മുംബൈ: നവാസുദ്ദീൻ സിദ്ദിഖ്വിയുടെ ആത്മകഥയായ ആൻ ഓർഡിനറി ലൈഫിന്റെ ചില ഭാഗങ്ങൾ പുറത്ത് വന്നതോടെയാണ് കൊടുങ്കാറ്റിന് തുടക്കമായത്. നവാസിന്റെ മുൻ കാമുകിമാരായ നിഹാരിക സിങ്, സുനിത രാജ് വർ എന്നിവരെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.നവാസിന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും, സത്യത്തിന്റെ കണിക പോലുമില്ലെന്നും ഇരുവരും പ്രതികരിച്ചു.

ഇതേ തുടർന്നാണ് താൻ പുസ്തകം പിൻവലിക്കുകയാണെന്ന് നവാസുദ്ദീൻ സിദ്ദിഖ്വി പ്രഖ്യാപിച്ചത്. എന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ മുറിവേറ്റ എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ പുസ്തകം ഞാൻ പിൻവലിക്കുന്നു' എന്നാണ് നവാസ് ട്വിറ്ററിൽ കുറിച്ചത്.

നിഹാരികയുമായുള്ള തന്റെ ബന്ധം നവാസ് പുസ്തകം വിവരിക്കുന്നത് ഇങ്ങനെയാണ്:' ആദ്യത്തെ തവണ നിഹാരികയുടെ വീട്ടിൽ പോയപ്പോൾ എനിക്ക് നേരിയ പരിഭ്രാന്തിയുണ്ടായിരുന്നു.അവൾ വാതിൽ തുറന്നപ്പോൾ അമ്പരപ്പ് കൊണ്ട് എനിക്ക് കുറച്ച് നേരത്തേക്ക് സംസാരിക്കാൻ കഴിഞ്ഞില്ല.നൂറോ അതിലധികമോ ചെറിയ മെഴുകുതിരികൾ അവിടെ പ്രകാശം വിരിച്ചിരുന്നു.നനുത്ത രോമക്കുപ്പായം അണിഞ്ഞ് വന്ന അവൾ മെഴുകുതിരി വെട്ടത്തിൽ അതീവസുന്ദരിയായിരുന്നു. കാമാതുരനായ ഞാൻ അവളെ എന്റെ കൈകളിൽ കോരിയെടുത്ത് കിടപ്പുമുറിയിലേക്ക് പോയി.ഞങ്ങൾ ഉന്മാദത്തോടെ, രതിലീലകളിലേർപ്പെട്ടു.'

ഇതൊക്കെ വായിച്ച നിഹാരിക ആകെ ചൂടായെന്ന് മാത്രമല്ല പുസ്തകം വിൽക്കാൻ വേണ്ടി നവാസ് കെട്ടിച്ചമച്ച കഥകളാണ് എല്ലാമെന്ന് തുറന്നടിക്കുകയും ചെയ്തു.