ചുവപ്പുനിറവും മണവും പോകണമെങ്കിൽ ഇത്രയും കൂടിയ ഊഷ്മാവിൽ ശുദ്ധീകരിക്കേണ്ടിവരും. ഇത്രയും ചൂടാക്കുമ്പോൾ അപകടകാരിയ ഗ്ലൈസിഡിൽ ഫാറ്റി ആസിഡ് അതിൽ ഉദ്പാദിക്കപ്പെടുമെന്ന് യൂറോപ്യൻ ഫുഡ് അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഉപഘടകമായ ഗ്ലിസിഡോൾ കാൻസറിന് കാരണമാകുന്ന വസ്തുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.