ഷ്യാനെറ്റ് ചാനലിലെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ എംഇഎസ് സംസ്ഥാന പ്രസിഡന്റും സുഹൃത്തുമായ ഡോ. ഫസൽ ഗഫൂർ ഡോക്ടർ ഹാദിയ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളും നിലപാടുകളും ഉടനീളം അമ്പരപ്പിക്കുന്നതായിരുന്നു. തീർത്തും നിഷേധാത്മകവും ന്യായീകരിക്കാൻ കഴിയാത്തതുമായ അഭിപ്രായപ്രകടനങ്ങളിൽ അഭിമുഖത്തിലുടനീളം ഉറച്ചുനിന്ന ഡോക്ടർ, ചോദ്യകർത്താവ് സമുദായത്തിന് അനുകൂലമായി പ്രതികരിക്കാനും ഗോളടിക്കാനും നിരവധി അവസരങ്ങൾ നൽകുകയുണ്ടായെങ്കിലും പന്ത് ഫസൽ ഗഫൂർ ബോധപൂർവം പുറത്തേക്കടിച്ച് പാഴാക്കിക്കളയുകയായിരുന്നു.

ഹാദിയ വിഷയത്തിൽ സമൂഹം പൊതുവായും മുസ്ലിം സമുദായം വിശേഷിച്ചും പുലർത്തിപ്പോരുന്ന ലജ്ജാവഹമായ ഭീരുത്വത്തിന്റെ ഫലമായി കാണിക്കുന്ന നിസ്സംഗതയെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. വിഷയത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആമുഖമായി എടുത്തുപറയേണ്ടതുണ്ട്. പെൺകുട്ടികളുടെ തലമുടി നിലത്തുവീണാലോ, ബസ്സിലോ തീവണ്ടിയിലോ തിരക്കിലോ വച്ച് അവരുടെ കാലിന് അബദ്ധത്തിൽ ചവിട്ടിപ്പോയാലോ, നിർബന്ധിത സാഹചര്യത്തിൽ വിവാഹമോചനം നടത്തേണ്ടിവന്നാലോ, അനാശാസ്യത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് ഒഴിവാക്കിയാലോ ഒക്കെ ഉമ്മമാർക്ക് സങ്കടഹരജിയുമായി ഒറ്റയ്ക്കും ആൾക്കൂട്ടമായും കൊടിപിടിച്ചും ശരീഅത്തിന്റെ പള്ളയ്ക്കു ചവിട്ടിയും രംഗത്തിറങ്ങുന്ന മനുഷ്യാവകാശ പ്രവർത്തകർക്കും മഹിളാമണീസംഘങ്ങൾക്കും മൂരാച്ചി സമാജങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്ത സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ, 24 വയസ്സുള്ള ഒരു യുവതി തികഞ്ഞ നിഷ്പക്ഷതയോടെയും അതിനേക്കാളേറെ സത്യസന്ധതയോടെയും ആത്മനിഷ്ഠമായും ശരിയായ ഗവേഷണ അന്വേഷണങ്ങൾക്കും ശേഷം തനിക്കു ശരിയാണെന്ന് തോന്നിയ സത്യസരണിയിൽ എത്തിച്ചേരുന്നു.

ഏഴാകാശവും അർശും കുർസിയും ഒന്നിച്ചു കുലുങ്ങിയാലും താൻ തിരിച്ചറിഞ്ഞ സത്യത്തിന്റെ പന്ഥാവിൽ നിന്ന് ഒരടി പിറകോട്ടുവയ്ക്കില്ലെന്ന് ആ യുവതി ഉറക്കെ പ്രഖ്യാപിക്കുന്നത് വീടിനകത്തും പുറത്തും തോക്കും ചൂണ്ടി നിലയുറപ്പിച്ച രണ്ടു ഡസനിലധികം കാക്കിധാരികളെ സാക്ഷിനിർത്തിയാണ്. വൈക്കത്തപ്പൻ പോരേ ദൈവമായി നമുക്ക് എന്ന അമ്മയുടെ ചോദ്യത്തിന്, ഏകനായ അല്ലാഹുവിനെ മാത്രമേ താൻ ദൈവമായി അംഗീകരിക്കൂ എന്ന ഹാദിയയുടെ മറുപടിയിൽ അടങ്ങിയ ഈമാനികഭാരം ത്രാസിന്റെ ഒരു തട്ടിലും ഭരണകൂടത്തിന്റെയും ജീവിക്കുന്ന സമൂഹത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കും സ്ഥാനമാനങ്ങൾക്കും ഇളക്കം തട്ടുമോയെന്ന ഭീതിയാൽ അഭിപ്രായങ്ങൾ നിരന്തരം മാറ്റിപ്പറഞ്ഞ് വിശ്വാസത്തെ അപഹസിക്കുന്നവരുടെയും ഈമാനിനെ മറ്റേ തട്ടിലും വച്ചു തൂക്കിയാൽ കാണാം അവരുടെ ഈമാനിന്റെ കിടപിടിക്കാനാവാത്ത ഘനഗാംഭീര്യം.

പക്ഷേ, ഒരു വാസ്തവമുണ്ട്. ചപലന്മാരും കപടന്മാരും ഇസ്പേഡ് ഏഴാംകൂലികളുമായ, ഏതോ മലവെള്ളപ്പാച്ചിലിൽ എന്നവണ്ണം ചരിത്രത്തിന്റെ ഒഴുക്കിലൂടെ ചെന്നടിഞ്ഞ വഷളന്മാരെയും വഷളത്തികളെയും കണ്ടല്ല ഡോക്ടർ ഹാദിയ ഇസ്ലാമിന്റെ തിരുമുറ്റത്ത് ഊർജസ്വലയായ ഒരു കെടാവിളക്കായി വന്നെത്തിയത് എന്ന് അവരുടെ ഉറച്ച നിലപാടുകൾ നമ്മോട് പറയുന്നു. നമുക്ക് ഡോ. ഫസലിലേക്ക് മടങ്ങാം. ഫസലിന്റെ അമ്പരപ്പിക്കുന്ന ഓർമശക്തിയും പൊതുവിജ്ഞാനവും സർവോപരി, സമുദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇതപര്യന്തം പുലർത്തിപ്പോന്ന ആർജവവും പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും ശക്തനായ ഡിഫൻഡറായി ഫസൽ ഗഫൂറിനെ അടയാളപ്പെടുത്തുന്നവരുടെ എണ്ണം കുറവല്ല. അതിനാൽ തന്നെ ഹാദിയ വിഷയത്തിലെ ഡോക്ടറുടെ നിലപാട് അങ്ങേയറ്റം നിരാശാജനകവും ശരിയായ അർഥത്തിലുള്ള മലക്കംമറിയലുമായേ എന്നെപ്പോലുള്ള അദ്ദേഹത്തിന്റെ ഗുണകാംക്ഷികൾക്ക് മനസ്സിലാവുകയുള്ളൂ.

ഉദാഹരണമായി, ഹാദിയ കടന്നുപോയിക്കൊണ്ടിരിക്കുന്ന അതിഭീകരമായ അന്ധകാരത്തിന്റെ തുരങ്കത്തിലേക്ക് ഒരൽപം മെഴുകുതിരി വെളിച്ചം സമുദായനേതൃത്വം വച്ചുനീട്ടുകയുണ്ടായില്ല എന്ന ചോദ്യത്തെ, ഒരു പെരുന്നാളിന്റെ മാസപ്പിറവി കണക്കെ ലഘൂകരിച്ചുകാണാനാണ് ഡോക്ടർ തത്രപ്പെട്ടത്. സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് സാധാരണഗതിയിൽ പ്രതികരിക്കാറുള്ളത് ഹൈദരലി ശിഹാബ് തങ്ങളാണ് എന്നു തട്ടിവിട്ട്, മുസ്ലിംലീഗ്, ഇരു സുന്നി-മുജാഹിദ് വിഭാഗങ്ങൾ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സമുദായ സംഘടനകൾക്കും തന്റെ ഈ നിലപാടാണുള്ളതെന്ന് തെറ്റായി അവകാശപ്പെടുന്നു. അതേയവസരം ഡോക്ടർ, ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച എസ്ഡിപിഐയെ മാറ്റിനിർത്തുന്നു. തന്റെ നിലപാടിനെ ശക്തിപ്പെടുത്താനായി ക്രിസ്ത്യാനികളിൽ നിന്നും ഹിന്ദുക്കളിൽ നിന്നും വ്യത്യസ്തമായി അന്യമതസ്ഥരെ മുസ്ലിംകൾ വിവാഹം കഴിക്കാറില്ലെന്ന് അദ്ദേഹം ഫത്വ നൽകുന്നു. ഹാദിയ സംഭവത്തിൽ അന്യമതസ്ഥയല്ലല്ലോ, മതം മാറിയവരാണല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പോൾ, ഇസ്ലാം ഹിന്ദുമതത്തെപ്പോലെയല്ല മറിച്ച്, ഇസ്ലാം ഏകശിലാ മതമാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി.

ഇസ്ലാം ഒരു ഏകശിലാ മതമാണ് എന്നു ഡോക്ടർ പറയുമ്പോൾ അതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. പുതുതായി ആർക്കു വേണ്ടിയും ഈ മതത്തിന്റെ വാതിലുകൾ തുറക്കില്ലെന്നാണ് ഈ വാചകത്തിന്റെ വിവക്ഷയെങ്കിൽ അത് അത്യധികം ആപൽക്കരവും അബദ്ധജടിലവുമായ പ്രസ്താവനയാണെന്ന് എടുത്തുപറയട്ടെ.രാജാവിന്റെയും പ്രജകളുടെയും വനവാസികളുടെയും നഗരവാസികളുടെയും കറുത്തവന്റെയും വെളുത്തവന്റെയും മുമ്പിൽ മലർക്കെ തുറന്നുകിടക്കുന്നതാണ് ഇസ്ലാമിന്റെ വാതിലുകൾ. അകത്ത് കടക്കുന്നതോടു കൂടി അവിടത്തെ ഇരിപ്പിടങ്ങൾ എല്ലാവർക്കും സമമാണ്. നവ മുസ്ലിമെന്നോ പഴയ മുസ്ലിമെന്നോ തങ്ങളെന്നോ ഹാജി എന്നോ ഖുതുബുൽ അഖ്താബ് എന്നോ ഫൗസുൽ ആലമെന്നോ ഉള്ള വ്യത്യാസം അവിടെയില്ല.

പണം കൊടുത്തും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക് ആളെ കൂട്ടുന്നതിന്റെ ഭാഗമായാണ് വൻതുക ചെലവഴിച്ച് പ്രഗല്ഭരായ അഭിഭാഷകരെ നിയോഗിച്ചത് എന്ന വിലയിരുത്തലുണ്ടായപ്പോൾ ഡോക്ടർ അതിനെ ശക്തിയുക്തം എതിർക്കുകയുണ്ടായില്ല. മറിച്ച്, എതിരാളികൾക്ക് ഉപയോഗിക്കാവുന്ന വടി മിനുസപ്പെടുത്തിക്കൊടുക്കുകയാണ് ഇക്കാര്യത്തിലും അദ്ദേഹം ചെയ്തത്. ഉറച്ച നേതൃത്വവും ഭദ്രമായ പ്രവർത്തന മാർഗരേഖയും മുമ്പിലില്ലെങ്കിലും സാമൂഹികമായ ഒറ്റപ്പെടുത്തലുകൾക്കും പീഡനങ്ങൾക്കും ഇരകളാവുന്നവർക്കു വേണ്ടി ഓടിക്കൂടുക എന്നത് മുസ്ലിം സമുദായത്തിന്റെ എക്കാലത്തെയും പതിവാണ് എന്നറിയാത്ത ആളല്ല ഡോക്ടർ. ഇരകളാക്കപ്പെടുന്നവർക്കു വേണ്ടി പരമാവധി സഹായഹസ്തം നീട്ടുക എന്ന പാരമ്പര്യം ഹാദിയയുടെ കാര്യത്തിലും പ്രാവർത്തികമാക്കപ്പെട്ടു എന്നതിൽക്കവിഞ്ഞ് ഇതിന്റെയൊക്കെ പിന്നിൽ അഫ്ഗാനിസ്താനിലെ കഞ്ചാവുചെടിയുടെ പൂക്കുലകളും അറേബ്യൻ കാരക്കത്തോട്ടത്തിലെ ഉണങ്ങിവീഴുന്ന ഈത്തപ്പഴത്തിന്റെ സകാത്തിന്റെ വിഹിതവുമാണെന്ന കണ്ടെത്തൽ പകലിനെ ഇരുട്ടാക്കലിനു തുല്യമാണ്.

കേരളത്തിൽ നടന്നുവരുന്ന ഏതൊരുതരം ദുരിതാശ്വാസ സംരംഭത്തിലും ജീവകാരുണ്യപ്രവർത്തനത്തിലും മുസ്ലിം സമുദായത്തിന്റെ മേൽക്കൈ പ്രകടമാണ്. പഴയ ഈസ്റ്റിന്ത്യാ കമ്പനി വിലയ്ക്കുവാങ്ങിയ വ്യവസായപ്രമുഖൻ യൂസുഫലിയുടെയും കോവളം കൊട്ടാരം ഒരുഘട്ടത്തിൽ കച്ചവടം ചെയ്ത ഗൾഫാർ മുഹമ്മദലിയുടെയും ഉദാരതയുടെ ഉടൽരൂപമായ കോഴിക്കോട്ടെ പി കെ അഹമ്മദിന്റെയും മറ്റും കരസ്പർശമില്ലാത്ത ഏതു സാന്ത്വനപ്രവർത്തനമാണ് കേരളത്തിൽ അരങ്ങേറിയിട്ടുള്ളത്? എന്നിരിക്കെ, ഒരു പെൺകുട്ടിയെ അവരുടെ ഭർത്താവിൽ നിന്നും വിശ്വാസപരിസരത്തു നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കാൻ നിഗൂഢകക്ഷികൾ നടത്തിയ ശ്രമത്തെ പരാജയപ്പെടുത്താൻ വേണ്ടിയുള്ള നിയമാനുസൃത ശ്രമത്തെ വല്ലവരും പിന്തുണച്ചതിനെയാണോ നിഗൂഢത, ഭീകരത മുതലായ പേടിപ്പിക്കുന്ന പദാവലികൾ ഉപയോഗിച്ച് നിഗൂഢമാക്കുന്നത്? ഹാദിയയെ സിറിയയിലെ യുദ്ധഭൂമിയിലേക്കു കടത്താൻ ശ്രമിച്ചേക്കുമെന്ന് അവരുടെ യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായ അച്ഛൻ അശോകന് ആശങ്കയുണ്ടത്രേ.

ഈ ആശങ്ക പോയിന്റ് ബ്ലാങ്കിലെ ജിമ്മി പരാമർശിക്കുന്നു. കേവലം നാലേനാല് പേരാണ് കേരളത്തിൽ നിന്ന് ഇതിനകം സിറിയൻ യുദ്ധഭൂമിയിലേക്ക് കടന്നത് എന്നിരിക്കെ ഇവിടെ നടക്കുന്ന എല്ലാ മതപരിവർത്തനത്തെയും ഇപ്രകാരം സാമാന്യവൽക്കരിക്കുന്നതിനെ ജിമ്മി ചോദ്യം ചെയ്യുന്നു. ഈവക ചോദ്യങ്ങളാണ് മനുഷ്യാവകാശ പ്രവർത്തകരും ഉന്നയിക്കുന്നത് എന്നു പറഞ്ഞുകൊണ്ട്, പ്രശ്നത്തിലടങ്ങിയ മൗലികാവകാശ ലംഘനത്തെക്കുറിച്ച സംവാദത്തിനുള്ള അവസരം ഡോക്ടർ കളഞ്ഞുകുളിക്കുന്നു. ഏതൊരു മതപരിവർത്തനവും വധൂവരന്മാർക്ക് സിറിയയിലെ ആത്മഹത്യാമുനമ്പിലേക്ക് പലായനം ചെയ്യാനുള്ള ലക്ഷ്യത്തോടു കൂടിയതും വരന് അവിടെ ചെന്ന് രക്തസാക്ഷിയാവാനുള്ള അവസരവുമാണ് ഇവരുടെ ദൃഷ്ടിയിൽ. മറ്റൊരുവിധം പറഞ്ഞാൽ, മതപരിവർത്തിത ജോടികളെ മാത്രമേ ഐഎസ് അവരുടെ മുന്നണിപ്പോരാളികളായി റിക്രൂട്ട് ചെയ്യൂ. പരമ്പരാഗത മുസ്ലിം വധൂവരന്മാർക്ക് ഐഎസ് യുദ്ധവും തുടർന്നുള്ള രക്തസാക്ഷിത്വവും ഹറാം.

സംഘപരിവാരത്തിന്റെ ഇത്തരം മണ്ടത്തരങ്ങൾക്ക് മറുപടി പറയാൻ സർവരേക്കാളും പ്രാപ്തനായ എംഇഎസ് പ്രസിഡന്റ് ഇപ്രകാരം തുടർച്ചയായി സെൽഫ് ഗോളടിച്ചത് എന്തർഥത്തിലാവും? മതനിയമങ്ങളെക്കുറിച്ചു താൻ അജ്ഞനാണെന്ന് സദാ ആവർത്തിച്ചുപറയാറുള്ള ഡോക്ടറുടെ തദ്വിഷയകമായ വിവരക്കേട് ഈ അഭിമുഖത്തിലും നിഴലിക്കുന്നു. ഹാദിയ-ഷഫീൻ ജഹാൻ ദമ്പതികളുടെ വിവാഹബന്ധം അസാധുവാക്കാൻ ഹൈക്കോടതി പറഞ്ഞ ന്യായം ഡോക്ടറും ഏറ്റുപിടിക്കുന്നു. മാതാപിതാക്കളുടെ സാന്നിധ്യമില്ലാത്ത മുസ്ലിം വിവാഹം സാധുവല്ല എന്ന ന്യായം പറഞ്ഞുകൊണ്ടാണല്ലോ ഹൈക്കോടതി ഹാദിയയെ ഭർത്താവിൽ നിന്ന് അകറ്റി പിതാവിന്റെ തടങ്കൽപാളയത്തിലേക്ക് അയച്ചത്. ഈ ന്യായം ശരിയാണെങ്കിൽ മാതാപിതാക്കളില്ലാത്ത യുവതികൾക്ക് വിവാഹമേ പാടില്ലെന്നു വരും. ഇക്കാര്യത്തിൽ ശരീഅത്ത് നിയമം വ്യക്തവും കണിശവുമാണ്. വലിയ്യ് (രക്ഷാധികാരി) ആണ് പെൺകുട്ടിയുടെ വിവാഹക്കാര്യത്തിൽ അവസാനവാക്കെങ്കിലും പെൺകുട്ടിയുടെ സമ്മതത്തോടു കൂടിയല്ലാതെ ഈ അധികാരം ഉപയോഗിക്കാവതല്ല. ഇവിടെയാകട്ടെ, പെൺകുട്ടി മതപരിവർത്തിത ആയതിനാൽ നിയമപരമായി വലിയ്യ് അവരുടെ പിതാവല്ല. ആ അവകാശം പിന്നീട് ബന്ധപ്പെട്ട ഖാസിക്കുള്ളതാണ്. ഇക്കാര്യം ഊന്നിപ്പറയുന്നതിന് ഡോക്ടർ അവസരം ഉപയോഗിച്ചില്ല.

ഹാദിയയെ ഷഫീൻ ജഹാന് വിവാഹം കഴിച്ചുകൊടുത്തത് ശരീഅത്ത് നിയമങ്ങളുടെ വെളിച്ചത്തിൽ മുസ്ലിംലീഗ് പ്രസിഡന്റും സമസ്ത നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം സ്ഥലം ഖാസിയാണ്. എന്നിരിക്കെ, തന്റെ കൂടി നിർദേശാനുസരണം നടത്തിയ ഒരു ശരീഅത്ത് നടപടിയെ കോടതി ദുർബലമാക്കിയപ്പോൾ അതിനെതിരേ ശക്തമായി രംഗത്തുവരാനുള്ള ബാധ്യത ബന്ധപ്പെട്ടവർക്കുണ്ടായിരുന്നു. പക്ഷേ, അവരൊക്കെയും അതിഗംഭീരവും ക്രൂരവുമായ നിസ്സംഗത പാലിച്ചു. ഒരു പ്രത്യേക ഗ്രൂപ്പിനെയോ ഗ്രൂപ്പുകളെയോ മാത്രം പഴിക്കുന്നില്ല.

മുസ്ലിം സമുദായം ഭയാനകമാംവിധം പേടിയുടെ പിടിയിലാണ്. പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല, സമുദായത്തിലെ ഒറ്റയും തെറ്റയുമായ വ്യക്തികൾ പ്രതികരിച്ച് ശബ്ദമുണ്ടാക്കി ആളനക്കമുണ്ടാക്കിയാൽ ഇവിടെ ഇപ്പോഴും ആൾപ്പാർപ്പുണ്ടെന്ന വിവരം മറ്റുള്ളവർ അറിഞ്ഞുപോകുമോ എന്നാണ് ഇവരുടെയൊക്കെ ഭയം. സംഘപരിവാരം ഉയർത്തുന്ന ഉന്മൂലനഭീഷണിയെക്കുറിച്ച് ഉയർന്ന തലത്തിൽ യാതൊരു ചർച്ചയും നടക്കുന്നില്ല. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള ഇതരസമുദായക്കാരായ നേതാക്കളെ മുമ്പിൽ നടത്തിക്കൊണ്ട് ജനാധിപത്യരീതിയിലുള്ള പോരാട്ടത്തെക്കുറിച്ച് ഇനിയും ഗൗരവതരമായി ചിന്തിക്കുന്നില്ലെങ്കിൽ സമുദായത്തിന്റെ അവസാന ബസ്സും നഷ്ടപ്പെടുമെന്ന് തീർച്ച. ഇത്തരമൊരു യാത്രാവാഹനത്തിലെ കണ്ടക്ടറും കിളിയും വിസിലൂത്തുകാരും ആവേണ്ടവർ എതിരാളികളുടെ കുഴലൂത്തുകാരായി മാറിയാൽ കഷ്ടം എന്നല്ലാതെ എന്തു പറയേണ്ടൂ!

കടപ്പാട്: തേജസ്‌